ട്രംപിനെതിരേ ലൈംഗികപീഡന ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് വധഭീഷണി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തകക്ക് വധഭീഷണി. 1990കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ജീന്‍ കരോളിനെതിരേ ഓണ്‍ലൈന്‍ വഴിയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഭീഷണികള്‍ മൂലം തന്റെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ നോക്കുന്നത് നിര്‍ത്താന്‍ നിര്‍ബന്ധിതയായെന്നും ജീവിതത്തില്‍ ആദ്യമായി കൈത്തോക്കില്‍ തിര നിറച്ച് ഉറങ്ങേണ്ട സ്ഥിതിയുണ്ടായെന്നും അവര്‍ ദ ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭീഷണി സന്ദേശങ്ങള്‍ക്കിടയിലും ഒരുപാട് സ്ത്രീകളാണ് അവര്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചും വിവരങ്ങള്‍ അന്വേഷിച്ചും തന്നെ ബന്ധപ്പെടുന്നതെന്നും അതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും കരോള്‍ പറയുന്നു.
ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന 1995നും 1996നും ഇടയിലാണ് ലൈംഗിക അതിക്രമം നടന്നതെന്നാണ് കരോള്‍ വെളിപ്പെടുത്തിയത്. അന്ന് 52 വയസുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമില്‍വച്ച് അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയും ചെയ്തെന്ന് കരോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ട്രംപ് ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."