കുമ്പള ബസ് സ്റ്റാന്‍ഡ് കുപ്പത്തൊട്ടി: രോഗഭീതിയില്‍ നാട്ടുകാര്‍
കുമ്പള: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ തുടങ്ങിയിട്ടും മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടപ്പിലാവാതെ കുമ്പള പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡ്. കാലപ്പഴക്കം കാരണം പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനു പുറമേ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാവുകയാണ് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ മാലിന്യകൂമ്പാരം.
കുമ്പള പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും പച്ചക്കറി മാലിന്യങ്ങളും ഉള്‍പ്പെടെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. ഇതില്‍ നിന്നുമുള്ള ദുര്‍ഗന്ധം അസഹനീയമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൊതുകുകള്‍ ഉള്‍പ്പെടെ മാരക രോഗം പരത്തുന്ന കീടങ്ങളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമാവുകയാണ് ഇവിടെ. ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ എത്തുന്ന കുമ്പള സ്റ്റാന്‍ഡിലും പരിസരത്തും മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളുന്നതു പതിവായിട്ടും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയും സ്വീകരിക്കാത്തതും നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഇവിടത്തെ മാലിന്യം നീക്കം ചെയ്യനാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ പ്രദേശത്ത് പകര്‍ച്ചവ്യാധി പകരാന്‍ കാരണമാവും.
അതിനാല്‍ രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്ന ഈ മാലിന്യകേന്ദ്രം ശുചീകരണം നടത്തി പ്രദേശത്തെ പകര്‍ച്ച വ്യാധികളുടെ ഭീഷണിയില്‍ നിന്ന് രക്ഷിക്കണമെന്ന് വ്യാപാരികളും യാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."