എങ്കക്കാട് വില്ലേജ് ഓഫിസ്; സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനവും നഗരസഭയുമായ വടക്കാഞ്ചേരി പരുത്തിപ്ര, ഓട്ടുപാറ, അകമല, മാരാത്ത്കുന്ന്, എങ്കക്കാട്, നിവാസികള്‍ക്ക് റവന്യൂ സംബന്ധമായ കാര്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് തെക്കുംകര പഞ്ചായത്തിലെ കരുമത്രയിലെത്തേണ്ട ഗതികേടിന് പതിറ്റാണ്ടുകളുടെ പഴക്കം. എങ്കക്കാട് വില്ലേജ് ഓഫിസ് എന്ന സ്വപ്നത്തിനുമുണ്ട് അത്രയും വയസ്. ഗവണ്‍മെന്റ് കാര്യങ്ങളെല്ലാം മുറപോലെയായതോടെ ദുരിതം മാത്രമാണ് ജനത്തിന് കൂട്ട്. കരുമത്ര പാറപുറത്താണ് എങ്കക്കാട് കരുമത്ര വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം.
ഇടുങ്ങിയ കെട്ടിടം ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനാകാതെ പരിമിതമായ ജീവനക്കാരും കൊടിയ പ്രയാസത്തിലാണ്. നിരന്തരം ഉയരുന്ന ജനകീയ ആവശ്യത്തിന് പരിഹാരം കാണാന്‍ വടക്കാഞ്ചേരി മുന്‍ പഞ്ചായത്ത് ഭരണസമിതി നടപടി കൈകൊണ്ടതാണ്. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫിസ് നിര്‍മാണത്തിന് ആവശ്യമായ 10 സെന്റ് ഭൂമി 2014ല്‍ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തു.
പഞ്ചായത്തിന്റെ എങ്കക്കാട് പൊതുശ്മശാനത്തോട് ചേര്‍ന്ന ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തി കൈമാറിയത്. ഇതിന് പിന്നാലെ കെട്ടിട നിര്‍മാണത്തിന് ഫണ്ട് അഭ്യര്‍ഥിച്ചും, ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്ത് പ്രമേയം പാസാക്കി സര്‍ക്കാരിന് അയക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വടക്കാഞ്ചേരി പഞ്ചായത്ത് നഗരസഭയായി മാറുകയും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണനഷ്ടം സംഭവിക്കുകയും ചെയ്തത്. ഇതോടെ പദ്ധതിയും ജനകീയ സ്വപ്നവും വീണ്ടും ഫ്രീസറിലായി. സ്വപ്ന ഫയലിപ്പോള്‍ സെക്രട്ടേറിയറ്റിലെ ചുവപ്പ് നാടയില്‍ പെട്ട് കിടപ്പാണ്.
പ്രശ്‌ന പരിഹാരത്തിന് നഗരസഭ അധികൃതര്‍ ഒരു നടപടിയും കൈകൊള്ളുന്നില്ലെന്ന ആരോപണവും ശക്തമാണ്. ആയിരങ്ങള്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പഞ്ചായത്ത് മെംബറും, ഇപ്പോഴത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ അഡ്വ. സി. വിജയന്‍ റവന്യൂ മന്ത്രിയ്ക്ക് നിവേദനം നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."