ഭയം വേട്ടക്കിറങ്ങിയ നാട്ടില്‍ അഭയം മരീചിക
മരുഭൂമി മുറിച്ചു കടന്നു പോകുന്ന പാതകളിലൂടെ കടുത്ത വെയിലത്തു കാറോടിച്ചു പോകുമ്പോള്‍ മരീചികകള്‍ കാണാം. മരീചികകളെ പറ്റി പറഞ്ഞു കേട്ടതു പോലെത്തന്നെ അവ വെള്ളം പോലെ തിളങ്ങുകയും ഇളകുകയും ചെയ്യും. അരികെയെത്തുമ്പോഴാണു നമുക്കു മനസിലാകുക അതു വെറും കബളിപ്പിക്കല്‍ മാത്രമായിരുന്നു. യാഥാര്‍ഥ്യം കൊടിയ വെയിലു തന്നെയാണെന്ന്. ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോഴും മരുഭൂ പാതകളും കബളിപ്പിക്കുന്ന മരീചികകളുമാണ് മനസിലേക്കെത്തുന്നത്. രക്ഷയുടെ മരുപ്പച്ചയും ഭയത്തില്‍ നിന്നുള്ള അഭയവും അടുത്തു കണ്ട നമ്മുടെ അകക്കണ്ണുകള്‍ നമ്മെ കബളിപ്പിക്കുകയായിരുന്നു എന്ന ചിന്ത വല്ലാതെ അലട്ടുന്നു.
രാജ്യത്ത് ഭയം വേട്ടക്കിറങ്ങിയതോടെ അഭയമെന്നത് ഒരു മരീചിക പോലെയായി മാറിയിരിക്കുന്നു. ഇന്ത്യ അതിന്റെ ബഹുസ്വരതയിലേക്കും മതേതര, ജനാധിപത്യ ബോധത്തിലേക്കും ചുവടു മാറ്റി സ്വയം സാക്ഷ്യപ്പെടുത്തും എന്നു നാം പ്രതീക്ഷിച്ച അവസാനത്തെ സന്ദര്‍ഭവും പിന്നിട്ടിരിക്കുകയാണോ..? രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ പദവിയില്‍നിന്ന് രാജി സമര്‍പ്പിച്ചു രാഹുല്‍ ഗാന്ധി കുറിച്ച വാക്കുകള്‍ വായിക്കുമ്പോള്‍ ഭയം വേട്ടക്കിറങ്ങിയ നാട്ടില്‍ അഭയം ഒരു മരീചിക മാത്രമാണെന്ന തോന്നല്‍ ശക്തമാകുന്നു.
രാഹുല്‍ ഗാന്ധി എഴുതി: നമ്മുടെ ജനാധിപത്യം അടിസ്ഥാനപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇനിമുതല്‍ ഇന്ത്യയുടെ ഭാവിയെ നിര്‍ണയിക്കുന്ന ജനവിധി എന്ന തലത്തില്‍നിന്ന് താഴ്ന്ന് കേവലം ഒരു ചടങ്ങും ആചാരവുമായി മാറുന്ന ഏറ്റവും വലിയ അപകടത്തിലേക്കാണു ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ പോക്ക്. ഈ അധികാരം പിടിച്ചെടുക്കല്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം നമ്മുടെ നാടിനെ ആക്രമണങ്ങള്‍ക്കും നൊമ്പരങ്ങള്‍ക്കും ഇരയാക്കും. കൃഷിക്കാര്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, സ്ത്രീകള്‍, ഗോത്രവര്‍ഗക്കാര്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും രാജ്യത്തിന്റെ പെരുമയുടെയും മീതെ ഏല്‍പിക്കപ്പെടുന്ന പരുക്കുകള്‍ കൂടുതല്‍ തീവ്രമായിരിക്കും. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ഏറ്റവും വേദന നിറഞ്ഞ വാക്കുകളാണിതെന്നതിനു ഇന്നത്തെ ഇന്ത്യ തന്നെ സാക്ഷിയാണ്.
ഇപ്പോഴത്തെ ഇന്ത്യന്‍ പരിതസ്ഥിതികളില്‍ മനം നൊന്തു കഴിയുന്നവര്‍ രാജ്യത്തേറെയുണ്ട്. പക്ഷേ, കേന്ദ്രഭരണം തുടങ്ങിയതോടെ മൗനമാണ് രാജ്യത്തെ പ്രധാന ഭാഷ എന്ന അവസ്ഥയാണുള്ളത്. മിണ്ടാനിടയുള്ളവരെ നിശബ്ദരാക്കാന്‍ ആവശ്യമായ പദ്ധതികളും രാജ്യത്താകെ പ്രാവര്‍ത്തികമാക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയ ശ്വേതാ ഭട്ടിന്റെ സംസാരം ശ്രവിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി.
നാവു പൊക്കുന്നവര്‍ക്കു മുഴുവന്‍ മുന്നറിയിപ്പായാണ് അവരുടെ ഭര്‍ത്താവും മുന്‍ ഐ.പി.എസ് ഓഫിസറുമായ സഞ്ജീവ് ഭട്ടിനെ ഇരുമ്പറക്കുള്ളിലടച്ചത്. സഞ്ജീവ് ഭട്ടിന്റെ കേസുകെട്ടും അദ്ദേഹം ഇന്നനുഭവിക്കുന്ന കാരാഗൃഹ വാസവും എങ്ങനെ രാജ്യത്തു വ്യാപിക്കുന്ന ഭയവും മൗനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ പുതിയ ഭരണ വര്‍ഗത്തിന്റെ ഇരകള്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോ ദലിതരോ മാത്രം അല്ലെന്നും ജനാധിപത്യ ബോധവും വിശാല മാനവിക മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഏതു മതേതര വാദിയും നീതിമാനും രാജ്യത്തു ലഭിക്കാന്‍ പോകുന്ന ശിക്ഷ ഇതായിരിക്കുമെന്നും കൃത്യമായി സന്ദേശം നല്‍കുന്നതാണ് സഞ്ജീവ് ഭട്ടിന്റെ ദുര്യോഗം.
1998ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്ന കേസ് വേറൊന്നാണ്. 1990 നവംബറില്‍ ഭാരത് ബന്ദ് ദിവസമുണ്ടായ കലാപത്തില്‍ കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മരിച്ച സംഭവത്തിലാണ് ഭട്ടിനെ കുറ്റക്കാരനാക്കിയിരിക്കുന്നത്. ഒരാഴ്ചയിലേറെ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതി പുറത്തിറങ്ങി പത്തു ദിവസത്തിനു ശേഷം ആശുപത്രിയില്‍വച്ചാണ് മരിച്ചത്.
വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. 1995ല്‍ മജിസ്‌ട്രേറ്റ് കോടതി ഈ കേസില്‍ വിചാരണ ആരംഭിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ മൂലം 2011ലാണ് വിചാരണ പുനരാരംഭിച്ചത്. ഇങ്ങനെ കെട്ടിച്ചമച്ച കേസുകള്‍ കൊണ്ട് ഒരു മുന്‍ പൊലിസ് മേധാവിയെ വേട്ടയാടാന്‍ മാത്രം എന്താണദ്ദേഹം ചെയ്ത പാതകം. ഒറ്റക്കാരണമേ അതിനുള്ളൂ, അദ്ദേഹം സത്യവും നീതിയും പാലിക്കുകയും അതു തുറന്നു പറയാന്‍ എപ്പോഴും തന്റേടം കാണിക്കുകയും ചെയ്തു.
ഗുജറാത്തിലെ കലാപഹേതുവായ ഗോധ്ര സ്റ്റേഷനിലുണ്ടായ ട്രെയിന്‍ തീവയ്പ് സംഭവത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തയാളാണ് ഭട്ട്. അന്നു മോദി പറഞ്ഞ കാര്യങ്ങള്‍ സഞ്ജീവ് ഭട്ടെന്ന നീതിമാനു സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. പൊലിസ് ഉദ്യോഗസ്ഥരോട് ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാനുള്ള അവസരം തടയരുതെന്ന് മോദി നിര്‍ദേശിച്ച കാര്യം സത്യവാങ്മൂലത്തിലൂടെ സഞ്ജീവ് ഭട്ട് പിന്നീട് സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതോടെ അദ്ദേഹം മോദിയുടെയും ബി.ജെ.പിയുടെയും ശത്രുവായി.
സഞ്ജീവ് ഭട്ട് മോദിക്കെതിരേ നിരന്തരം സംസാരിക്കുന്ന ഒറ്റയാള്‍ പോരാട്ടം ആരംഭിക്കുന്നതും സോഷ്യല്‍ മീഡിയ വഴി തനിക്കു പറയാനുള്ളത് രേഖപ്പെടുത്തുന്നതുമാണ് പിന്നീട് നാം കാണുന്നത്. അധികാരവും അധീശത്തവുമുള്ള രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവിന്റെ തനിനിറം തുറന്നു കാട്ടുന്ന കാര്യത്തില്‍ സ്വയം ഒരു പ്രതിപക്ഷമായി നിലയുറപ്പിക്കുകയും ഒട്ടേറെ യുവസുഹൃത്തുക്കളെ നവസമൂഹ മാധ്യമങ്ങളിലൂടെ കൂടെക്കൂട്ടുകയും ചെയ്തു അദ്ദേഹം. അതിനെല്ലാം പുറമേ, 2002ല്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ മോദി മുസ്‌ലിംങ്ങള്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്നു ആക്ഷേപമുയരുകയും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഗുജറാത്ത് സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നും രേഖകളില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി.
എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ പ്രസ്തുത പ്രസംഗത്തിന്റെ ശബ്ദരേഖ കമ്മിഷന് നല്‍കി. ഇതിന് ശേഷമാണ് സഞ്ജീവ് ഭട്ടും മലയാളിയായ ഗുജറാത്തിലെ മുന്‍ പൊലിസ് മേധാവി ആര്‍.ബി ശ്രീകുമാറും സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്ന് സ്ഥലം മാറ്റപ്പെട്ടത്. ശ്രീകുമാര്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചു കൊണ്ടു തന്റെ സത്യങ്ങള്‍ ലോകത്തെ ധരിപ്പിക്കാന്‍ ശ്രമിച്ചു. സഞ്ജീവ് ഭട്ടാവട്ടെ സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയനായ വിമര്‍ശകനായും നിലയുറപ്പിച്ചു.
ഗുജറാത്ത് മോഡല്‍ വികസനം ഒരു കെട്ടുകഥയാണെന്നു സ്ഥാപിക്കുന്നതില്‍ അദ്ദേഹം ഒരുപരിധിവരെ വിജയിച്ചു. സ്ഥലം മാറ്റങ്ങളിലൂടെ ഭട്ട് വഴങ്ങുമോയെന്നുള്ള പരീക്ഷണം അധികാരങ്ങളിലുള്ളവര്‍ നടത്തി. 2007ല്‍ അദ്ദേഹത്തിന്റെ ബാച്ചിലുണ്ടായിരുന്നവര്‍ക്കെല്ലാം ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ ഭട്ടിന് എസ്.പിയായി തുടരേണ്ടി വന്നു.
നിരന്തരം അവഗണനക്കും വേട്ടയാടലുകള്‍ക്കും വിധേയനാക്കി സര്‍ക്കാരിനു വഴങ്ങുന്ന ഓഫിസറാക്കി മാറ്റിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഉശിരുള്ള സഞ്ജീവ് ഭട്ട് ഒരിക്കലും വഴങ്ങിയില്ല. 2015ല്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ് പിരിച്ചുവിട്ടത്. എന്നാല്‍ ജോലിക്ക് ഹാജരായില്ലെന്ന് പറയുന്ന ദിവസങ്ങളില്‍ ഗുജറാത്ത് കലാപത്തിന്റെ ബാക്കിപത്രമായ സാകിയ ജാഫ്രി കേസിലും നാനാവതി കമ്മിഷനു മുന്‍പാകെയും മൊഴി നല്‍കാന്‍ പോയതാണെന്ന് സോഷ്യല്‍ മീഡിയ വഴി ഭട്ട് വ്യക്തമാക്കി. തിരിച്ചടികള്‍ വകവയ്ക്കാതെ സഞ്ജീവ് ഭട്ട് മോദിക്കും ബി.ജെ.പിക്കുമെതിരേ നിലകൊണ്ട കാരണം തന്നെയാണ് നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ ജയിലഴിക്കുള്ളിലാക്കിയത്.
ആദ്യം സര്‍വിസില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ അറിയാത്ത ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അന്വേഷണത്തിനൊടുവില്‍ പുറത്താക്കപ്പെടുന്ന ആദ്യത്തെ ഐ.പി.എസ് ഓഫിസര്‍ താനായിരിക്കുമെന്നാണ് ഭട്ട് പ്രതികരിച്ചത്.
ഇപ്പോള്‍ സഞ്ജീവ് ഭട്ടിന്റെ പ്രതികരണം പോലും അറിയാനാവാത്ത വിധം അദ്ദേഹത്തെ നിശബ്ദനാക്കിയിരിക്കുന്നു. ഈ നിശബ്ദതയുടെ വേളയില്‍ മൗനം വെടിയാനും സഞ്ജീവ് ഭട്ടിനു ഉറച്ച പിന്തുണ പ്രഖ്യാപിക്കാനും കേരളം തയാറായെന്നതാണു നമ്മുടെ അഭിമാനം. ഭര്‍ത്താവ് നയിക്കുന്ന ധര്‍മയുദ്ധത്തില്‍ എപ്പോഴും പിന്തുണ നല്‍കിയ സഹധര്‍മിണി ശ്വേതാ ഭട്ടിനും, അദ്ദേഹത്തെ സര്‍ക്കാര്‍ പുറത്താക്കിയ ദിവസം 'പപ്പാ, താങ്കളുടെ മകനായതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്നു മെയിലയച്ച മകന്‍ ശന്തനു ഭട്ടിനും കോഴിക്കോടുവച്ചു യൂത്ത് ലീഗ് നല്‍കിയ പിന്തുണ ചെറുതല്ല.
ഗുജറാത്ത് വംശഹത്യാവേളയില്‍ അഭയം തേടി വന്ന നൂറുകണക്കിന് മുസ്‌ലിംകള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ ചുട്ടെരിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയ്യിദ് ഇഹ്‌സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്‌റീന്‍ ജാഫ്രി ഹുസൈന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതക്ക് എഴുതിയ കുറിപ്പിലെ വരികള്‍ കൂടി ചേര്‍ത്തു വായിച്ചാല്‍ ഭയം പടരുകയും അഭയം ഇല്ലാതാവുകയും ചെയ്യുന്ന നമ്മുടെ നാടിന്റെ വേദന ആര്‍ക്കും ഹൃദയത്തില്‍ തറക്കും.
അവരെഴുതി: മറ്റേതൊരു കാലത്തും രാജ്യത്തും ആയിരുന്നെങ്കില്‍, ഐ.പി.എസ് ഓഫിസര്‍മാര്‍ മാത്രമല്ല, ഗുജറാത്തിലെ ഉദ്യോഗസ്ഥര്‍ മാത്രവുമല്ല, ഇന്ത്യാരാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരരംഗത്തിറങ്ങി സഞ്ജീവ് ഭട്ടിനെതിരേയുള്ള ഈ പീഡനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടേനെ. ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഇന്ത്യയിലാണ് സുഹൃത്തേ. ഇവിടെ നമ്മളില്‍ വിദ്വേഷം ഊട്ടിയാണ് വളര്‍ത്തുന്നത്. അവ നമ്മെ വിഭജിക്കുക എന്ന ധര്‍മം കൃത്യമായി നിര്‍വഹിച്ചുകൊള്ളും. നമ്മെ കാത്തിരിക്കുന്ന ഏതെങ്കിലുമൊരു ദുരന്തം അനിവാര്യമാണ് എന്നാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കുന്നത് അതൊരു പ്രകൃതി ദുരന്തമായിരിക്കട്ടെ; മതപരമോ രാഷ്ട്രീയപരമോ ആയ വിദ്വേഷസൃഷ്ടിയായ ഒരു ദുരന്തം ആകാതിരിക്കട്ടെ എന്നാണ്. അത്തരത്തിലുള്ള വിദ്വേഷത്തിന്റെ ഇരകള്‍ക്കു മാത്രമേ ഈ പാത എത്രമേല്‍ വിജനമെന്നറിയൂ. അഥവാ വിജനമായ ഒരു പെരുവഴിയോരത്ത് ഒരു മൗനജാഥ പോലുമില്ലാതെ നമ്മുടെ രാജ്യം നമ്മുടേതല്ലാതായിത്തീരുകയാണെന്ന ഭീതിയിലാണെല്ലാവരും. അതുകൊണ്ടാണ് ആരും ഒന്നും മിണ്ടാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."