സൗഹൃദത്തിലെ കാപട്യം തിരിച്ചറിയാനായില്ല ഷാഹിദയെത്തിയത് കൊലയാളിയുടെ കൈകളില്‍
കുന്ദമംഗലം: കളരിക്കണ്ടി പുറായില്‍ സൂപ്പിക്കുട്ടിയുടെ മകള്‍ ആലുംതോട്ടത്തില്‍ ഷാഹിദ (37) ആദ്യ ഭര്‍ത്താവിനെ ഒഴിവാക്കി എത്തിപ്പെട്ടത് സൗഹൃദം നടിച്ചെത്തിയ കൊലയാളിയുടെ കൈകളില്‍. നേരത്തെയുണ്ടായിരുന്ന ഭര്‍ത്താവുമായി അഞ്ചുവര്‍ഷം മുന്‍പ് ബന്ധം വേര്‍പ്പെടുത്തിയ ഷാഹിദ തനിച്ചു താമസിക്കുന്നതിനിടെയാണ് ബഷീറിനെ പരിചയപ്പെടുന്നത്. ആദ്യ ഭര്‍ത്താവില്‍ അവര്‍ക്ക് രണ്ടു മക്കളുണ്ട്. പിതാവും മറ്റ് കുടുംബാംഗങ്ങളും മറ്റുപല വിവാഹാന്വേഷണവുമായി സമീപിച്ചെങ്കിലും ഷാഹിദ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. അതിനിടെ അരയ്ക്കുതാഴെ ചലനശേഷിയില്ലാത്ത ബഷീറുമായി സൗഹൃദത്തിലായി.
ബഷീറിനെ തനിക്കു വിവാഹം കഴിപ്പിച്ചുതരാന്‍ അവര്‍ പിതാവിനോടും മഹല്ല് കമ്മിറ്റിയോടും ആവശ്യപ്പെട്ടു. എന്നാല്‍ ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ മഹല്ല് കമ്മിറ്റിയും പിതാവും അതിനു തയാറായില്ല. തുടര്‍ന്ന് മൂന്നുവര്‍ഷം മുന്‍പ് ബഷീറുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുവതി തനിച്ചു താമസിക്കുന്ന കളരിക്കണ്ടിയില്‍ ഒറ്റമുറി വീട്ടില്‍ ഇയാള്‍ വരുന്നതിനേക്കുറിച്ച് നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ചോലക്കല്‍താഴത്ത് വാടക വീട്ടിലേക്ക് ഇവര്‍ നാലുമാസം മുന്‍പ് താമസം മാറ്റി. ഈ ബന്ധത്തിലുള്ളതാണ് ഒന്നരവയസുള്ള മകള്‍ ഖദീജത്തുല്‍ മിസ്‌രിയ്യ. ഭാര്യയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അപൂര്‍വമായി മാത്രം ഇവിടെ വരാറുള്ള ബഷീറിനെക്കുറിച്ച് നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും കാര്യമായ അറിവില്ല. ഒന്‍പതു സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനുള്ള പലശ്രമവും നടത്തിയിരുന്നു.
ഇയാളെ പരിചയമുള്ള കോഴിക്കോട് നഗരത്തിലെ തെരുവു കച്ചവടക്കാരനില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കല്ലടിക്കോട്ട് വച്ചാണ് പ്രതിയെ പൊലിസ് വലയിലാക്കിയത്. മുട്ടില്‍ ഇഴഞ്ഞുമാത്രം നടക്കുന്ന ഇയാള്‍ കാര്‍ ഓടിക്കാന്‍ വരെ സമര്‍ഥനാണ്. ഇന്നലെ വൈകിട്ട് 6.30ഓടെ ചേവായൂര്‍ സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇയാളെ കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതിയുടെ പെരുമാറ്റം. തുടര്‍ന്ന് പ്രതിയെ കോടതി അഞ്ചു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ മൊഴിയനുസരിച്ച് കോഴിക്കോട് കനോലി കനാലില്‍ നിന്ന് കണ്ടെത്തിയ മകള്‍ ഖദീജത്തുല്‍ മിസ്‌രിയ്യയുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കളരിക്കണ്ടി ഖബര്‍സ്ഥാനില്‍ മാതാവിന്റെ ഖബറിന് സമീപം മറവു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."