കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
18ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ 16,17 തിയതികളിലും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും മലപ്പുറത്ത് നാളെ മുതല്‍ വ്യാഴാഴ്ച വരെയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കി.മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അത്യന്തം പ്രക്ഷുബ്ധമോ ആയിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്ക് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."