കൈക്കൂലി: തേഞ്ഞിപ്പലം സ്റ്റേഷനിലെ പൊലിസുകാരന് പിടിയില്‍
തിരൂരങ്ങാടി: കൈക്കൂലി വാങ്ങിയ സിവില്‍ പൊലിസ് ഓഫിസറെ വിജിലന്‍സ് നാടകീയമായി പിടികൂടി. തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെ സി.പി.ഒ എം.ബൈജുവിനെയാണ് കോഴിക്കോട് ഉത്തരമേഖലാ വിജിലന്‍സ് ഡി.വൈ.എസ്.പി അശ്വകുമാറും സംഘവും ഇന്നലെ തിരൂരങ്ങാടി സി.ഐ ഓഫിസില്‍ അറസ്റ്റുചെയ്തത്. കോഴിക്കോട് ഫറോക്ക് കോളജ് സ്വദേശിയായ യുവാവില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 3,000 രൂപ അടക്കമാണ് ഇയാള്‍ പിടിയിലായത്.
യുവാവിന്റെ ഭാര്യയെ വഞ്ചനാകേസില്നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് ബൈജു പണം വാങ്ങിയത്.
നേരത്തെ ഇതിന്റെ പേരില്‍ രണ്ടായിരം രൂപ വാങ്ങിയതായും വിജിലന്‍സ് സംഘം പറഞ്ഞു. കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ യുവാവ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തിരൂരങ്ങാടി സര്‍ക്കിളിന്റെ കീഴിലാണ് തേഞ്ഞിപ്പലം പൊലിസ്സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. പലപ്പോഴും ചില ഡ്യൂട്ടികള്‍ക്കായി ബൈജു തിരൂരങ്ങാടി സി.ഐ ഓഫിസില്‍ വരാറുണ്ട്.
ഇന്നലെ കാലത്ത് പത്തുമണിക്ക് സി.ഐ ഓഫിസിലേക്ക് വരികയായിരുന്ന ബൈജു ഇതിനടുത്ത് വച്ച് യുവാവില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു. വിജിലന്‍സ് നല്കിയ നോട്ടുകളായിരുന്നു ഇവ. ഇതേസമയം വിജിലന്‍സ് സംഘം പരിസരം വളഞ്ഞിരുന്നു. പണം വാങ്ങിയ ഉടനെ പന്തികേട് തോന്നിയ ബൈജു സി.ഐ ഓഫിസിലേക്ക് ഓടുകയായിരുന്നു. ഇവിടെ വച്ചാണ് വിജിലന്‍സ് പണവുമായി ബൈജുവിനെ പിടികൂടിയത്. ബൈജുവിനെതിരേ നേരത്തെ കൈക്കൂലി ആരോപണമുള്ളതായി വിജിലന്‍സ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രമോഹന്, ബിജുരാജ്, പ്രവീണ്‍ എന്നിവരടങ്ങിയ ഇരുപതംഗ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."