അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരേ കോടതി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ സംശയംപ്രകടിപ്പിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി.
കണക്കുകളില്‍ വ്യക്തത പോരെന്നും സാധാരണക്കാരന് മനസിലാകുന്ന കണക്കുപോലും വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാകാത്തത് എന്തുകൊണ്ടെന്നും വിജിലന്‍സ് പ്രത്യേക ജഡ്ജി എ.ബദറുദ്ദീന്‍ ചോദിച്ചു. സ്വത്തുക്കളുടെ കണക്കിലും വ്യക്തതക്കുറവുണ്ടെന്ന് കോടതി പറഞ്ഞു.
എബ്രഹാമിനെതിരേ തെളിവില്ലാത്തതിനാലാണ് ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു.
എബ്രഹാമിന്റെ വരവുചെലവ് കണക്കുകള്‍ യോജിക്കുന്നില്ലെന്ന് പരാതിക്കാരനായ ജോമോന്‍ പുത്തംപുരയ്ക്കലിന്റെ അഭിഭാഷകനും വാദിച്ചു. തിരുവനന്തപുരത്തും മുംബൈയിലും എബ്രഹാമിന് വസതികളുണ്ടെന്നും വരുമാനവും ചെലവും പൊരുത്തപ്പെടുന്നില്ലെന്നുമായിരുന്നു പരാതി.
എബ്രഹാമിന്റെ തിരുവനന്തപുരത്തെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ക്ലീന്‍ചിറ്റ് തള്ളണമെന്ന പരാതിക്കാരന്റെ ഹരജിയില്‍ കോടതി ഈ മാസം 29ന് വിധിപറയും.
ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടറായിരുന്നപ്പോള്‍ കെ.എം എബ്രഹാമിന്റെ വീട്ടില്‍ പരിശോധന നടത്തിയതിനെതിരേ ഐ.എ.എസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സെര്‍ച്ച് വാറണ്ടില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയും നടത്തിയ റെയ്ഡ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും വിജിലന്‍സ് എസ്.പിക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."