പുതിയ പരിശീലകരെ തേടി ബി.സി.സി.ഐ
ന്യൂഡല്‍ഹി: ലോകകപ്പിലെ പുറത്താകലിന് ശേഷം പുതിയ പരിശീലകരെ തേടി ബി.സി.സി.ഐ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം രവിശാസ്ത്രിയുടെയും ടീമിന്റെയും കാലാവധി തീരുകയാണ്.
ഇതിനെ തുടര്‍ന്നാണ് പുതിയ പരിശീലകരെ ബി.സി.സി.ഐ തേടുന്നത്. രവിശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി ലോകകപ്പ് വരെ ആയിരുന്നെങ്കിലും വിന്‍ഡീസ് പര്യടനംവരെ ഇപ്പോള്‍ നീട്ടി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് മുന്നോടിയായി പരിശീലകനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ.
മുഖ്യ പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ബൗളിങ് പരിശീലകന്‍, ഫീല്‍ഡിങ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ്, മാനേജര്‍ എന്നീ തസ്തികകളില്‍ പുതിയ ആളുകളെ കണ്ടെത്തും. കഴിഞ്ഞ ദിവസം പരിശീലക തസ്തികകളിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നിലവിലെ പരിശീലകര്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ട@തില്ല. രവി ശാസ്ത്രി, സഞ്ജയ് ബംഗാര്‍, ആര്‍. ശ്രീധര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 'ഓട്ടോമാറ്റിക് എന്‍ട്രി' ലഭിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ജൂലൈ 30 വൈകിട്ട് അഞ്ചു വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. നിയമന കാര്യങ്ങളില്‍ ബി.സി.സി.ഐയുടെ തീരുമാനം അന്തിമമാണെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. 60 വയസിന് താഴെ ഉള്ളവരായിരിക്കണമെന്നും രണ്ട് വര്‍ഷമെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരായിരിക്കണമെന്നും ബി.സി.സി.ഐയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് രവി ശാസ്ത്രി. ഭരത് അരുണ്‍ ബൗളിങ് പരിശീലകനായും സഞ്ജയ് ബംഗാര്‍ ബാറ്റിങ് പരിശീലകനായും ടീമിനൊപ്പം തുടരുന്നു. ആര്‍. ശ്രീധറാണ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന്‍. ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ പരിശീലകരുടെ നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. മധ്യനിരയില്‍ യോജിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു പോലോത്ത മികച്ച താരങ്ങളുണ്ടായിരുന്നിട്ടും ഒരു ഫോമും ഇല്ലാത്തവരേയായിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരേ പല ഭാഗത്തുനിന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു. അര്‍ഹതയുള്ളവര്‍ക്ക് അവസരം നല്‍കാതെ സ്വന്തക്കാരെ ടീമിലുള്‍പ്പെടുത്തുന്നതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."