കൊവിഡ് വാക്‌സിൻ; സഊദിയിൽ രജിസ്ട്രേഷൻ മണിക്കൂറുകൾക്കകം ലക്ഷം കവിഞ്ഞു
റിയാദ്: സഊദിയിൽ കൊവിഡ് വാക്‌സിൻ വിതരണത്തിനായുള്ള രജിസ്‌ട്രേഷൻ മണിക്കൂറുകൾക്കകം ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിനു പിന്നാലെ ആദ്യ ഘട്ടത്തിൽ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന "സ്വിഹതീ" ആപ്ലിക്കേഷൻ നിശ്ചലമാകുകയും ചെയ്‌തിരുന്നു. ഏതാനും സമയങ്ങൾക്ക് ശേഷമാണു ആപ്ലിക്കേഷൻ വീണ്ടും പ്രവർത്തനക്ഷമമായത്. രാത്രിയോടെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 100,546 ആളുകളാണ് കൊവിഡ് വാക്‌സിനായി രജിസ്‌ട്രേഷൻ നടത്തിയത്.
രജിസ്‌ട്രേഷനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ "സിഹതീ" മൊബൈൽ ആപ്ലിക്കേഷൻ ആണ് ഉപയോഗിക്കേണ്ടത്. ഉടൻ തന്നെ "തവക്കൽന" മൊബൈൽ ആപ്ലിക്കേഷനിലും ഇത് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. "സ്വിഹതീ" ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എക്കൗണ്ട് രജിസ്റ്റർ ചെയ്യണം. ശേഷം കൊവിഡ് വാക്‌സിൻ എന്ന ഐക്കൺ തെരഞ്ഞെടുത്ത് അപേക്ഷ പൂരിപ്പിച്ച് അയക്കണം. അപേക്ഷകന്റെ ആരോഗ്യവിവരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് അപേക്ഷയിൽ നൽകേണ്ടത്.
അതേസമയം, കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ നടത്താൻ എല്ലാ വിദേശികളോടും സ്വദേശികളോടും ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽറബീഅ ആവശ്യപ്പെട്ടു. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും വാക്‌സിൻ പൂർണ്ണമായും സൗജന്യമാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."