കാന്തിന്റെ അമിത ജനാധിപത്യം
ജനാധിപത്യത്തിന്റെ ആധിക്യമാണ് ഇന്ത്യയുടെ പ്രശ്‌നമെന്ന് അമിതാഭ് കാന്ത് കണ്ടുപിടിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കേരളത്തിനു പരിചയമുള്ള കാന്ത് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ പറയാന്‍ പ്രാപ്തിയുള്ള പദവിയാണ് വഹിക്കുന്നത്. നിതി ആയോഗ് എന്ന സംവിധാനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറാണ് അദ്ദേഹം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യയുടെ ചുരുക്കപ്പേരാണ് നിതി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് സ്ഥാപിതമായ ആസൂത്രണ കമ്മിഷനു പകരമായി നരേന്ദ്ര മോദിയുടെ കാലത്ത് സ്ഥാപിതമായ നിതിയും നീതിയുമായി ബന്ധമില്ല. പ്രധാനമന്ത്രി അധ്യക്ഷനായുള്ള നിതി ആയോഗിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ പറയുന്ന കാര്യം അമിതോക്തിയായി തള്ളിക്കളയാനാവില്ല.
അംബേദ്കറുടെ ഭരണഘടനയനുസരിച്ച് പാര്‍ലമെന്ററി ജനാധിപത്യം ഭരണക്രമവും ജീവിതരീതിയുമായി സ്വീകരിച്ച ഇന്ത്യയില്‍ ജനാധിപത്യധാര അതിനുമുന്നേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തന്നെ നിഷേധിക്കുന്നവരുടെ ക്ഷേമകാര്യത്തിലും ശ്രീരാമന്‍ ഔത്സുക്യം കാണിച്ചത്. പക്ഷേ, ചാതുര്‍വര്‍ണ്യത്തിലും അടിച്ചമര്‍ത്തലിലും ജനാധിപത്യം ഉണ്ടായിരുന്നുവെന്നു പറയാനാവില്ല. അതാണ് ഇന്ത്യയുടെ യഥാര്‍ഥ പൈതൃകവും പാരമ്പര്യവും. അടിമത്തവും അസ്പൃശ്യതയും അവസാനിപ്പിച്ച് തുല്യനീതിയിലും അവസരസമത്വത്തിലും അധിഷ്ഠിതമായ പാര്‍ലമെന്ററി ജനാധിപത്യമാണ് 1949ല്‍ നാം സ്വീകരിച്ചത്. ആര്‍.എസ്.എസും ബി.ജെ.പിയും അതിനോട് യോജിക്കുന്നില്ല. അവരെ സ്വാധീനിക്കുന്ന വിചാരധാര വ്യത്യസ്തമാണ്. ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ ഹിതാനുവര്‍ത്തികളാകുന്ന നിയന്ത്രിത ജനാധിപത്യത്തിലാണ് അവര്‍ക്ക് താല്‍പര്യം. ജനാധിപത്യം എന്നു വിളിക്കപ്പെടുന്ന ഏകാധിപത്യമാണ് അവരുടെ ലക്ഷ്യം. വ്യത്യസ്തതകളും വിയോജിപ്പുകളും അംഗീകരിക്കാത്ത സംവിധാനം ജനാധിപത്യമല്ല. മനുഷ്യന്റെ മഹത്വത്തെ അംഗീകരിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ജനാധിപത്യം അളന്നെടുക്കാനോ കൊടുക്കാനോ ഉള്ളതല്ല. അത് എത്രയായാലും അധികമാവില്ല.
ജനം എന്നര്‍ഥമുള്ള ഡെമോസും അധികാരം എന്നര്‍ഥമുള്ള ക്രാറ്റോസും ചേര്‍ത്താണ് ആതന്‍സില്‍ 2,500 കൊല്ലം മുന്‍പ് ഡെമോക്രസി എന്ന ആശയമുണ്ടായത്. മലയാളത്തില്‍ രാജഭരണകാലത്ത് പ്രജാധിപത്യമെന്നും അതിനുശേഷം ജനാധിപത്യമെന്നും പരിഭാഷയുണ്ടായി. ഭരിക്കുന്നത് ആരായാലും അധികാരം ഈ വ്യവസ്ഥിതിയില്‍ ജനങ്ങളില്‍ നിക്ഷിപ്തമാണ്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, അധികാരം ജനങ്ങളുടേതാണ്. പരമാധികാരം ജനങ്ങളുടേത് എന്ന അര്‍ഥത്തിലാണ് ഭരണഘടനയില്‍ 'നമ്മള്‍ ഭാരതത്തിലെ ജനങ്ങള്‍' എന്ന ശ്രേഷ്ഠമായ പ്രയോഗമുണ്ടായത്. അളന്നും തൂക്കിയും പരിധി കല്‍പ്പിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ അല്ല ജനങ്ങളുടെ അധികാരം. അത് അപരിമിതവും അനിയന്ത്രിതവുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനകളും റിപ്പബ്ലിക്കുകളും പാര്‍ലമെന്റുകളും ഉണ്ടാകുന്നത്.
ഭരണഘടനയാല്‍ പരിമിതപ്പെടുത്തിയ അധികാരമാണ് ഇന്ത്യയില്‍ ഭരണകൂടത്തിനുള്ളത്. ഭരണകൂടത്തിനുമേലുള്ള നിയന്ത്രണമാണ് മൗലികാവകാശങ്ങള്‍. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനവും വീതംവയ്പും മറ്റൊരു പരിമിതിയാണ്. ബുള്ളറ്റിനുമേല്‍ ബാലറ്റും ബാലറ്റിനുമേല്‍ ഭരണഘടനയും ഉയര്‍ന്നുനില്‍ക്കുന്നു. പരമാധികാരസഭയായ പാര്‍ലമെന്റ് പാസാക്കുന്ന നിയമം കോടതിയിലും തെരുവിലും ചോദ്യം ചെയ്യപ്പെടും. നിയമം ഭരണഘടനാനുസൃതമാണെന്ന് കോടതിയിലും ജനഹിതാനുസൃതമാണെന്ന് തെരുവിലും തെളിയിക്കപ്പെടണം. പൗരത്വ നിയമവും കാര്‍ഷികനിയമങ്ങളും അപ്രകാരമുള്ള പരിശോധനയ്ക്കു വിധേയമാവുകയാണ്. ജുഡിഷ്യല്‍ റിവ്യൂ എന്നതിനൊപ്പം പോപ്പുലര്‍ റിവ്യൂ എന്ന ആശയവും ഇന്ത്യയില്‍ വികസിക്കുന്നു.
ജനാധിപത്യം നിയന്ത്രിതവും അവകാശങ്ങള്‍ പരിമിതവുമാണെങ്കില്‍ പലതും ചെയ്യാന്‍ കഴിയുമായിരുന്നുവെന്നാണ് കാന്ത് പറഞ്ഞതിന്റെ അര്‍ഥം. ആ അവസ്ഥ അടിയന്തരാവസ്ഥയില്‍ നാം കണ്ടതാണ്. പത്രങ്ങളുടെ സ്വാതന്ത്ര്യം കൂടുതലാണെന്നു കണ്ടപ്പോള്‍ അവര്‍ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യം കൂടുതലാണെന്നു കണ്ടപ്പോള്‍ അവര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. ജനാധിപത്യം പരിമിതമായപ്പോള്‍ അധികാരം അമിതവും ദുര്‍വഹവുമായി. അമിതാഭ് കാന്തിന്റെ പ്രസ്താവന എന്തിനുള്ള പുറപ്പാടാണ്. അമിതാധികാരത്തിനു വഴിയൊരുക്കുന്ന വാക്കുകളാണ് ആ ബ്യൂറോക്രാറ്റിന്റേതായി വന്നത്. വിവരാവകാശ നിയമത്തിലൂടെയും സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങളുടെ കണ്ടെത്തലിലൂടെയും ജനാധിപത്യത്തെ വികസിതമാക്കുന്നതിനിടയിലാണ് അപകടത്തിന്റെ മണിമുഴക്കങ്ങള്‍ ഉണ്ടാകുന്നത്.
പാര്‍ലമെന്റിനെ സംബന്ധിക്കുന്ന രണ്ടു ചടങ്ങുകളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മഹത്വം നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു. പാര്‍ലമെന്റ് മന്ദിരവും പാര്‍ലമെന്റ് അംഗങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിരുന്നു ഒന്ന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമായിരുന്നു മറ്റൊന്ന്. പുറമേ നിന്നുണ്ടാകുന്ന ആക്രമണത്തിനെതിരേയുള്ള പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും രാജ്യം സജ്ജമാണ്. പക്ഷേ, ഉള്ളില്‍ നിന്നുണ്ടാകുന്ന ആക്രമണം അറിയാതെപോകും. ഇതാണ് നമ്മുടെ പാര്‍ലമെന്റ് നേരിടുന്ന വിപത്ത്. ഭരണഘടന നേരിടുന്ന വിപത്തും ഇതുതന്നെയാണ്. പുഴുവായി അകത്തുകടന്നാല്‍ അന്തകനായി പുറത്തുവരും.
ജനാധിപത്യത്തിന്റെ മാതാവെന്ന് ഭാരതം പ്രകീര്‍ത്തിതമാകുമെന്ന പ്രത്യാശ പാര്‍ലമെന്റ് മന്ദിരത്തിനു ശിലയിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്നത് ആതന്‍സാണ്. പാര്‍ലമെന്റുകളുടെ മാതാവ് ബ്രിട്ടനും. സമ്മതിദായകരുടെ സംഖ്യയും പാര്‍ലമെന്റിന്റെ വലിപ്പവും അടിസ്ഥാനമാക്കി ഇന്ത്യയ്ക്ക് ആരും അമ്മപ്പദവി നല്‍കുമെന്നു തോന്നുന്നില്ല. നല്ല ജനാധിപത്യമായാല്‍ നല്ല വിശേഷണങ്ങള്‍ കാലം നമുക്കായി കണ്ടെത്തും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് നമ്മള്‍. ഏറ്റവും ശ്രേഷ്ഠമായ ജനാധിപത്യമാകാനാണ് ഇനി ശ്രമിക്കേണ്ടത്. ജനാധിപത്യം ഇന്ത്യയ്ക്കുമേല്‍ ആരും അടിച്ചേല്‍പ്പിച്ചതല്ല. നമുക്കുവേണ്ടി നാം സ്വയം കണ്ടെത്തിയ മതവും ചര്യയും ആണത്. അതിന്റെ അനുവദനീയമായ അളവുകള്‍ നിശ്ചയിച്ചതും നമ്മളാണ്.
പ്രൊക്രൂസ്റ്റസിന്റെ ശയ്യയല്ല ജനാധിപത്യം. അതിഥിയായെത്തുന്നവനെ ആ കട്ടിലിന്റെ വലിപ്പത്തില്‍ വലിച്ചുനീട്ടുകയോ വെട്ടിമുറിക്കുകയോ ചെയ്തിരുന്ന രാക്ഷസനായിരുന്നു പ്രൊക്രൂസ്റ്റസ്. രണ്ടായാലും മരണം സുനിശ്ചിതം. ജനാധിപത്യത്തിന്റെ ശരിയായ അളവെന്തെന്ന് അമിതാഭ് കാന്തിനോ മറ്റാര്‍ക്കെങ്കിലുമോ പറയാനാവില്ല. കൊവിഡ് വാക്‌സിന്‍ പോലെ കൃത്യമായ ഡോസില്‍ നല്‍കാനുള്ളതല്ല ജനാധിപത്യം. അളവുകള്‍ സ്വാഭാവികമായി നിര്‍ണയിക്കപ്പെടണം. അതുകൊണ്ടാണ് ഓരോ രാജ്യത്തും ജനാധിപത്യം ഓരോ തരത്തിലായിരിക്കുന്നത്. നമ്മുടെ ജനാധിപത്യം അമിതമായി വളര്‍ന്നുവെന്ന് ആശങ്കപ്പെടുന്ന അമിതാഭിന്റെ യഥാര്‍ഥ ആശങ്ക അധികാരത്തിന്റെ പരിമിതിയാണ്. ജനാധിപത്യം അമിതമാകുന്ന നാട്ടില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ അസാധ്യമാണെന്നാണ് ഒരു സംഘ്പരിവാര്‍ ജിഹ്വ നടത്തിയ മീഡിയാ കോണ്‍ക്ലേവില്‍ നിതി ആയോഗ് സി.ഇ.ഒ ആകുലപ്പെട്ടത്. ജനാധിപത്യത്തിന്റെ പൊല്ലാപ്പില്ലെങ്കില്‍ കുത്തകകളുടെയും ചൂഷകരുടെയും മുന്നിലുള്ള അടിയറവ് സുസാധ്യമാകുമെന്നാണ് സാമ്പത്തികനയ രൂപീകരണത്തിന്റെ മേല്‍നോട്ടക്കാരന്‍ പറഞ്ഞതിന്റെ അര്‍ഥം.
നിയമസഭയിലെ ഒരു ഹാളിന്റെ പേരില്‍ സ്പീക്കര്‍ക്കെതിരേ ധൂര്‍ത്ത് ആരോപിക്കുന്ന കെ. സുരേന്ദ്രന്‍ ഒന്ന് വടക്കോട്ടു നോക്കണം. ഡല്‍ഹിയില്‍ 940 കോടി രൂപയുടെ മന്ദിരനിര്‍മാണത്തിനാണ് കല്ലിട്ടത്. സെന്‍ട്രല്‍ വിസ്റ്റയുടെ മൊത്തം ചെലവ് ഇരുപതിനായിരം കോടി രൂപയാണ്. മഹാമാരിയുടെ മരവിപ്പില്‍ കഴിയുന്ന രാജ്യത്ത് ഇപ്പോള്‍ ഇതാവശ്യമുണ്ടോ. യു.എസിലെ ക്യാപിറ്റോള്‍ ഒഴിച്ചാല്‍ ലോകത്തിലെ മനോഹരമായ പാര്‍ലമെന്റ് മന്ദിരങ്ങളിലൊന്നാണ് നൂറ്റാണ്ട് തികയ്ക്കുന്ന നമ്മുടെ പാര്‍ലമെന്റ് മന്ദിരം. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതുകൊണ്ട് അതു കൊളോണിയലിസത്തിന്റെ ഓര്‍മപ്പെടുത്തലാവുന്നില്ല. ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ 650 അംഗങ്ങളുണ്ട് എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാന്‍. ആരും അങ്ങനെ ഒരുമിച്ചിരിക്കാറുമില്ല.
നമ്മുടെ ലോക്‌സഭയില്‍ 543 അംഗങ്ങളാണുള്ളത്. 2031ലെ സെന്‍സസ് കണക്കുകള്‍ ലഭ്യമാകുന്നതുവരെ എം.പിമാരുടെ എണ്ണം വര്‍ധിക്കില്ല. പത്തു വര്‍ഷത്തിനുശേഷം സംഭവിച്ചേക്കാവുന്ന വര്‍ധനയെ അടിസ്ഥാനമാക്കിയാണ് നരേന്ദ്ര മോദി ഭൂമിപൂജ നടത്തിയത്. നിര്‍മാണവും ചിലപ്പോള്‍ അപനിര്‍മാണത്തിന്റെ ഭാഗമാകും. ജനാധിപത്യം കൂടുതലാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ ശ്രീകോവിലിന് വിസ്തൃതി കൂട്ടുന്നു. ജനാധിപത്യത്തിന്റെ ഉണര്‍വോടെ അധികാരത്തെ വെല്ലുവിളിക്കുന്ന കര്‍ഷകരുടെ മുന്നില്‍ അടഞ്ഞുകിടക്കുന്ന നടകള്‍ തുറക്കപ്പെടണം. അതില്ലെങ്കില്‍ ശ്രീകോവില്‍ എത്ര വിസ്തൃതമായതുകൊണ്ടും പ്രയോജനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."