രണ്ടുകോടി കുട്ടികള്‍ കഴിഞ്ഞവര്‍ഷം പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടില്ലെന്ന് യു.എന്‍
വിയന്ന: കഴിഞ്ഞവര്‍ഷം രണ്ടു കോടി കുട്ടികള്‍ ജീവന്‍രക്ഷാ പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടില്ലെന്ന് യു.എന്‍ അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ വ്യാപിക്കുന്നതു തടയാന്‍ കുത്തിവയ്പുകളെടുക്കാന്‍ ഊര്‍ജിത ബോധവല്‍ക്കരണം ആവശ്യമാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടി.
19.4 ദശലക്ഷം കുട്ടികള്‍ 2018ല്‍ പൂര്‍ണമായി കുത്തിവയ്പുകള്‍ എടുത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും ഇന്നലെ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ 18.7 മില്യന്‍ കുട്ടികളും 2016ല്‍ 18.5 മില്യന്‍ കുട്ടികളും എല്ലാ കുത്തിവയ്പുകളും എടുത്തിരുന്നില്ല. കുത്തിവയ്‌പെടുക്കാത്തവരുടെ എണ്ണം കൂടിവരുന്നത് ആഗോളതലത്തില്‍ അപകടകരമായ സ്തംഭനാവസ്ഥയാണ് സൃഷ്ടിക്കുകയെന്ന് ഡബ്ലിയു.എച്ച്.ഒ മുന്നറിയിപ്പു നല്‍കുന്നു.
ലോകത്തെ സുരക്ഷിതമാക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും പ്രതിരോധ കുത്തിവയ്പുകള്‍ അത്യാവശ്യമാണ്. ഡബ്ലിയു.എച്ച്.ഒ ഡയരക്ടര്‍ ജനറല്‍ ടെഡ്‌റോസ് അദാനം ഗെബ്രെയേസസ് പ്രസ്താവനയില്‍ പറഞ്ഞു.
അഞ്ചാംപനി, ഡിഫ്ത്തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ എന്നിവയെല്ലാം കുത്തിവയ്പിലൂടെ തടയാവുന്നവയാണ്. കഴിഞ്ഞവര്‍ഷം മൂന്നരലക്ഷം അഞ്ചാംപനി കേസുകളാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2017ലേതിന്റെ ഇരട്ടി വരും- യൂനിസെഫ് മേധാവി ഹെന്റിറ്റ ഫോര്‍ ചൂണ്ടിക്കാട്ടി.
കുത്തിവയ്പിനെകുറിച്ച് തെറ്റായ പ്രചാരണങ്ങളും നിരക്ക് കുറയാന്‍ കാരണമായി. ഇതിന്റെ ഫലമായി യു.എസിലും യൂറോപ്പിലും വരെ ആളുകള്‍ കുട്ടികളെ കുത്തിവയ്‌ക്കേണ്ടെന്ന് വച്ചു. ബ്രസീലില്‍ അഞ്ചാംപനിക്കെതിരായ കുത്തിവയ്പ് മുന്‍വര്‍ഷം 99 ശതമാനമായിരുന്നത് കഴിഞ്ഞവര്‍, 84 ശതമാനമായി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."