കൈവെള്ളയില്‍ വച്ചുകൊടുത്ത വിജയം
ഇതുവരെയുള്ള എല്‍.ഡി.എഫ് സര്‍ക്കാരുകളൊന്നും നേരിട്ടിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങളില്‍ പെട്ടുഴലുന്ന പിണറായി സര്‍ക്കാരിന് ഏറെ ആത്മവിശ്വാസവും ആശ്വാസവും പകരുന്നതാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്നണി നേടിയ വിജയം. ലഭിച്ച വോട്ടുകളുടെ കാര്യത്തില്‍ നേരത്തെ ഉണ്ടായിരുന്നതില്‍നിന്ന് ഗണ്യമായ നേട്ടമൊന്നുമുണ്ടായില്ലെങ്കിലും സംസ്ഥാനത്ത് തുല്യബലമുള്ള ശത്രുവായി കരുതപ്പെടുന്ന യു.ഡി.എഫിന്റെ ഏറെ മുന്നിലെത്താനായത് മുന്നണിക്കും സംസ്ഥാന സര്‍ക്കാരിനും അതിന്റെ നായകനായ പിണറായി വിജയനും അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്ന വിജയം കൂടിയാണിത്. എല്ലാ തരത്തിലും പ്രതികൂലമായ സാഹചര്യത്തില്‍ നേടിയ വിജയമെന്ന നിലയില്‍ അതിനു തിളക്കമേറുകയും ചെയ്യുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ വച്ചുള്ള സാധാരണ വിലയിരുത്തലില്‍ കനത്ത തോല്‍വി പ്രതീക്ഷിക്കാവുന്ന തരത്തില്‍ പ്രതിരോധത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, റിവേഴ്‌സ് ഹവാല തുടങ്ങി പലതരം കേസുകെട്ടുകളുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനു ചുറ്റും വട്ടംകറങ്ങുകയും ഒരു മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖരുമടക്കമുള്ളവര്‍ ചോദ്യം ചെയ്യലിനു വിധേയരാവുകയും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വന്നത്. കൂടാതെ, മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയിലിലായതും മുന്നണിയെ ഏറെ പ്രതിസന്ധിയിലാക്കി. അതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് താല്‍ക്കാലിക സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എല്ലാംകൊണ്ടും യു.ഡി.എഫിനു സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാവുന്ന സാഹചര്യം. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ ഏറെക്കുറെ ദയനീയമെന്നു തന്നെ പറയാവുന്ന പരാജയവും മുന്നണി നേരിടേണ്ടിവന്നു. മധ്യകേരളത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറി എല്‍.ഡി.എഫിനു വിജയക്കൊടി നാട്ടാനുമായി. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശനത്തില്‍ ഇടതുപക്ഷത്തിനു ഇവിടങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. പല പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ ദീര്‍ഘകാല ഭരണക്കുത്തക തകര്‍ത്തുകൊണ്ടാണ് എല്‍.ഡി.എഫിന്റെ ഈ മുന്നേറ്റം.
യഥാര്‍ഥത്തില്‍, എല്‍.ഡി.എഫിന്റെ വലിയ കരുത്തൊന്നുമല്ല മറിച്ച് യു.ഡി.എഫിന്റെ, പ്രത്യേകിച്ച് അതിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് ഇതിനു കാരണമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വെറുതെ കണ്ണോടിച്ചാല്‍ വ്യക്തമാകും. രാഷ്ട്രീയമായും സംഘടനാപരമായും ഏറെ ദുര്‍ബലാവസ്ഥയിലായിരുന്നു ആ പാര്‍ട്ടി. പരസ്പര ഐക്യമില്ലാത്ത മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പാര്‍ട്ടിക്ക് ഭാരമാവുകയായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. മുന്‍പെങ്ങുമില്ലാത്തവിധം പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് തന്നെ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന അവസ്ഥ പോലുമുണ്ടായി. ആശാനക്ഷരമൊന്നു പിഴച്ചപ്പോള്‍ ശിഷ്യര്‍ക്ക് അന്‍പത്തൊന്നല്ല, അറുപതു തന്നെ പിഴച്ചതോടെയുണ്ടായ പതിവിലും കവിഞ്ഞ റിബല്‍ശല്യം പാര്‍ട്ടിയെയും മുന്നണിയെയും ഒരുപോലെ തളര്‍ത്തി. എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ഭരണപക്ഷത്തിനെതിരേ കൈവശമുള്ള ആയുധങ്ങള്‍ വേണ്ടവിധം എടുത്തു പ്രയോഗിച്ച് പ്രചാരണം നടത്താനാവാതെ പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉദാസീനരായി. ഒപ്പം പ്രധാന രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായൊരു നിലപാടില്ലെന്ന പ്രതീതിയും പരക്കെയുണ്ടായി.
ഇതില്‍ ഏറ്റവും അവസാനത്തേതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവാദം. യു.ഡി.എഫിനെ പരമ്പരാഗതമായി പിന്തുണച്ചുപോന്ന ചില വിഭാഗങ്ങളുടെ അതൃപ്തി മുന്നണിക്കു സമ്മാനിക്കാനിടയാക്കിയ ഈ ബന്ധത്തെ കെ.പി.സി.സി പ്രസിഡന്റ് തള്ളിപ്പറഞ്ഞപ്പോള്‍ അതിനെ ന്യായീകരിക്കുകയായിരുന്നു മുന്നണി കണ്‍വീനര്‍ അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും. ഇങ്ങനെയൊക്കെയുള്ളൊരു പാര്‍ട്ടി നയിക്കുന്ന മുന്നണിയെ വലിയൊരു വിഭാഗം ജനങ്ങള്‍ തിരസ്‌കരിച്ചതില്‍ അത്ഭുതമൊന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന ഇടതുമുന്നണിക്ക് വിജയം കൈവെള്ളയില്‍ വച്ചുകൊടുക്കുകയായിരുന്നു ഈ നേതാക്കള്‍. ഈ തോല്‍വിക്കിടയിലും മുന്നണിയില്‍ ഏറ്റവും മികച്ച സംഘടനാ സംവിധാനങ്ങളുള്ള മുസ്‌ലിം ലീഗിന് അവരുടെ ശക്തികേന്ദ്രങ്ങള്‍ വലിയ പുരുക്കൊന്നുമില്ലാതെ നിലനിര്‍ത്താനായത് ഇതിനോടു ചേര്‍ത്തുവായിച്ചാല്‍ കോണ്‍ഗ്രസ് ചെന്നുപെട്ട പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടും.
അതിനിടെ എസ്.ഡി.പി.ഐ ചിലയിടങ്ങളില്‍ നടത്തിയ മുന്നേറ്റം മതേതര ചേരികളെ ഞെട്ടിപ്പിക്കുന്നതാണ്.
അതേസമയം, പ്രതിസന്ധികളില്‍ പതറാതെ കുറ്റമറ്റ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ കാഴ്ചവച്ചത്. ഏറെ പഴികേള്‍ക്കേണ്ടിവന്ന നടപടികള്‍ക്കിടയിലും സാമൂഹ്യക്ഷേമ മേഖലയിലടക്കം ഇടതുസര്‍ക്കാര്‍ നടത്തിയ ജനോപകാരപ്രദമായ ചില പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ അവര്‍ക്കായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ ആസൂത്രിതമായ രീതിയില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. അതെല്ലാം വലിയൊരളവില്‍ ജനങ്ങളെ സ്വാധീനിച്ചുവെന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്.
യു.ഡി.എഫിന്റെ തോല്‍വി എന്നതിലപ്പുറം ഗൗരവത്തോടെ കാണേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. മതേതര ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ സംഘ്പരിവാര്‍ കേരള രാഷ്ട്രീയത്തില്‍ ക്രമേണ സ്വാധീനം വര്‍ധിപ്പിക്കുന്ന കാഴ്ചയാണത്. പാര്‍ട്ടി നേതൃത്വം പരസ്പരം കലഹിച്ചു പിണങ്ങിനില്‍ക്കുന്ന സന്ദര്‍ഭത്തിലും പലയിടങ്ങളിലും ഗണ്യമായ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ബി.ജെ.പിയും മറ്റു സംഘ്പരിവാര്‍ സംഘടനകളും ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം സമൂഹത്തിന്റെ അടിത്തട്ടില്‍ വിശ്രമമില്ലാതെ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്ന വ്യക്തമായ സൂചന അതിലുണ്ട്. ഒപ്പം കോണ്‍ഗ്രസിനു സംഭവിച്ചുകൊണ്ടിരിക്കുന്ന തളര്‍ച്ച അവര്‍ക്കു വലിയ തോതില്‍ ഊര്‍ജം പകരുന്നുവെന്ന ആപത്കരമായ വസ്തുതയുമുണ്ട്. യു.ഡി.എഫിനു വേണ്ടവിധം പ്രയോജനപ്പെടുത്താനാവാതെ പോയ ഭരണവിരുദ്ധ വികാരത്തിന്റെ ഗുണഭോക്താക്കളായി മാറാന്‍ അവര്‍ക്കാവുന്നു.
കേരളം നിലനിര്‍ത്തിപ്പോന്ന മതേതര രാഷ്ട്രീയ പാരമ്പര്യത്തിനു വലിയ ഭീഷണി ഉയര്‍ത്തുന്നതാണ് ഈ അവസ്ഥ. മതേതര സ്വഭാവമുള്ള രണ്ടു പ്രബല മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന സവിശേഷമായ രാഷ്ട്രീയ ഘടനയാണ് ഇവിടെ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം അതിവിദഗ്ധമായി മുതലെടുത്ത് ബി.ജെ.പി ഓരോ ചുവടുംവച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. അതിനു തടയിട്ട് കേരളം നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയ സംസ്‌കാരം പോറലേല്‍ക്കാതെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ യു.ഡി.എഫ് ശക്തമായി തന്നെ നിലനില്‍ക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് കരുത്തോടെ തന്നെ മുന്നണിയെ നയിക്കേണ്ടത് അനിവാര്യമായിത്തീരുകയാണ്. കോണ്‍ഗ്രസ് നേരിടുന്ന ഇന്നത്തെ രോഗാവസ്ഥ മാറ്റിയെടുക്കല്‍ അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞതുപോലെ, അതിനൊരു മേജര്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവരും. അതൊട്ടും വൈകാതെ സംഭവിച്ചില്ലെങ്കില്‍ തകര്‍ന്ന് മണ്ണടിയുന്നത് കോണ്‍ഗ്രസ് മാത്രമായിരിക്കില്ല, കേരളത്തിന്റെ മതേതര പാരമ്പര്യം കൂടിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."