മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: എന്തെല്ലാം തരം ആശങ്കകള്‍
മരടിലെ നാലു വന്‍കിട ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് ഒട്ടനവധി കുടുംബങ്ങള്‍ക്കു വലിയ വേദനയുണ്ടാക്കിയിട്ടുണ്ട്. പലരും തങ്ങളുടെ നാളിതുവരെയുള്ള സമ്പാദ്യം മുടക്കിയാകും സ്വസ്ഥമായി, കുറച്ച് ആര്‍ഭാടമായും സുരക്ഷിതമായും ജീവിക്കാന്‍ ഇങ്ങനെ ഒരു സമുച്ചയത്തില്‍ വീടു വാങ്ങിയിരിക്കുക. കുറേപ്പേരെങ്കിലും പ്രവാസികളും ആയിരിക്കും. നാട്ടില്‍ എത്തിയാല്‍ ഒരു സുരക്ഷിത സ്വസ്ഥജീവിതം തന്നെയാണ് അവരുടെയും ലക്ഷ്യം. കുറച്ചു പേര് ഒരു മുതല്‍മുടക്കെന്ന നിലയിലാകും ഇത് വാങ്ങിയിട്ടുണ്ടാവുക. ഭാവിയില്‍ മറിച്ചുവില്‍ക്കലാകും അവരുടെ ലക്ഷ്യം. ഇവര്‍ക്കെല്ലാം തങ്ങള്‍ മുടക്കിയ ദശലക്ഷക്കണക്കിനു, ചിലപ്പോള്‍ കോടികള്‍ തന്നെ ഇവിടെ മുടക്കേണ്ടിവന്നിരിക്കാം. അതെല്ലാം ഒറ്റയടിക്കില്ലാതാകുന്നത് ആര്‍ക്കും കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കും. ഇവരാരും നിയമം ലംഘിക്കാന്‍ വേണ്ടി മുതല്‍ മുടക്കിയവരാകില്ല. തീരദേശ നദീ സംരക്ഷണ നിയമങ്ങളൊന്നും ഇവര്‍ പഠിച്ചിരിക്കാനും ഇടയില്ല. ആകര്‍ഷകമായ പരസ്യങ്ങളില്‍കൂടി മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ വലയില്‍ വീഴ്ത്തിയതുമാകാം. ഇപ്പോള്‍ അവരെയൊന്നും കാണാനില്ല. ദുരിതം മുഴുവന്‍ ഇവിടുത്തെ ഉടമകള്‍ സഹിക്കേണ്ടി വരുന്നതില്‍ അനീതിയുണ്ട് തീര്‍ച്ച. ഇവര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ഒന്നാമതായി ബാധ്യതയുള്ളതു ഈ നിര്‍മാതാക്കള്‍ക്കാണ്.
എന്നാല്‍, അവരെക്കാള്‍ കുറ്റക്കാരായ ഒരു കൂട്ടര്‍ ഉണ്ട്. അത് ഈ ഫ്‌ളാറ്റിനു നിര്‍മാണാനുമതി നല്‍കിയ അധികൃതരാണ്. നിയമം പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ നമ്മുടെ നികുതിപ്പണം ശമ്പളമായും പെന്‍ഷനായും മറ്റു ആനുകൂല്യങ്ങളായും ഇപ്പോഴും പറ്റിക്കൊണ്ടിരിക്കുന്നവര്‍. അവരാണ് ഈ നിയമലംഘനത്തിന് പച്ചക്കൊടി കാട്ടിയവര്‍. സുപ്രിം കോടതി വിധിയില്‍ പറയുന്നതുപോലെ ഇനിയും ഒരു അതിവര്‍ഷം വന്നാല്‍ അതിനെ പ്രളയദുരന്തമാക്കും വിധത്തില്‍ തീരത്തെ നശിപ്പിച്ചവര്‍ അവരാണ്. കാരണം അത് സംരക്ഷിക്കാനാണ്, അതിനായി നിയമം പാലിക്കാനാണ് അവര്‍ ശമ്പളം വാങ്ങുന്നത്. എന്നാല്‍ നിയമം ലംഘിച്ചുകൊണ്ട് ഈ നിര്‍മാതാക്കളില്‍ നിന്ന് പണം കൈപ്പറ്റി സമ്പന്നരാകുകയാണ് ഈ ഉദ്യോഗസ്ഥര്‍. അവര്‍ ഒറ്റയ്ക്ക് അങ്ങനെ ചെയ്യില്ല. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കെട്ടിടനിര്‍മാണം നിയന്ത്രിക്കാന്‍, അവര്‍ നിയമം പാലിക്കുന്നു എന്നുറപ്പുവരുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് അധികാരം. ആ അധികാരം ഉപയോഗിച്ച് തദ്ദേശ ഭരണസാരഥികള്‍ അതിസമ്പന്നരാകുന്നു എന്നതൊരു രഹസ്യമല്ല.
മുമ്പ് മരട് ഒരു പഞ്ചായത്തായിരുന്നു. നഗരസഭയേക്കാള്‍ കുറഞ്ഞവിലക്ക് അന്ന് സ്ഥലം കിട്ടും. തന്നെയുമല്ല പഞ്ചായത്തില്‍ കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ അത്ര കര്‍ശനമായിരുന്നുമില്ല. അങ്ങനെ കുറഞ്ഞവിലക്ക് സ്ഥലം വാങ്ങി കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ തീര്‍ക്കുന്നതിന് മരട് പഞ്ചായത്ത് ഒരു പ്രധാന കേന്ദ്രമായി. ഒട്ടനവധി ഫ്‌ളാറ്റുകള്‍ അവിടെ മുളച്ചു പൊന്തി. അക്കാലത്ത് തീരദേശസംരക്ഷണ നിയമങ്ങളൊന്നും അത്ര കര്‍ശനമായി ശ്രദ്ധിച്ചതുമില്ല. എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ മറികടക്കാന്‍ പണവും രാഷ്ട്രീയ ഉദ്യോഗസ്ഥ കേന്ദ്രങ്ങളും സഹായിച്ചിരുന്നു. സര്‍ക്കാരും ബാങ്കുകളും കെട്ടിടനിര്‍മാണത്തെ കൈയയച്ചു സഹായിച്ചു. അതിലൂടെ കോടികള്‍ അഴിമതിപ്പണമായി ഒഴുകുകയും ചെയ്തു. ഇപ്പോള്‍ അതില്‍ ചില്ലറ പിടിക്കപ്പെട്ടു. തീരദേശസംരക്ഷണ നിയമത്തില്‍ മൂന്നാം മേഖലയില്‍ 200 മീറ്റര്‍ വരെ ഒരു നിര്‍മാണവും നടത്താന്‍ പാടില്ല. ഇവിടെ നിര്‍മിച്ച നാല് കെട്ടിട സമുച്ചയങ്ങളും ഈ നിയമം ലംഘിച്ചിരിക്കുന്നു എന്നാണ് സുപ്രിം കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ എതിര്‍കക്ഷി തീരദേശ പരിപാലന അതോറിറ്റിയാണ്.
ഇപ്പോള്‍ വലിയൊരു വിഭാഗം ഈ ഫ്‌ളാറ്റിലെ താമസക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി കെട്ടിടങ്ങള്‍ പൊളിക്കരുതെന്നു വാദിക്കുന്നു. സാധാരണക്കാരുടെ ദൃഷ്ടിയില്‍ അത് ശരിയുമാണ്. ഇതില്‍ ഏറ്റവും തമാശയായി തോന്നിയത് ഇന്ന് മന്ത്രി എ.സി മൊയ്തീന്റെ നിലപാടാണ്. ശബരിമലയിലെ സുപ്രിം കോടതിവിധി വാശിയോടെ നടപ്പാക്കാന്‍ ശ്രമിച്ചവര്‍, അതിനു സമവായമോ കാലതാമസമോ പാടില്ലെന്ന് വാദിച്ചവരാണ് ഒരു മാസത്തിനകം പൊളിക്കണമെന്നു കോടതി പറഞ്ഞ ഈ ഫ്‌ളാറ്റുകള്‍ പെട്ടെന്നൊന്നും പൊളിക്കില്ല എന്ന് പറയുന്നത്. ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുന്നവരുടെ ദുഃഖം പരിഗണിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അതില്‍ പ്രഥമദൃഷ്ടിയില്‍ തെറ്റില്ല, മാനുഷിക പരിഗണന മാത്രം. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനാണ്. അതും ശരി. ഈ ഇടപാടില്‍ കുറ്റക്കാരായി അദ്ദേഹം കാണുന്നത് ഫ്‌ളാറ്റ് നിര്‍മാതാക്കളെ മാത്രമാണ്. ഇതിനു അനുമതി നല്‍കുകയും വീട്ടു നമ്പര്‍ വരെ നല്‍കുകയും ചെയ്ത തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഒരു തരത്തിലും കുറ്റക്കാരാണെന്ന് അദ്ദേഹത്തിന് തോന്നുന്നതേയില്ല.
പക്ഷേ, ഇതേ മന്ത്രിയോട് ചോദിക്കാന്‍ പലതുമുണ്ട്. എന്തായാലും ഒരു നിയമലംഘനം മൂലമാണ് ഇവരെ ഇറക്കിവിടുന്നത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വിവിധ വികസനപദ്ധതികളുടെ പേരില്‍ ഒട്ടനവധി കുടുംബങ്ങളെ കുടിയിറക്കുമ്പോള്‍ അവര്‍ കമ്പോളവിലയും പുനരധിവാസവും ചോദിച്ചാല്‍ അവര്‍ വികസനവിരോധികളായി. അവരെ അടിച്ചമര്‍ത്താനും ഭീഷണിപ്പെടുത്താനും പൊലിസ് സംവിധാനത്തെ നിയോഗിക്കും. മുഖ്യമന്ത്രിയടക്കമുള്ളവര്‍ അത് ചോദിക്കുന്നവരെ ഭീകരവാദികള്‍ വരെയാക്കും. പ്രിയപ്പെട്ട മന്ത്രി സാര്‍, ഇങ്ങനെ വീട്ടില്‍ നിന്നും സ്വന്തം തൊഴിലിടങ്ങളില്‍ നിന്നും കുടിയിറങ്ങുന്നവര്‍ ഒരു നിയമവും ലംഘിക്കാത്തവരാണ്, സ്വന്തം ജീവിതകാലത്തെ മുഴുവന്‍ അധ്വാനവും വരുമാനവും മുടക്കി ആ വീടുകള്‍ നിര്‍മിച്ചവരാണ്. അവര്‍ എവിടെ പോകുമെന്ന് ഒരു ചിന്ത പോലും സര്‍ക്കാരിനില്ലാതെ പോകുന്നതെന്തു കൊണ്ട്
ഈ വിധി മൂലം വീട് നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ മുന്നൂറിനടുത്താണ്. മൂലമ്പിള്ളിയില്‍നിന്ന് ജെ.സി.ബി ഉപയോഗിച്ച് അടിച്ചിറക്കിയത് മുന്നൂറ്റി പതിനാറു കുടുംബങ്ങളെയാണ്. ദേശീയപാതയ്ക്ക് വേണ്ടി ഇറക്കിവിടാന്‍ പോകുന്നത് പതിനായിരങ്ങളെയാണ്. വികസനം എന്ന് പേരിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പിന്നെ മനുഷ്യത്വം വേണ്ടെന്നാണോ പരിസ്ഥിതി സംരക്ഷണത്തിനാകുമ്പോള്‍ മാത്രം കുടിയിറക്കലില്‍ മനുഷ്യത്വം വിഷയമാകുന്നതെന്തു കൊണ്ട് പ്രശ്‌നമല്ല അഡ്വ. ജയശങ്കര്‍ പറയുന്നതുപോലെ ഈ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ മൂലമ്പിള്ളിക്കാരെപ്പോലെ ദരിദ്രവാസികളല്ല. താരതമ്യേന സമ്പന്നരാണ്. അവര്‍ക്കു വീട് നഷ്ടമാകുമ്പോള്‍ അത് മന്ത്രിക്കും മറ്റു പലര്‍ക്കും വല്ലാത്ത മാനസികസംഘര്‍ഷം ഉണ്ടാക്കും. ഇനി ഇത് പൊളിക്കുമ്പോഴുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ ആശങ്ക നോക്കാം. നാട്ടിലെങ്ങും പാറമടകളും കുന്നിടിക്കലും പാടം നികത്തലും മലയും പുഴയും കായലുമടക്കം പൊതുസ്ഥലങ്ങള്‍ കൈയേറുന്നതില്‍ ഒരു ആശങ്കയും ഈ മന്ത്രിമാര്‍ക്കില്ല. എല്ലാത്തരം പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിയമങ്ങളില്‍ ഇളവ് ചെയ്തും ലംഘിച്ചും സഹായം നല്‍കുന്നവര്‍ക്ക് ഇതുപൊളിക്കുന്നതിലെ പരിസ്ഥിതി ചിന്തവരുന്നത് ഇത് സമ്പന്നരുടേതായതു കൊണ്ട് മാത്രമല്ലേ
ഇനി തദ്ദേശഭരണക്കാരുടെ വിഷയം നോക്കാം. ഇതിന് അനുമതി നല്‍കിയവര്‍ക്ക് ഒരു തെറ്റും പറ്റിയതായി അദ്ദേഹം കാണുന്നില്ല. പ്രധാന കാരണം ഇതെല്ലാം ചെയ്യുമ്പോള്‍ മരടില്‍ അധികാരത്തിലിരുന്നിരുന്നത് അദ്ദേഹത്തിന്റെ കക്ഷിയാണ്. തന്നെയുമല്ല ഇത്തരം അഴിമതിയുടെ നല്ലൊരു വിഹിതം രാഷ്ട്രീയകക്ഷികളുടെ മുകള്‍ത്തട്ടില്‍ വരെ എത്തുന്നുമുണ്ട്. ഇനിയുമത് തുടരണം. ഫ്‌ളാറ്റ് ഉടമകള്‍ മാത്രം കുറ്റക്കാര്‍ എന്ന് പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ല. അവരെല്ലാം ഇപ്പോള്‍ കാണാമറയത്താണ്. അവരില്‍ നിന്ന് ഒന്നും ഈടാക്കാന്‍ പറ്റില്ലെന്നുറപ്പാണ്. പറ്റുമെങ്കില്‍ തന്നെ അത് ഒഴിവാക്കാനുള്ള വഴികള്‍ അവര്‍ക്കറിയാം. അവസാനം ഇത് പൊളിക്കാനും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ പണംതന്നെ ഉപയോഗിക്കും.
കിട്ടാവുന്നിടത്ത് നിന്നെല്ലാം നമ്മള്‍ കടം വാങ്ങിക്കൂട്ടിയിട്ടുണ്ടല്ലോ. എല്ലാം പാലാരിവട്ടം പാലം പോലെ തന്നെയാകും. പാലം നിര്‍മിച്ചത് യു.ഡി.എഫ് കാലത്താണെന്നൊക്കെ പറഞ്ഞു നില്‍ക്കാം. പക്ഷെ ആരും ശിക്ഷിക്കപ്പെട്ടില്ല. പകരം ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 18 കോടിയിലധികം കൂടി മുടക്കി പാലം പുനരുദ്ധരിക്കും. ഭരണപ്രതിപക്ഷക്കാരെല്ലാം സന്തുഷ്ടരാണ്. അന്ന് മുടക്കിയതിന്റെ വിഹിതം കൂടുതല്‍ കിട്ടിയത് യു.ഡി.എഫിനാണെങ്കില്‍ ഇന്നത് ഇടതുമുന്നണിക്കാണെന്നു മാത്രം. നഷ്ടം എന്നും ജനങ്ങള്‍ക്ക് തന്നെ. ഉരുട്ടിക്കൊലയില്‍ നടത്തുമെന്നു പറഞ്ഞ ജുഡീഷ്യല്‍ അന്വേഷണം എന്തുകൊണ്ട് പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ നടത്തുന്നില്ല കാരണം വ്യക്തം. അവിടെ അന്വേഷിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ സാധ്യതയുണ്ട്. ഉരുട്ടിക്കൊലയില്‍ അതില്ല. രണ്ടിടത്തും ഇവരെല്ലാം രക്ഷപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."