ബ്രണ്ണന്‍ കോളജില്‍ വീണ്ടും കൊടിനാട്ടാനെത്തി എ.ബി.വി.പി, തടഞ്ഞ് പൊലിസ്: ജീവഭയമുണ്ടെന്ന് പ്രിന്‍സിപ്പല്‍
കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളെജ് ക്യാംപസിലെ കൊടിമരം കഴിഞ്ഞ ദിവസം എടുത്തുമാറ്റിയതിന് പിന്നാലെ വീണ്ടും സ്ഥാപിക്കാനെത്തി എ.ബി.വി.പി പ്രവര്‍ത്തകര്‍. എന്നാല്‍ പൊലിസിന്റെയും പ്രിന്‍സിപ്പലിന്റെയും നേതൃത്വത്തില്‍ കൊടിനാട്ടല്‍ ശ്രമം വീണ്ടും തടയുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ തനിക്ക് നിരന്തരം ഭീഷണിയുണ്ടെന്നും മരണഭയമുണ്ടെന്നും പൊലിസിനോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോളജ് പ്രിന്‍സിപ്പല്‍ കെ.ഫല്ഗുനന് പറഞ്ഞു.
കോളജില്‍ ഒരു പരിപാടിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പല്‍ നേരിട്ടെത്തി എടുത്തുമാറ്റിയിരുന്നു. ഈ കൊടിമരമാണ് ഒരുസംഘം എ.ബി.വി.പി പ്രവര്‍ത്തകര്‍ വീണ്ടുമെത്തി സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഈ ശ്രമം പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. കൊടി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പൊലിസ് നിലപാടെടുത്തതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് തിരിച്ചു പോകുകയായിരുന്നു.
കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്ത്തകന് വിശാലിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് എ.ബി.വി.പി. കോളജില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്ക് മാത്രമായി കൊടിസ്ഥാപിക്കാന് പ്രിന്‍സിപ്പല്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ചടങ്ങിനുശേഷം കൊടിമരം മാറ്റാന്‍ പൊലിസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ. ഫല്ഗുനന് നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റി കോളജിനു പുറത്തുണ്ടായിരുന്ന പൊലിസിന് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."