പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍
കൊട്ടാരക്കര: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവിനെ പൊലിസ് പിടികൂടി. സദാനന്ദപുരം ഇഞ്ചക്കല്‍ അഞ്ചു ഭവനില്‍ അജയകുമാറാ(22)ണ് പിടിയിലായത്.
സംഭവത്തെപ്പറ്റി പൊലിസ് പറയുന്നതിങ്ങനെ: സദാനന്ദപുരം സ്വദേശിനിയായ യുവതിയോട് പലതവണ പ്രതി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും യുവതി ഇക്കാര്യം നിരസിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ യുവതിയുടെ വീട്ടില്‍ എത്തിയ യുവാവ് കിടപ്പുമുറിയിലെ ജനല്‍ തട്ടിയതിനെ തുടര്‍ന്ന് ശബ്ദം കേട്ട് ജനല്‍ തുറന്ന യുവതിയെ ജനല്‍ വഴി ചെറിയ കത്തിവച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ബഹളം കേട്ട് യുവതിയുടെ മാതാവ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു. സംഭവത്തിന് ശേഷം യുവാവ് കലയപുരത്തിന് സമീപം വള്ളക്കടവിലുള്ള കൂട്ടുകാരോടൊപ്പം ഒളിച്ച് കഴിയുന്നതിനിടയിലാണ് പൊലിസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. ബന്ധുക്കള്‍ പൊലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി എ. അശോകന്റെ നിര്‍ദേശ പ്രകാരം കൊട്ടാരക്കര സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
കൊട്ടാരക്കര കൈം എസ്.ഐ എസ്. അരുണ്‍, സി.പി.ഒമാരായ സുനില്‍കുമാര്‍ .സി, മനോജ് കുമാര്‍ .എം എന്നിവരും സഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."