റിയാദ് കരാർ പ്രകാരം യമനിൽ പുതിയ സർക്കാർ രൂപീകരിച്ചു; യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ലോകം
റിയാദ്: യുദ്ധം തുടരുന്ന യമനിൽ പുതു പ്രതീക്ഷയേകി പുതിയ സർക്കാർ രൂപീകരിച്ചതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിന് യമൻ സർക്കാരും വിഘടന വാദികളും തമ്മിൽ റിയാദിൽ ഒപ്പ് വെച്ച കരാർ പ്രകാരം യമനിൽ പുതിയ സർക്കാർ പ്രഖ്യാപനം നടന്നതായി യമൻ ദേശീയ ടെലിവിഷനാണ് റിപ്പോർട്ട് ചെയ്‌തത്. യമനിൽ വിഘടിച്ച് നിൽക്കുന്നവരുമായി ചേർത്ത് പുതിയ സർക്കാർ വരുന്നതോടെ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് കരാർ ഒപ്പ് വെക്കാൻ നേതൃത്വം നൽകുന്ന സഊദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. യമനിലെ വിഘടന വാദികളായ സതേൺ ട്രാൻസിഷണൽ കൗൺസിലും നിലവിൽ ഭരണം നടത്തുന്ന സർക്കാരും തമ്മിലാണ് ഐക്യ സർക്കാർ രൂപീകരിക്കാൻ സംയുക്ത കരാറിൽ റിയാദിൽ വെച്ച് ഒപ്പ് വെച്ചിരുന്നത്. ഐക്യ കരാർ പ്രകാരം സംയുക്തമായാണ് സർക്കാർ രൂപീകരിക്കുക. യമനിൽ സംയുക്തമായി പുതിയ ഭരണം നിലവിൽ വന്നതിനെ സഊദി വിദേശ കാര്യ മന്ത്രാലയം സ്വാഗതം ചെയ്‌തു.
അഹ്‌മദ് അവാദ് ബിൻ മുബാറക് ആണ് പുതിയ വിദേശ കാര്യ മന്ത്രിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. നേരത്തെ ഐക്യ രാഷ്‌ട്ര സഭയിലെ യമൻ അംബാസിഡറായി പ്രവർത്തിച്ചിരുന്നയാളാണ് അവാദ് ബിൻ മുബാറക്. ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അലി അൽ മഖ്ദശിയാണ് പുതിയ യമൻ പ്രതിരോധ മന്ത്രി. നേരത്തെ യമൻ ആറു ഫോഴ്‌സ് ചീഫ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. യമനിലെ യുഎൻ അംഗീകൃത സർക്കാരും വിഘടനവാദികളായ സതേൺ ട്രാൻസിഷണൽ കൗൺസിലും (എസ് ടി സി) തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കാൻ കഴിഞ്ഞ വർഷമാണ് സഊദി മുൻകയ്യെടുത്ത് റിയാദ് കരാറിന് നേതൃത്വം നൽകിയത്. എന്നാൽ, അത് നടപ്പിലാക്കാൻ കഴിയാതെ നീണ്ടു പോകുകയായിരുന്നു.
തെക്കൻ വിഘടനവാദികളായ സതേൺ ട്രാൻസിഷണൽ കൗൺസിൽ നിസഹകരണം പ്രഖ്യാപതിച്ചതിനാൽ ഓഗസ്‌റ്റിൽ സ്‌തംഭിക്കുകയായിരുന്നു. പിന്നീട് നടത്തിയ തുടർച്ചയായ ചർച്ചയുടെ ഫലമായി കഴിഞ്ഞയാഴ്ച്ച റിയാദ് കരാർ പ്രാബല്യത്തിൽ വരുത്താൻ ഇരു കൂട്ടരും അംഗീകരിക്കുകായായിരുന്നു. യമൻ ഗവൺമെന്റിൽ അംഗങ്ങളായിരുന്ന മന്ത്രിമാർ അടക്കം 24 പേരെ ഉൾക്കൊള്ളിച്ച് പുതിയ മന്ത്രി സഭക്ക് രൂപം നൽകണമെന്നതാണ് പ്രശ്‌ന പരിഹാര ഫോർമുല. ആദ്യ ഘട്ടത്തിൽ സൈന്യത്തെയായിരിക്കും പ്രഖ്യാപിക്കുമായെന്നും ശേഷമായിരിക്കും ഗവൺമെന്റ് രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമെന്നും നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, അബ്‌യാൻ മേഖലാ വിഭജനത്തിനും സൈനിക പുനർവിന്യാസത്തിനും തുടർന്നും മേൽനോട്ടം വഹിക്കുമെന്നു യമനിൽ യുദ്ധത്തിലേർപ്പെട്ട സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സുസ്ഥിരവും സുരക്ഷിതത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തീവ്രവാദ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും ഭരണകൂടത്തെ സഹായിക്കാൻ സഖ്യസേന യെമനിൽ തുടരുമെന്നും അറബ് സഖ്യ സേന നേരത്തെ അറിയിച്ചിട്ടുണ്ട്. യമനിലെ വിഘടനവാദികളുടെ പ്രശ്‌നം അവസാനിച്ചാൽ വിമതരയായ ഹൂതികളെ തളക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് സഖ്യ സേന. ഇറാന്റെ ശക്തമായ സഹായത്തോടെ യമനിൽ പ്രവർത്തിക്കുന്ന ഹൂതികൾ സഊദിക്ക് കനത്ത ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."