പിന്തിരിയില്ലെന്ന് ഇല്‍ഹാന്‍ ഒമര്‍; സ്വന്തം തട്ടകത്തില്‍ ആവേശോജ്ജ്വല സ്വീകരണം
മിനസോട്ട: തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപിനെതിരേ ആഞ്ഞടിച്ച് ഇല്‍ഹാന്‍ ഒമര്‍. ഞങ്ങളെ പിന്തിരിപ്പിക്കാനും ഭയപ്പെടുത്തി കീഴിപ്പെടുത്താനും കഴിയില്ലെന്ന് ട്രംപിനു മറുപടിയായി അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വന്തം തട്ടകമായ മിനസോട്ടയില്‍ എത്തിയ അവര്‍ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഒരു കുടിയേറ്റ വനിത അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഉയരുന്നത് പേടിയോടെയാണ് ട്രംപ് കാണുന്നത്. എന്നാല്‍ ട്രംപിനെതിരേയുള്ള തന്റെ പ്രചാരണം ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോര്‍ത്ത് കാരലിനയിലെ ഗ്രീന്‍വില്ലില്‍ നടത്തിയ റാലിയിലാണ് ഡെമോക്രാറ്റ് എം.പിയും ആഫ്രിക്കന്‍ വംശജയുമായ ഇല്‍ഹാന്‍ ഒമര്‍ അടക്കം നാല് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ട്രംപ് വ്യക്തിപരമായി അധിക്ഷേപിച്ചത്. 'അവളെ തിരിച്ചയക്കൂ' എന്നു വിളിച്ചാണ് റിപ്പബ്ലിക്കന്‍ അനുയായികള്‍ റാലിക്കിടെ ട്രംപിന്റെ അധിക്ഷേപത്തെ വരവേറ്റത്.
അതേസമയം ഉജ്ജ്വല ആവേശത്തോടെയാണ് ഒമറിനെ സ്വന്തം തട്ടകത്തില്‍ അണികള്‍ സ്വീകരിച്ചത്. 'ഇല്‍ഹാന്‍, തട്ടകത്തിലേക്ക് സ്വാഗതം' എന്ന മുദ്രാവാക്യം മുഴക്കിയാണ് അനുയായികള്‍ ഇല്‍ഹാനെ വരവേറ്റത്. ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഇല്‍ഹാന്‍ ഒമറിനെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."