കിളിമാനൂര്‍ ചന്തയിലെ നികുതി പിരിവ് തടഞ്ഞിട്ട് രണ്ടു മാസം; തീരുമാനമെടുക്കാന്‍ കഴിയാതെ പഞ്ചായത്ത്
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിന് കീഴിലെ കിളിമാനൂര്‍ പൊതു ചന്തയിലെ നികുതി പിരിവ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംഘം തടഞ്ഞിട്ട് രണ്ടു മാസം പിന്നിടുന്നു. പഞ്ചായത്ത് ഭരണസമിതിക്ക് ഒരു തീരുമാനവും എടുക്കാനായിട്ടില്ല. ഇന്ന് കൂടുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം അജണ്ടയായി വെച്ചിട്ടുണ്ടങ്കിലും ഭരണ പക്ഷത്തെ അഭിപ്രായ ഭിന്നത മൂലം തീരുമാനമെടുക്കാന്‍ സാധ്യതകുറവാണ്.
2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവിനുള്ള അവകാശം 21.33 ലക്ഷം രൂപക്ക് അടയമണ്‍ സ്വദേശി ഗുരുദാസന്‍ എന്നയാളാണ് ലേലം പിടിച്ചത് . മുന്‍ വര്‍ഷത്തേക്കാള്‍ നാലു ലക്ഷത്തോളം രൂപ കൂട്ടിയാണ് ലേലം നടന്നത്. ലേല വ്യവസ്ഥ അനുസരിച്ച് കരാറുകാരന്‍ ഏപ്രില്‍ ഒന്നിന് പിരിവ് തുടങ്ങുന്നതിന് മാര്‍ക്കറ്റില്‍ എത്തിയെങ്കിലും പഞ്ചായത്ത് അംഗങ്ങളായ സുജിത്ത്, അജീഷ്, ധരളിക എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു.
ലേലവ്യവസ്ഥ അനുസരിച്ച് രസീത് വെച്ച് പിരിവ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പിരിവ് പിരിവ് തടഞ്ഞത് .ഇത് സംബന്ധിച്ച് ഇരു കൂട്ടരും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. നാളിതു വരെ ഒരു രൂപ പോലും പിരി ച്ചെടുക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല .ഭീമമായ നഷ്ടം ഉണ്ടെന്നും കരാറില്‍ നിന്നും ഒഴിവാക്കി തരണമെന്നും കാണിച്ചാണ് കരാറുകാരന്‍ പരാതി നല്‍കിയത്.
ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഭരണസമിതിയിലെ സി.പി.ഐ അംഗങ്ങളാണ് പിരിവ് തടഞ്ഞത്. എന്നാല്‍ ഭരണസമിതിയില്‍ സി.പി.എമ്മിന് ഭൂരിപക്ഷമുണ്ടെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആയിട്ടില്ല. പിരിവ് തടസപ്പെടുത്തിയതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്ന് പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍തന്നെ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."