വിശുദ്ധ റമദാന് സ്വാഗതം പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍
വിശുദ്ധമായ റമദാന്റെ പരിശുദ്ധമായ പ്രഥമ പകലിലാണു നാമിപ്പോള്‍ നിലകൊള്ളുന്നത്. സത്യവിശ്വാസികള്‍ മാസങ്ങളായി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ ദിനത്തിനുവേണ്ടി. ആ കാത്തിരിപ്പിന്റെ ദിനമാണ് നമ്മില്‍ വന്നണഞ്ഞത്. ഈ മാസത്തെ കൃത്യമായി ആദരിക്കുവാനും അതിന്റെ ഹഖ് കൃത്യമായി പാലിക്കുവാനും നാം സന്നദ്ധരാവണം. വിശുദ്ധ ഖുര്‍ആന്റെ അവതരണം, ബദ്ര്‍ ദിനം, ലൈലത്തുല്‍ ഖദ്ര്‍ തുടങ്ങിയ ഒട്ടനവധി സംഭവങ്ങള്‍ക്കും മഹത്വങ്ങള്‍ക്കും സാക്ഷിയായ ഈ മാസത്തെ പരമാവധി ജീവിത വിജയത്തിനായി ഉപയോഗപ്പെടുത്തണം.
കേവലം അന്നപാനീയങ്ങള്‍ വെടിഞ്ഞ് ആമാശയത്തിനും ലൈംഗിക അവയവങ്ങള്‍ക്കും മാത്രം നോമ്പുള്ളവരായി നാം മാറരുത്. സജ്ജനങ്ങളുടെ വ്രതം പോലെ നമ്മുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ക്കും നോമ്പുണ്ടായിരിക്കണം. നാവ്, കണ്ണ്, ചെവി തുടങ്ങിയ അവയവങ്ങള്‍ പ്രത്യേകം നാം ശ്രദ്ധിക്കണം. ഒരുപക്ഷേ തീരെ ഗൗരവമില്ലാതെയാണ് നാം ഇത്തരം അവയങ്ങളെ ഉപയോഗിക്കുന്നത്. ദാനധര്‍മങ്ങളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും നാം നിരതരാവണം. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും കണ്ടെത്തി സഹായ സഹകരണങ്ങള്‍ എത്തിക്കുന്നതില്‍ വ്യാപൃതരാവണം.പള്ളികള്‍ സജീവമാകണം, ഖുര്‍ആന്‍ പാരായണം ശ്രദ്ധിക്കണം, തറാവീഹ് അടക്കമുള്ള കാര്യങ്ങളില്‍ ജാഗരൂകരാവണം. ഈ വിശുദ്ധ മാസത്തില്‍ ആത്മസംസ്‌കരണം നേടുവാനും അതു നിലനിര്‍ത്തുവാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അല്ലാഹു ഈ വിശുദ്ധമായ മാസം അനുകൂലമായി സാക്ഷി നില്‍ക്കുന്ന സജ്ജനങ്ങളില്‍ നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ- ആമീന്‍.
(സമസ്ത വൈസ്
പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."