ഫൈസർ വാക്‌സിന് പുറമെ മറ്റു വാക്‌സിനുകളും സഊദിയിലെത്തും, പ്രതിദിനം പതിനായിരം പേർക്ക് വാക്‌സിൻ വിതരണം ലക്ഷ്യം
റിയാദ്: കൊവിഡ് 19 വൈറസിനെതിരെ പുറത്തിറക്കിയ ബയോൺ ടെക് ഫൈസർ വാക്‌സിന് പുറമെ മറ്റു വാക്‌സിനുകളും സഊദിയിൽ വിതരണം ചെയ്യുമെന്നും അതിനുള്ള പഠനങ്ങൾ അന്തിമ ഘട്ടത്തിലാണാണെന്നും ആരോഗ്യ മന്ത്രാലയം. ഈ വർഷാവസാനത്തിനു മുമ്പ് തന്നെ ഫൈസർ വാക്‌സിന് പുറമെ ഒന്നോ രണ്ടോ വാക്‌സിനുകൾക്ക് കൂടി സഊദി അംഗീകാരം നൽകുമെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ അറബിയെ ചാനൽ റിപ്പോർട്ട് ചെയ്‌തു. ഫൈസർ വാക്‌സിനു അംഗീകാരം നൽകുകയും രാജ്യത്ത് വിതരണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മറ്റു ചില വാക്‌സിനുകൾക്ക് കൂടി അംഗീകാരം നൽകാനുള്ള പഠനങ്ങൾ നടക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
വാക്‌സിൻ സൂക്ഷിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളുടെ അഭാവം മൂലം നിലയിൽ റിയാദിൽ മാത്രമാണ് വാക്‌സിൻ വിതരണം നടത്തുന്നത്. റിയാദിൽ സജ്ജീകരിച്ച അറുന്നൂറിലധികം ബെഡുകളുള്ള പ്രത്യേക വാക്‌സിൻ സെന്ററിൽ വെച്ചാണ് വാക്‌സിൻ വിതരണം. ഉടൻ തന്നെ മറ്റു നഗരികളിലേക്കും ഗവർണറേറ്റുകളിലേക്കും ഇതിനുള്ള സംവിധാനം ഉടൻ പൂർത്തിയാകുമെന്നും വിതരണം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. പ്രതിദിനം പതിനായിരം പേർക്ക് വാക്‌സിൻ വിതരണം ചെയ്യാനുള്ള സംവിധാനമാണ് അധികൃതരുടെ ലക്ഷ്യം.
ജനുവരി ഒന്നോടെ കൂടുതൽ മേഖലകളിലേക്ക് വാക്‌സിൻ വിതരത്തിനുള്ള സംവിധാനമാണ് സജ്ജീകരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രജിസ്‌ട്രേഷൻ ആരംഭിച്ച വാക്‌സിൻ വിതരത്തിനുള്ള അപേക്ഷ വെള്ളിയാഴ്ച്ച വൈകീട്ടോടെ മൂന്ന് ലക്ഷം കവിഞ്ഞിട്ടുണ്ട്. രാജ്യത്തെ സ്വദേശികളും വിദേശികളുമുൾപ്പെടെ അറുപത് ശതമാനത്തിലധികം പേരും വാക്സിൻ സ്വീകരിക്കാൻ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം നടത്തിയ സർവേ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."