നസീര്‍ വധശ്രമക്കേസ്; പൊലിസ് അന്വേഷിക്കുന്ന കാറില്‍ ഷംസീര്‍ സി.പി.എം ഓഫിസില്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ പൊലിസ് തിരയുന്ന കാറില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഇന്നലെ സി.പി.എം ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് ഷംസീര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരയുന്ന കാറില്‍ എത്തിയത്. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഈ വാഹനത്തിലാണ് ഗൂഢാലോചന നടന്നതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
സി.പി.എം മുന്‍ ഏരിയാകമ്മിറ്റി ഓഫിസ് സെക്രട്ടറിയും ഷംസീറിന്റെ മുന്‍ ഡ്രൈവറുമായ എന്‍.കെ രാഗേഷാണ് നസീറിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു മുഖ്യപ്രതി പൊട്ട്യന്‍ സന്തോഷ് പൊലിസിനു നല്‍കിയ മൊഴി. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 07 സി.ഡി 6887 നമ്പര്‍ ഇന്നോവ കാറില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും സന്തോഷ് മൊഴി നല്‍കിയിരുന്നു. ചോനാടം കിന്‍ഫ്ര പാര്‍ക്കിനടുത്ത് വച്ചും കുണ്ടുചിറയിലെ മോട്ടോര്‍വാഹന വകുപ്പിന്റെ ഡ്രൈവിങ് പരിശോധനാ മൈതാനത്തിനടുത്ത് വച്ചുമായിരുന്നു ഗൂഢാലോചന. എന്നാല്‍ ഈ വാഹനം കണ്ടെത്താന്‍ ഇതുവരെ പൊലിസിനു കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണു കാറില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് എം.എല്‍.എ ബോര്‍ഡ് വയ്ക്കാതെ ഈ വാഹനത്തില്‍ ഷംസീര്‍ എത്തിയത്. എന്നിട്ടും പൊലിസിനു വാഹനത്തെക്കുറിച്ച് ഒരു വിവരവുമില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സി.ഒ.ടി നസീര്‍ കഴിഞ്ഞദിവസം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കാര്‍ കസ്റ്റഡിയിലെടുക്കുന്നതിനെക്കുറിച്ച് മൂന്നുദിവസം മുന്‍പും പൊലിസിനോടു ചോദിച്ചിരുന്നുവെന്നു സി.ഒ.ടി നസീര്‍ പറഞ്ഞു. രണ്ടുദിവസത്തിനകം കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പ് തന്നിട്ടും ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും നിയമത്തെ നോക്കുകുത്തിയാക്കുകയാണെന്നും നസീര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."