ചര്‍ച്ചകള്‍ സജീവം; പോഗ്ബ യുനൈറ്റഡ് വിട്ടേക്കും
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ വിവാദങ്ങള്‍ പുകയുന്നതിനിടെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ ടീം വിടുമെന്ന് സൂചന. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയാണ് താരത്തിന് പിന്നിലെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ദി സണാണ് ട്രാന്‍സ്ഫര്‍ വാര്‍ത്ത പുറത്ത്വിട്ടത്. പോഗ്ബയുടെ മാനേജര്‍ മിനോ റയോളയുമായി ട്രാന്‍സ്ഫര്‍ കാര്യത്തെ കുറിച്ച് സംസാരിച്ചെന്നും അനുകൂല മറുപടിയാണ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മൗറീഞ്ഞോയുമായുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നതോടെ താരം ക്ലബ് വിടാന്‍ ഒരുക്കമാണെന്ന് അറിയിച്ചിരുന്നു.
സ്പാനിഷ് ക്ലബായ ബാഴ്സലോണയും പോഗ്ബക്കായി രംഗത്തുണ്ടായിരുന്നു. ഈയിടെയായി ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയിലും മറ്റും മാനേജ്മെന്റും മറ്റ് അധികൃതരും ചില താരങ്ങളുമായി പ്രശ്നത്തിലാണ്. ഇതിനെതുടര്‍ന്ന് മൗറീഞ്ഞോയുമായി പോഗ്ബ തുറന്ന പോരിലേക്ക് വരെ എത്തി.
പോഗ്ബയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത്നിന്ന് മാറ്റുകയും ചെയ്തിരുന്നു മൗറീഞ്ഞോ. കഴിഞ്ഞ ദിവസം ചാംപ്യന്സ്ലീഗില് വലന്‍സിയക്കെതിരേ നടന്ന മത്സരത്തിന് ശേഷം പോഗ്ബയെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതില്‍നിന്ന് വിലക്കിയിരുന്നു. പോഗ്ബ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില കാര്യങ്ങള്‍ എനിക്ക് പറയാനുണ്ടായിരുന്നെന്നും എന്നാല്‍ എന്നെ അവര്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പോഗ്ബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."