ശമ്പള വർധനവില്ലാത്ത മുതലാളി
എത്രകിട്ടിയാലും മതിവരാത്ത തൊഴിലാളികൾ ഉള്ള നാട്ടിൽ നിസ്വാർത്ഥനായ മുതലാളി 12 വർഷമായി ശമ്പളം കൂട്ടാതെ പണിയെടുക്കുന്നുവെന്ന വാർത്ത വായിച്ചു ഞെട്ടി. വേദനിക്കുന്ന കോടീശ്വരന്മാരുടെ ചില ശമ്പള വർത്തമാനങ്ങൾ പങ്കുവെക്കാം എന്ന് കരുതി.
ഭാഗം ഒന്ന് - ഭൂതം
1970-80 കളിൽ കമ്പനികളുടെ Board of Directors നു പ്രതിമാസ ശമ്പളം ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളമായിരുന്ന 15,000 രൂപയിൽ കൂടുതൽ കൊടുക്കരുത് എന്ന് നിയന്ത്രണം ഉണ്ടായിരുന്നു. 1980 കളിൽ രാഷ്ട്രപതിക്ക് ശമ്പളം 50,000 ആയും പിന്നീട് ഒരു ലക്ഷവും ആയും കൂട്ടിയപ്പോൾ നന്ദി പറഞ്ഞത് ബൂർഷ്വ കമ്പനി Director മാരായിരുന്നു. 1995 ൽ ഞാൻ MBA എടുത്തു കുത്തക ബൂർഷ്വ മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയപ്പോളേക്കു economic liberalisation ന്റെ ഭാഗമായി ആ നിയന്ത്രണം എടുത്തുമാറ്റി.
പഴയ നിയമത്തിനു ഒരു അവിചാരിത ഫലം perverse consequence ഉണ്ടായി. കമ്പനിയിലെ Board of Directors അംഗങ്ങളായ Director അല്ലെങ്കിൽ Managing Director ക്കു പ്രതിമാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കാൻ പറ്റില്ലായിരുന്നു. വളരെ കഴിവുള്ള മാനേജർമാരെ കമ്പനിയിൽ നിയമിച്ചു അതുവഴി കമ്പനിയുടെ ലാഭം കൂട്ടാൻ മുതലാളിമാർക്ക് താല്പര്യമായിരുന്നു പക്ഷെ ഇത്രയും ചെറിയ ശമ്പളത്തിന് മാനേജർമാർ വരില്ല. കമ്പനിക്കു നൂറുകണക്കിന് കോടി രൂപ ലാഭം ഉണ്ടാക്കാൻ കഴിവുള്ള മിടുക്കരായ മാനേജർമാർക്ക് പ്രതിമാസം അമ്പതിനായിരം ഉലുവ പോരല്ലോ.
അതിനു മുതലാളിമാർ ഒരു പുത്തൻ ഐഡിയ കണ്ടുപിടിച്ചു. മിടുക്കരായ മാനേജർമാരെ Vice President, Senior Vice President, President എന്നൊക്കെ പുതിയ തസ്തിക ഉണ്ടാക്കി അവർക്കു അതിഭയങ്കര ശമ്പളം കൊടുത്തു. പക്ഷെ Board of Directors ൽ അവരെ കയറ്റാൻ പറ്റില്ല, കാരണം അവിടെ ശമ്പളത്തിന് സർക്കാർ നിയന്ത്രണം ഉണ്ട്.
അങ്ങനെ കമ്പനി യഥാർത്ഥത്തിൽ ഭരിച്ചിരുന്ന മുതലാളി താരതമ്യേന ചെറിയ ശമ്പളത്തിന് Board of Directors അംഗമായി Managing Director തസ്തികയിൽ ഇരിക്കും. മുതലാളിയെക്കാൾ രണ്ടും അഞ്ചും ഇരട്ടി ശമ്പളം കിട്ടും President തസ്തികയിലുള്ളയാൾക്കു, പക്ഷെ Board of Directors ൽ ഇല്ലാത്തതുകൊണ്ട് അയാൾക്ക് കമ്പനി ഭരണത്തിൽ ഔദ്യോഗിക പങ്കില്ല.
ഇപ്പോൾ റിലയൻസ് കമ്പനിയിൽ അംബാനിക്കു താരതമ്യേന ചെറിയ ശമ്പളവും അയാളുടെ കീഴിൽ പണിയെടുക്കുന്ന മാനേജർമാർക്കു കൂടുതൽ ശമ്പളവും എന്ന പോലെ. ഇതെല്ലാം പഴയ വർത്തമാനം ആണ്. ഇനി ഇപ്പോഴത്തെ കാര്യം നോക്കാം.
ഭാഗം രണ്ട് - വർത്തമാനം
പൊതുവെ കമ്പനിയെ നിയന്ത്രിക്കുന്ന CEO മാരെ രണ്ടു തരമായി തിരിക്കാം. അംബാനി - അഡാനി - ബിർള പോലുള്ള CEO ഉടമസ്ഥരും, ഉടമകൾ അല്ലാത്ത TCS ലെ ചന്ദ്രശേഖരൻ, L&T യിലെ A M നായക്, HDFC Bank ലെ ആദിത്യ പുരി, എന്നിങ്ങനെ ഉള്ള CEO ശമ്പളക്കാരും.
CEO മുതലാളിമാരുടെ പക്കൽ ആയിരക്കണക്കിന് കോടി രൂപയുടെ ഷെയർ ഉണ്ട്, അവർക്കു ലഭിക്കുന്ന വരുമാനത്തിന്റെ 99% കിട്ടുന്നത് ഷെയറിൽ നിന്നാണ്. അവർക്കു ശമ്പളം ഇല്ലെങ്കിലും കുഴപ്പമില്ല. ശമ്പളമായ 15 കോടി രൂപ കിട്ടിയില്ലെങ്കിൽ ചിലപ്പോൾ അംബാനി അറിയുക പോലുമില്ല.
കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് അംബാനിയുടെ കയ്യിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഷെയറുകളുടെ വില ഉയർന്നത് കൊണ്ട് ഏകദേശം Rs. 150,000 കോടി രൂപയുടെ capital gains ഉണ്ടായി. ഈ അഞ്ചു കൊല്ലത്തിൽ ശമ്പളമായി കിട്ടിയത് വെറും Rs. 15 crore x 5 years = Rs. 75 കോടി രൂപ. അതായതു അംബാനിയുടെ വരുമാനത്തിന്റെ 99.95% വന്നത് ഷെയർ വഴിയാണ്. അതുകൊണ്ടു അംബാനിയെപ്പോലുള്ള CEO മുതലാളിമാരുടെ ശമ്പളം കുറേകാലം കൂട്ടിയില്ല എന്ന് പറയുന്നതിൽ പൊതുവെ വലിയ കാര്യമില്ല.
പക്ഷെ ഒരു വശം കൂടിയുണ്ട്. അംബാനിക്ക് വേണമെങ്കിൽ തന്റെ ശമ്പളം പ്രതിവർഷം Rs. 100 കോടി രൂപയാക്കാമായിരുന്നു. അംബാനി Managing Director മാത്രമല്ല, Chairman കൂടിയാണ്, ഏറ്റവും വലിയ shareholder ആണ്, പകുതിയോളം ഷെയർ പുള്ളിയുടെ കയ്യിലാണ്. പുള്ളിക്ക് എന്തുവേണമെങ്കിലും ചെയ്യാം. റിലയൻസ് ഷെയർ ഉടമകൾ എതിർക്കില്ല എന്ന് മാത്രമല്ല സ്വാഗതം ചെയ്യും. ഇപ്രകാരം ആയിരക്കണക്കിന് കോടി രൂപ പുള്ളിക്ക് എടുക്കാമായിരുന്നു എങ്കിലും എടുത്തില്ല. പുള്ളി കൊള്ളക്കാരൻ അല്ല എന്നർത്ഥം. കുമ്പളങ്ങി നൈറ്റ്സിലെ ശ്രീ ഷമ്മി ജി പറയുന്നതുപോലെ അത്യാവശ്യം ഡീസന്റ് ആയ മോഡേൺ മുതലാളിയാണ് അംബാനി.
CEO ശമ്പളക്കാരുടെ സ്ഥിതി നേരെ മറിച്ചാണ്. പൊതുവെ അവർക്കു അധികം ഷെയറുകൾ ഇല്ല, കാരണം അവർ മുതലാളിമാർ അല്ല. അവരുടെ വരുമാനം പ്രധാനമായും ശമ്പളത്തിൽ നിന്ന് തന്നെ കിട്ടണം. അതുകൊണ്ടു അംബാനിയെപോലെ കുറേകാലം ശമ്പളം കൂട്ടാതെ നിർത്താൻ CEO ശമ്പളക്കാർക്കു പറ്റില്ല. ശമ്പളം കൂട്ടിത്തരാൻ കമ്പനി തയ്യാറല്ലെങ്കിൽ അവർ രാജിവച്ചു വേറെ കമ്പനിയിലേക്ക് പോകും.
പൊതുവെ അംബാനിയെപോലെ CEO മുതലാളിമാർ ശമ്പളം വാങ്ങിക്കാത്തതല്ല അത്ഭുതം, ശമ്പളം വാങ്ങിക്കുന്നതാണ് അത്ഭുതം.
ശമ്പളം വാങ്ങിയാൽ ഉയർന്ന നികുതി അടക്കണം. കോടിക്കണക്കിനു രൂപ ശമ്പളം വാങ്ങുന്ന CEO മാർ ഏറ്റവും ഉയർന്ന നികുതി സ്ലാബിൽ വരുമല്ലോ. പക്ഷെ CEO മുതലാളിമാർ ഷെയർ വിറ്റ് long term capital gains tax ഉണ്ടാക്കിയാൽ ചെറിയ നികുതിയേ ഉള്ളൂ. കുറച്ച് കൊല്ലം മുമ്പ് ഇന്ത്യയിൽ capital gains tax പൂജ്യം ആയിരുന്നു. ആ കാലത്ത് ഷെയർ വിറ്റ് നികുതിയില്ലാത്ത വരുമാനം കിട്ടുന്നതായിരുന്നു ബുദ്ധി. അതിനു പകരം CEO മുതലാളിമാർ ശമ്പളം സ്വീകരിച്ചു ഉയർന്ന നികുതി കൊടുക്കുന്നതു മണ്ടത്തരമാണല്ലോ.
ഭാഗം മൂന്ന് - ഭാവി
അംബാനിയുടെ ശമ്പളത്തിന് ഇത്ര വാർത്താമൂല്യം വരാൻ കാരണം ഇന്ത്യയിൽ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടിവരുകയാണ് എന്ന ചിന്തയാണല്ലോ.
രാജ്യത്തു ഉയർന്ന സാമ്പത്തിക വളർച്ച ഉണ്ടെങ്കിലും അതിന്റെ ഗുണം കൂടുതൽ ലഭിക്കുന്നത് പണക്കാർക്കു അല്ലെങ്കിൽ urban - educated - upper caste - upper class ആൾക്കാർക്കാണ് എന്നത് വാസ്തവമാണ്. മറ്റുള്ളവരുടെ ശമ്പളവും വർധിക്കുന്നുണ്ട് പക്ഷെ വളരെ പതുക്കെ മാത്രം. ചിലർ വിമാനത്തിൽ പോകുമ്പോൾ ചിലർ ബസ്സിലും ചിലർ സൈക്കിളിലും ചിലർ നടന്നിട്ടും എന്ന പോലെ. എല്ലാവരും മുന്നൊട്ടു തന്നെയാണ് പോകുന്നത് പക്ഷെ അവർ തമ്മിലുള്ള ദൂരം കൂടിവരുന്നു.
ഇത്തരം സാമ്പത്തിക അസമത്വം income inequality ഒരു civilised സമൂഹത്തിനു ചേർന്നതാണോ ? ഇതിന്റെ philosophic വശത്തെകുറിച്ചു സംസാരിക്കാനുള്ള വിവരം എനിക്കില്ല. എന്റെ താല്പര്യം business - economics - management മാത്രമാണ്. അതുകൊണ്ടു ആ പരിമിതമായ കാഴ്ചപ്പാടിൽ നിന്ന് രണ്ടു കാര്യങ്ങൾ പറയട്ടെ. ഒന്നാമത് - വ്യക്തികൾ തമ്മിൽ സാമ്പത്തിക അസമത്വം എപ്പോഴും ഉണ്ടാകും. രണ്ടാമത് - ആ വ്യത്യാസം ഒരു പരിധിയിൽ കൂടാതെ നോക്കുന്നതാണ് ഒരു സമൂഹത്തിന്റെ കടമ.
ഒന്നാമത് - വ്യക്തികൾ തമ്മിൽ സാമ്പത്തിക അസമത്വം income inequality ഉണ്ടാകുന്നതു സ്വാഭാവികമാണ്. അതിൽ പരിഭവപ്പെട്ടിട്ടു കാര്യമില്ല. പ്രകൃതിയിൽ inequality ആണല്ലോ എല്ലായിടത്തും. നക്ഷത്രങ്ങളുടെ വലുപ്പം, മരങ്ങളുടെ ഉയരം, മൃഗങ്ങളുടെ വേഗത, കഴുകന്റെ കാഴ്ചശക്തി, മനുഷ്യന്റെ ഉയരം, എന്നിങ്ങനെ എല്ലാത്തിലും അസമത്വം ആണ്.
അസമത്വം ഉണ്ട് എന്നതിന്റെ അർഥം ചൂഷണം ഉണ്ട് എന്നല്ല. മരങ്ങൾ തമ്മിലും നക്ഷത്രങ്ങൾ തമ്മിലും ചൂഷണം ഉണ്ടോ ? ചൂഷണമില്ലാതെയും അസമത്വം ഉണ്ടാവാം.
ഉദാഹരണം - നിങ്ങളുടെ വീടുപണിയുകയാണ്, എല്ലാ തൊഴിലാളികൾക്കും നിങ്ങൾ ഒരേ ശമ്പളം കൊടുക്കുമോ ?
അല്ലെങ്കിൽ നിങ്ങൾ ഒരു ക്ഷേത്ര ഉത്സവ കമ്മിറ്റിയുടെ അംഗമാണെന്നു വക്കുക, നിങ്ങൾ ഗാനമേളക്ക് ഏതു പാട്ടുകാരനെ വിളിച്ചാലും ഒരേ സംഖ്യ മാത്രമേ തരുള്ളു, ഗാനഗന്ധർവൻ ആണെങ്കിലും ആരുംകേൾക്കാത്ത ഗായകൻ ആണെങ്കിലും ഒരേ ഫീസ് ആണ് നിങ്ങൾ നൽകുക എന്ന് നിങ്ങൾ പറയുമോ ?
അല്ലെങ്കിൽ നിങ്ങൾ ഒരു ആശുപത്രി സ്ഥാപിക്കുകയാണ്, നിങ്ങൾ നിയമിക്കുന്ന ഡോക്ടർക്കും നഴ്സിനും ലാബ് ടെക്നിഷ്യനും അറ്റെൻഡർക്കും ക്ലെർക്കിനും എല്ലാവര്ക്കും ഒരേ ശമ്പളമാണ് കൊടുക്കുക എന്ന് നിങ്ങൾ പറയുമോ ?
അല്ലെങ്കിൽ നിങ്ങള്ക്ക് സിനിമ കാണാൻ മോഹം, നിങ്ങൾ സൂപ്പർസ്റ്റാർ കേണൽ ഭരത് പദ്മശ്രീ ഏട്ടന്റെ സിനിമക്ക് കാശു കൊടുത്തു കേറുമോ അതോ നിങ്ങളുടെ കസിന്റെ ചെറിയച്ഛന്റെ അമ്മായിയുടെ മകന്റെ സിനിമ യൂറ്റിയൂബിൽ ഫ്രീ ആയി കാണുമോ ?
നാം സ്വന്തം പൈസ ചിലവ് ചെയ്യുകയാണെങ്കിൽ എല്ലാ തൊഴിലാളികൾക്കും ഒരേ ശമ്പളം കൊടുക്കണം എന്ന് നമ്മൾ പറയില്ല. നാം സന്തോഷത്തോടെ ചിലർക്ക് കൂടുതൽ ശമ്പളം കൊടുക്കും, വേറെ ചിലർക്ക് ശമ്പളം കുറവാണെങ്കിലും നാം അസംതൃപ്തിയോടെ ആയിരിക്കും കൊടുക്കുന്നത്. ഇതെന്തുകൊണ്ടാണ് ?
അതെ കാര്യമാണ് അംബാനിയുടെ ശമ്പളത്തിനും. നാം shareholder എന്ന നിലക്ക് എല്ലാ CEO നും ഒരേ ശമ്പളം കൊടുക്കാൻ തയ്യാറാവില്ല. നമുക്ക് ഷെയർ ഉള്ള കംപനിയുടെ ലാഭം കൂടണം, അങ്ങനെ നമ്മുടെ ഷെയർ ഉയരണം എന്നാണ് നമ്മുടെ മോഹം. നമ്മുടെ കമ്പനിയുടെ ലാഭം കൂട്ടാൻ എല്ലാ CEO മാർക്കും ഒരുപോലെ കഴിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അംബാനിയെ സ്നേഹിച്ചാലും എതിർത്താലും ഒരു കാര്യം അംഗീകരിക്കാതെ വയ്യ. കമ്പനിക്കു ലാഭമുണ്ടാക്കുന്നതിൽ അംബാനി മിടുക്കൻ ആണ്. പണ്ട് ഇന്ദിര - രാജീവ് ഗാന്ധി കാലത്തു Congress (I) പാർട്ടിയോട് ധിരുഭായ് അംബാനിക്കുള്ള അടുപ്പം മൂലമാണ് റീലയൻസ് കമ്പനി ലാഭമുണ്ടാക്കുന്നതു എന്ന് പരക്കെ ആരോപിക്കപ്പെട്ടിരുന്നു. ആ ആരോപണം ഉന്നയിച്ചവരിൽ പ്രധാനി ജേർണലിസ്റ് അരുൺ ഷൂരി ആണ്. ഇപ്പോൾ അരുൺ ഷൂരിയുടെ BJP അധികാരത്തിലുള്ളപ്പോൾ BJP യോടു മുകേഷ് അംബാനിക്കുള്ള അടുപ്പം മൂലമാണ് റീലയൻസ് കമ്പനി ലാഭമുണ്ടാക്കുന്നതു എന്ന് പരക്കെ ആരോപിക്കപ്പെടുന്നു.
അംബാനിയുടെ സത്യസന്ധതയും ആദർശവും എല്ലാം നമുക്ക് ചോദ്യം ചെയ്യാം. പക്ഷെ ഏതു പാർട്ടി ഭരിച്ചാലും കമ്പനിക്കു ലാഭമുണ്ടാക്കാൻ പുള്ളിക്ക് കഴിവുണ്ട് എന്നതിൽ തർക്കമില്ല. അതുകൊണ്ടു അംബാനിക്ക് പ്രതിവർഷം 15 കോടി രൂപ കൊടുക്കുന്നതിനു പകരം shareholder എന്ന നിലക്ക് അംബാനിക്ക് പ്രതിവർഷം 150 കോടി രൂപയോ 1,500 കോടി രൂപയോ 15,000 കോടി രൂപയോ കൊടുത്താലും shareholder എന്ന നിലക്ക് നമുക്ക് ലാഭമാണ്.
രണ്ടാമത് - വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക അന്തരം income inequality ഒരു പരിധിയിൽ കൂടാതെ നോക്കുന്നതാണ് ഒരു സമൂഹത്തിന്റെ കടമ. മുതലാളിത്ത വ്യവസ്ഥിതിയിൽ കഴിവുള്ളവർക്ക് കൂടുതൽ കാശു കിട്ടും എന്ന് പറയുന്നതു പൊതുവെ ശരിയാണ്. അതുകൊണ്ടു അവരുടെ കാര്യമല്ല സമൂഹവും സർക്കാരും ശ്രദ്ധിക്കേണ്ടത്. മുതലാളിത്ത വ്യവസ്ഥിതിയിൽ കഴിവ് കുറഞ്ഞവർക്ക് തുച്ഛമായ ശമ്പളം കിട്ടുമെന്ന് മാത്രമല്ല ചിലപ്പോൾ ഒന്നും കിട്ടിയില്ല എന്നും വരാം. അത് തടയുക എന്നത് ഒരു പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്.
കൂടുതൽ ശമ്പളം കിട്ടുന്നവരിൽ നിന്ന് ഉയർന്ന നികുതി ഈടാക്കുക എന്നത് പ്രധാനമാണ്. നിർഭാഗ്യവശാൽ അമേരിക്കയിൽ ഈയിടെ പണക്കാർക്കുള്ള നികുതി കുറക്കുകയും ഇടത്തരക്കാരുടെ നികുതി കൂടുകയും ആണ് ഉണ്ടായതു. ഈയിടെ അമേരിക്കയിൽ എല്ലാം തലതിരിഞ്ഞാണല്ലോ. അടുത്ത 2020 തിരഞ്ഞെടുപ്പിൽ അല്ലെങ്കിൽ 2024 ൽ ശ്രീ ഡൊണാൾഡ് ജി പുറത്തുപോകുമെന്നു സമാധാനിക്കാം.
രണ്ടാമത്തെ വശം മിനിമം ശമ്പളമാണ്. എന്റെ അറിവിൽ ഇന്ത്യയിൽ മിനിമം ശമ്പളം സംബന്ധിച്ച നിയമം വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നില്ല. യൂണിയൻ ഇല്ലാത്ത വലിയ പ്രൈവറ്റ് കമ്പനികളിൽ പലപ്പോഴും മിനിമം ശമ്പളം വളരെ ചെറുതാണെന്നാണ് വാസ്തവം. ഇതിനെതിരെ ശക്തമായ നിയമനിർമാണം വേണം.
ഉദാഹരണത്തിന് അമേരിക്കയിൽ മിനിമം ശമ്പളം നിയമങ്ങൾ വളരെ ശക്തമാണ്. പക്ഷെ വലതുപക്ഷ ശക്തികൾ കാരണം മിനിമം ശമ്പളം സമയത്തിന് കൂട്ടാറില്ല, അതുകൊണ്ടു ജനങ്ങൾക്ക് വേണ്ട സംരക്ഷണം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കമ്പനികളുടെ ഷെയർ ഉടമകൾക്ക് വൻ ലാഭം ലഭിക്കുമ്പോളും പാവപ്പെട്ട തൊഴിലാളികളുടെ മിനിമം ശമ്പളം മണിക്കൂറിനു $7.25 ൽ നിന്ന് $10 അല്ലെങ്കിൽ $15 ആക്കാൻ മടി കാണിക്കുന്നത് ദുഖകരമാണ്.
ഇതിനു പുറമെ ഫ്രീ ആയി വിദ്യാഭ്യാസം - ആരോഗ്യം - പെൻഷൻ എന്നീ social safety net മേഖലകൾ വഴിയും സമൂഹത്തിലെ സാമ്പത്തിക അസമത്വം income inequality ഒരു പരിധിയിൽ കൂടാതെ നോക്കാൻ പറ്റും. നിർഭാഗ്യവശാൽ ഇന്ത്യയിലും അമേരിക്കയിലും സർക്കാരുകൾ പൊതുവെ social safety net കുറക്കുക അല്ലെങ്കിൽ ദുർബലമാക്കുകയാണ് ചെയുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ചിലർ വിമാനത്തിൽ പോകുമ്പോൾ ചിലർ ബസ്സിലും ചിലർ സൈക്കിളിലും ചിലർ നടന്നിട്ടും പോകുന്നു എന്ന് പറഞ്ഞല്ലോ. സാമ്പത്തിക അസമത്വം കുറക്കാൻ വിമാനത്തെ നിരോധിക്കുകയല്ല ചെയ്യേണ്ടത്. നടന്നും സൈക്കിളിലും പോകുന്നവർക്ക് ബസ്സിൽ പോകാൻ അവസരം നൽകുകയാണ് വേണ്ടത്. അംബാനിക്ക് എന്തിനാണ് 15 കോടി രൂപ ശമ്പളം എന്നല്ല നാം ആലോചിക്കേണ്ടത്. പാവപ്പെട്ട തൊഴിലാളികൾക്ക് ന്യായമായ ശമ്പളം നല്കാൻ എന്ത് നടപടികൾ വേണം എന്നാണ് നാം ചിന്തിക്കേണ്ടത്.
Partha Sarathy ഫെയ്സ്ബുക്കില്‍ കുറിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."