എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ എല്ലായിടത്തും തൊഴിലില്ലായ്മ ഇല്ലെന്നും അദ്ദേഹം വാദിച്ചു. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിനിടയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് രാജ്യത്തെ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയത്.
2013-14ല്‍ 4.9 ശതമാനമായിരുന്നു തൊഴിലില്ലായ്മയെങ്കില്‍ 2015-16 ല്‍ ഇത് അഞ്ചുശതമാനമായി വര്‍ധിച്ചുവെന്നാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആരോപണമുന്നയിച്ചത്. ഏറ്റവും പുതിയ തൊഴില്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടുപ്രകാരം 1.52 ലക്ഷം കരാര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ട് നിരോധനമാണ് യഥാര്‍ഥത്തില്‍ തൊഴില്‍ മേഖലക്ക് തിരിച്ചടിയുണ്ടാക്കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനെതിരായ പ്രതികരണത്തിലാണ് എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയത്.
എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനും അതിനുള്ള കൃത്യമായ ഒരു കണക്കുണ്ടാക്കാനും കഴിയില്ല. എന്നാല്‍ അഴിമതി വിരുദ്ധ നടപടികള്‍, പാവപ്പെട്ടവര്‍ക്കുള്ള വിവിധ പദ്ധതികള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ മോദിയുടെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ എട്ടുകോടി ജനങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള അവസരങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ച് വ്യക്തമാക്കിയ മാധ്യമ പ്രവര്‍ത്തകരോട് പരുഷമായി സംസാരിച്ച അമിത്ഷാ, മാധ്യമങ്ങളാണ് തൊഴിലില്ലായ്മയുണ്ടാക്കുന്നതെന്ന് ആരോപിച്ചു. മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയല്ല, ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ക്കറിയാം. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് രാജ്യത്ത് തൊഴിലില്ലായ്മയാണെന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അമിത്ഷാ ആരോപിച്ചു.
രാജ്യത്തെ പ്രമുഖ കമ്പനികളായ എല്‍.ആന്‍ഡ് ടി 14,000 തൊഴിലാളികളെയാണ് കുറച്ചത്. എച്ച്.ഡി.എഫ്.സി ബാങ്ക് 10,000വും ടാറ്റമോട്ടോഴ്‌സ് 1500ഉം, ഐ.ടി മേഖലകളില്‍ നിന്ന് 50,000 പേരെയുമാണ് പിരിച്ചുവിട്ടത്. 2014ലെ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി വ്യാപകമായ പ്രചാരണം നടത്തിയിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ജനകീയ മുഖമാണ് മോദിയെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയ അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചില മാധ്യമങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണെന്ന ആരോപണമാണ് മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."