വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി നടന്നത് സി.പി.ഐ നേതാവിന്റെ റിസോര്‍ട്ടില്‍
12 സ്ത്രീകളടക്കം 59 പേര്‍ പങ്കെടുത്തു; 9 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: വാഗമണ്ണില്‍ സി.പി.ഐ നേതാവിന്റെ റിസോര്‍ട്ടില്‍ ലഹരിയൊഴുകിയ നിശാപാര്‍ട്ടി. വിവിധ ജില്ലകളില്‍ നിന്നുള്ള യുവതിയടക്കം 9 പേരെ പൊലിസ് നാര്‍കോട്ടിക് സെല്‍ അറസ്റ്റ് ചെയ്തു. 12 സ്ത്രീകളടക്കം 59 പേര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ പൊലിസ് നടത്തിയ റെയ്ഡില്‍ എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തു.
ജന്മദിനാഘോഷത്തിന്റെ മറവില്‍ വാഗമണ്‍ വട്ടപ്പതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചത്. തൊടുപുഴ സ്വദേശി അജ്മല്‍(30), തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ്(23), മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍(26), എടപ്പാള്‍ സ്വദേശി നബീല്‍(36), കോഴിക്കോട് സ്വദേശികളായ സല്‍മാന്‍(38), അജയ്(41), ഷൗക്കത്ത്(36), കാസര്‍കോട് സ്വദേശി മുഹമ്മദ് റഷീദ്(31), ചാവക്കാട് സ്വദേശി നിഷാദ്(36) എന്നിവരാണ് പിടിയിലായത്.ജില്ലാപൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിയാണ് നാര്‍കോട്ടിക് സെല്‍ റെയ്ഡ് നടത്തിയത്. സി.പി.ഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഒറ്റപ്പെട്ട സ്ഥലമായതുകൊണ്ടാണ് ഈ റിസോര്‍ട്ട് സംഘം തെരഞ്ഞെടുത്തത്. റിസോര്‍ട്ടിന്റെ ഒരു മുറി ഒഴിച്ചുള്ളവയെല്ലാം ബുക്ക് ചെയ്തിരുന്നു. പുലര്‍ച്ചെ വരെയാണ് പാര്‍ട്ടി തീരുമാനിച്ചിരുന്നത്. മൂന്ന് മുറി മാത്രമാണ് സംഘം ബുക്ക് ചെയ്തതെന്നതടക്കമുള്ള ഉടമയുടെ വാദങ്ങള്‍ പൊലിസ് തള്ളി.
സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ആളെ കണ്ടെത്തി നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളും ജോലിക്കാരും ബിസിനസുകാരുമടക്കം വിവിധ മേഖലകളിലുള്ളവരാണ് പങ്കെടുത്തതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ എ.എസ്.പി എസ്. സുരേഷ്‌കുമാര്‍ പറഞ്ഞു. എം.ഡി.എം.എ പൊടി, കഞ്ചാവ്, ചരസ്, ക്രിസ്റ്റല്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, എക്സ്റ്റസി ടാബ്‌ലറ്റ്, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷം റിസോര്‍ട്ട് ഉടമയടക്കമുള്ളവരെ പ്രതി ചേര്‍ക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ശേഷം കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ഷാജി കുറ്റിക്കാടിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ ശിവരാമന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."