ജീവിതം ഒരു കാല്‍പന്തുകളി
ഗാലറിയിലിരുന്ന് കാല്‍പന്തുകളി കാണുന്ന കാണികള്‍ കളിയും കളിക്കളവും മാത്രമാണ് പൊതുവെ കാണാറുള്ളത്. ആ കളി കണ്ട് അവര്‍ ആവേശഭരിതരാവുകയും ഗാലറിക്കപ്പുറത്തുവച്ച് അത്തരം കളികള്‍ അനുകരിക്കുകയും ചെയ്യും. എന്നാല്‍, അല്‍പംകൂടി ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്ക് ആ കളിക്കപ്പുറം ചില ജീവിതയാഥാര്‍ഥ്യങ്ങള്‍കൂടി അവിടെ കാണാന്‍ കഴിയും. അവയില്‍ ഏതാ നും ചിലതു മാത്രം ഇവിടെ വിശദീകരിക്കാം:
1) ലോകം ഈ കളിക്കളം പോലെയാണ്. അതിലെ കളിക്കാര്‍ ജീവിക്കാന്‍ വേണ്ടി വന്ന മനുഷ്യര്‍. കളിക്കാന്‍ വേണ്ടിവന്നവര്‍ ഒരിക്കലും കളിക്കളത്തില്‍ വെറുതെയിരുന്ന് സമയം കളയാറില്ല. ജീവിക്കാന്‍ വേണ്ടി വന്നവര്‍ ജീവിക്കാതെ വെറുതെയിരുന്ന് സമയംകളയരുത്.
2) ഗ്രൗണ്ടിന്റെ രണ്ടറ്റത്തും ഗോള്‍ പോസ്റ്റുകള്‍ കാണാം. ഈ ഗോള്‍ പോസ്റ്റുകളാണ് രണ്ടു ടീമുകളെയും കളിപ്പിക്കുന്നത്. ഇരുവിഭാഗവും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമ്പോള്‍ ഏതെങ്കിലുമൊരുത്തന്‍ വന്ന് ഗോള്‍ പോസ്റ്റുകള്‍ എടുത്തുകളഞ്ഞാല്‍ തുടര്‍ന്നങ്ങോട്ട് കളിക്ക് പ്രസക്തിയില്ല. കളിയായി അതിനെ ആരും പരിഗണിക്കുകയുമില്ല. ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യം വേണം. ലക്ഷ്യങ്ങളാണ് ജീവിതത്തെ ജീവിതമാക്കുന്നതും മുന്നോട്ടു കൊണ്ടു
പോകുന്നതും. യാതൊരു ലക്ഷ്യവുമില്ലാതെ ജനിച്ചതുകൊണ്ട് ജീവിച്ചു
പോകുന്നവരുടെ ജീവിതം നിരര്‍ഥകം. അതൊരു ജീവിതമായി ആരും പരിഗണിക്കുകയേ ചെയ്യില്ല.
3) ഗോള്‍ പോസ്റ്റിനു മുന്നില്‍ നമ്മുടെ കിക്കുകള്‍ പ്രതിരോധിക്കാനായി ഒരു ഗോളി നില്‍പ്പുണ്ടാകും. ലക്ഷ്യത്തിലേക്കു കുതിക്കുമ്പോള്‍ നമ്മെ തടയാനും പ്രതിരോധിക്കാനും
എതിരാളികള്‍ അനേകം കാണും. എതിരാളികളുണ്ടെന്നു കരുതി പിന്തിരിയുന്നത് ഗോളിയുണ്ടെന്നു കരുതി ഗോളടിക്കാതെ പിന്മാറുന്നതുപോലെ വിഡ്ഢിത്തമാണ്. എതിരാളികളെ മറികടന്ന് ലക്ഷ്യത്തിലേക്കു കുതിക്കുന്നിടത്താണ് നമ്മുടെ കഴിവും യോഗ്യതയും കിടക്കുന്നത്. അപ്പോഴേ ജേതാവ് എന്ന നിലവാരത്തിലേക്കു
നാം ഉയരുകയുള്ളൂ.
4) സമയബന്ധിതമായിരിക്കും കളി. സമയത്തിനു മുന്‍പേ തുടങ്ങാനോ, സമയം തീര്‍ന്നാല്‍ തുടരാനോ ആരും അനുവദിക്കില്ല. നിശ്ചിത സമയം മുതല്‍ ആരംഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ അവസാനിക്കുന്നതാണ് ജീവിതം. സമയത്തിനു മുന്‍പേ ജീവിതം തുടങ്ങാനോ, സമയത്തിനുശേഷം ജീവിതം തുടരാനോ കഴിയില്ല. നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ കളിക്കണം. കിട്ടിയ സമയത്തു തന്നെ ജീവിക്കണം. സമയം ആയിത്തുടങ്ങിയാല്‍ പിന്നെ ഒരു നിമിഷം പോലും വിശ്രമിക്കരുത്. വിശ്രമിച്ചാല്‍ എതിരാളികള്‍ വിജയിക്കുകയും നാം പരാജയപ്പെടുകയും ചെയ്യും. പാഴായിപ്പോകുന്ന ഓരോ നിമിഷവും ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം അവനെ പരാജയത്തിലേക്കു നയിക്കുന്നതാണ്. ജീവിതത്തിലെ ഒാരോ നിമിഷങ്ങള്‍ക്കും കണക്കാക്കാനാവാത്തത്ര വിലയുണ്ട്. വെറുതെയിരിക്കാനൊരു സമയം എന്നൊരു സമയമില്ല. വെറുതെയിരിക്കാനായി ഒരു നിമിഷം
പോലും ദൈവം തമ്പുരാന്‍ നമുക്കു അനുവദിച്ചിട്ടില്ലെന്നതാണ് അതിനു കാരണം. എങ്കില്‍ മണിക്കൂറുകളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും വൃഥാവിലാക്കുന്നവരുടെ ഗതി എത്ര വലിയ ദുര്‍ഗതി...!
5) നമ്മുടെ ശ്രദ്ധതെറ്റിക്കുന്ന പല കാഴ്ചകളും കളിക്കളത്തിലും പരിസരങ്ങളിലുമുണ്ടാകും. കളിക്കാരന്‍ അവയിലേതെങ്കിലുമൊന്നിലേക്കു തിരിഞ്ഞാല്‍ അതവന്റെ പരാജയമാണ്. എന്തുതന്നെ വന്നാലും ലക്ഷ്യത്തില്‍ മാത്രമാവണം ശ്രദ്ധ. ജീവിതലക്ഷ്യം വഴിമാറിപ്പോയാല്‍ നാം വഴിതെറ്റി പരാജയത്തിന്റെ പടുകുഴിയില്‍ പതിക്കും. യാത്രികന്‍ വഴിയോരക്കാഴ്ചകളില്‍ കുടുങ്ങിപ്പോയാല്‍ അവന്റെ യാത്ര അവതാളത്തിലാകും. ലക്ഷ്യത്തിലെത്താന്‍ അവനു കഴിയില്ല. കഴിഞ്ഞാല്‍തന്നെ വളരെ വൈകി മാത്രമേ അവനെത്താനാവുകയുള്ളൂ.
6) കളിയില്‍ ജയ-പരാജയങ്ങള്‍ സ്വാഭാവികം. പരാജയപ്പെട്ടതിന്റെ പേരില്‍ ഒരു ടീമും ഇനി ഞങ്ങള്‍ കളിക്കാന്‍ യോഗ്യരല്ലെന്നു പറഞ്ഞ് പിന്തിരിഞ്ഞിട്ടില്ല. പകരം, തോല്‍വിയില്‍നിന്ന് പാഠങ്ങളുള്‍കൊണ്ട് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചകളാണുണ്ടാകാറുള്ളത്. ജീവിതത്തില്‍ അടിക്കടിയുണ്ടാകുന്ന പരാജയങ്ങള്‍ നമ്മെ തളര്‍ത്താനോ, തകര്‍ക്കാനോ പാടില്ല. പരാജയങ്ങളില്‍നിന്ന് പാഠങ്ങളുള്‍കൊണ്ട് വീണ്ടും മുന്നോട്ടു
പോവുകയാണു വേണ്ടത്. പരാജയപ്പെടുന്നതല്ല, പരാജയം മൂലം മനസ് തകര്‍ന്നുപോകുന്നതാണ് പരാജയം.
7) കളിക്കളത്തില്‍ ഒരാള്‍ക്കു മാത്രം ഒരു ടീമിനോട് നേരിടാനാവില്ല. കൂട്ടാളികളുടെ സഹായം ആവശ്യമാണ്. വിജയം വ്യക്തിക്കല്ല, ടീമിനാണുണ്ടാവുക. പരാശ്രയം കൂടാതെ ആര്‍ക്കും ജീവിക്കാനോ, ജീവിതവിജയം നേടാനോ കഴിയില്ല. പലരുടെയും സഹായം വേണ്ടിവരും. അപ്പോള്‍ ഒരാളുടെ വിജയം എന്നാല്‍ അയാളുടെ മാത്രമല്ല, അതില്‍ ആര്‍ക്കെല്ലാം പങ്കുണ്ടോ അവരുടെയെല്ലാംകൂടി വിജയമാണ്. ടീം വിജയിച്ചത് ഒരാളുടെ ഗോളടികൊണ്ടാകാമെന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് ആ നിലയില്‍ ഒരു ക്രെഡിറ്റുണ്ടാകും. എന്നാലും വിജയം ടീമിനു മുഴുവനായിരിക്കും. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് ഒരാള്‍ക്കാണെങ്കിലും ആ വിജയം അവന്റെ മാത്രം വിജയമല്ല, അവന്റെ അധ്യാപകരുടെയും മാതാപിതാക്കളുടെയും അവനു സഹായികളായി ആരെല്ലാം ഉണ്ടായിരുന്നോ അവരുടെയെല്ലാം വിജയമാണ്.
8) പന്ത് ഗോള്‍ പോസ്റ്റിലെത്തിക്കാന്‍ ആരും എതിരാളികളെ വകവരുത്താറില്ല. അവരെ നിലത്തിടുകപോലും ചെയ്യാറില്ല. അത്തരം രീതികള്‍ ഫൗളായാണു ഗണിക്കപ്പെടുക. വിജയിക്കാന്‍ മറ്റുള്ളവരെ വകവരുത്തണമെന്ന ചിന്താഗതി വിജയത്തിലേക്കല്ല, പരാജയത്തിലേക്കാണു നയിക്കുക. സത്യത്തില്‍, ഒരു ടീമും എതിര്‍ ടീമിനെ പരാജയപ്പെടുത്തുക കൂടി ചെയ്യുന്നില്ല. പകരം അവര്‍ അവരുടെ ലക്ഷ്യവുമായി മുന്നോട്ടുകുതിക്കുന്നു. അങ്ങനെ വിജയിക്കുന്നു. വിജയിക്കുമ്പോള്‍ സ്വാഭാവികമായും എതിരാളികള്‍ പരാജയപ്പെട്ടുപോകുന്നു. അത്രയേ ഉള്ളൂ. മറ്റുള്ളവരെ പരാജയപ്പെടുത്തുകയല്ല, താന്‍ വിജയിക്കുമ്പോള്‍ എതിരാളികള്‍ പരാജയപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ. ജീവതത്തില്‍ നാം ചെയ്യേണ്ടതും അത്രയേ ഉള്ളൂ. ആരെയും പരാജയപ്പെടുത്തേണ്ടതില്ല. സാക്ഷാല്‍ പിശാചിനെപോലും പരാജയപ്പെടുത്താന്‍ മിനക്കടേണ്ട. ദൗത്യവുമായി മുന്നോട്ടുപോവുക മാത്രം ചെയ്താല്‍ മതി. അപ്പോള്‍ തടയാന്‍ വന്നവര്‍ പരാജയം സമ്മതിച്ചു പി
ന്മാറും.
9) കളിക്കളത്തേക്കാള്‍ വിശാലമായിരിക്കും ഗാലറി. കളിക്കാരെക്കാള്‍ കൂടുതലായിരിക്കും കാണികള്‍. കാണികള്‍ എന്നത് അതിലെ മുഖ്യഭാഗമാണ്. അവരുടെ പ്രോത്സാഹനങ്ങള്‍ കളിയുടെ വിജയത്തില്‍ മുഖ്യഘടകമാണ്. ജീവിതവിജയം നേടണമെങ്കില്‍ അതില്‍
പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും
പിന്തുണകളും അത്യാവശ്യമാണ്. വിജയ
പാതയില്‍ പലരും കാലിടറിപ്പോകുന്നത് നിരുത്സാഹനങ്ങളും അപമാനങ്ങളും അവഗണനകളും മൂലമാണെന്നു കാണാന്‍ കഴിയും. അതിനാല്‍ സ്വയം വിജയിക്കുക. വിജയിക്കാനിറങ്ങിയവരെ അവരുടെ വിജയത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
10) കളിയെ ആരോഗ്യകരമാക്കുന്നത് കളിക്കാരുടെ അര്‍പ്പണബോധമാണ്. കളി അവര്‍ക്ക് ഒരു ജോലിയോ, കടമതീര്‍ക്കലോ അല്ല. അതവര്‍ ആസ്വദിച്ചു ചെയ്യുന്നു. അതിനാല്‍ അതിന്റെ പേരില്‍ എത്ര വിയര്‍പ്പൊഴുക്കേണ്ടി വന്നാലും അവര്‍ക്കതൊരു പ്രശ്‌നമാകുന്നില്ല. ജീവിതത്തിലും നാം കൊണ്ടുനടക്കേണ്ടത് ഈ മനസ്ഥിതിയാണ്. ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിക്കുക. ചെയ്യുന്ന കര്‍മങ്ങള്‍ ആസ്വദിച്ചു ചെയ്യുക. അപ്പോള്‍ എത്ര വലിയ ത്യാഗവും നമുക്കു വിഷമലേശമന്യേ നിര്‍വഹിക്കാന്‍ കഴിയും.
11) കളിക്കളത്തില്‍ സംസാരത്തേക്കാള്‍ കൂടുതല്‍ കര്‍മങ്ങളാണുണ്ടാകാറുള്ളത്. ജീവിതത്തിലും അതുതന്നെയാണു വേണ്ടത്. കര്‍മങ്ങളനുഷ്ഠിക്കാതെ വെറുതെ ഡയലോഗുകളടിച്ചു നടക്കുന്നതുകൊണ്ടു കാര്യമില്ല. കര്‍മമാണു മര്‍മം. സംസാരിക്കാന്‍ നാവ് ഒന്നേയുള്ളൂ. രണ്ടു കൈകളും രണ്ടു കാലുകളും അടക്കം കര്‍മത്തിനായി നാല് അവയവങ്ങളുണ്ട്. കര്‍മത്തിന്റെ നാലില്‍ ഒരു ഭാഗമേ സംസാരമുണ്ടാകാവൂ എന്നര്‍ഥം. കുറച്ച് സംസാരിക്കുക. കൂടുതല്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."