നവീകരണം ദ്രുതഗതിയില്‍; ആറു ഹെലിപ്പാഡുകള്‍ സജ്ജം
മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫ, മിന എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍. രണ്ടു സ്ഥലങ്ങളിലെയും പള്ളികളുടെ അറ്റകുറ്റപ്പണികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
അറഫയില്‍ മസ്ജിദുന്നമിറയും മിനയിലെ ഖൈഫ് പള്ളിയുടെയും പ്രവൃത്തികളാണ് പൂര്‍ത്തിയായിയിരിക്കുന്നത്. ജനലക്ഷങ്ങള്‍ കൂടുന്ന ഇരു പള്ളികളിലെയും വായു ശുദ്ധീകരണ സംവിധാനത്തിന്റെയും എയര്‍കണ്ടീഷന്‍ സംവിധാനത്തിനെയും നവീകരണ പ്രവൃത്തികളാണ് നടന്നിരുന്നത്.
പള്ളിക്കകത്ത് ശീതീകരണി ഉണ്ടെങ്കിലും ജനലക്ഷങ്ങള്‍ ഒരേസമയം സംഗമിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്റെ അളവ് കുറയല്‍ പരിഹരിക്കുന്നതിനാണ് എയര്‍കണ്ടീഷനിങ് രംഗത്തെ അതിനൂതന സംവിധാനങ്ങളും അതോടൊപ്പം വായു ശുചീകരണ സംവിധാനങ്ങളും ഒരുക്കിയത്. കൂടാതെ, ഇരു പള്ളികളിലെയും വൈദ്യുത, ജല വിതരണ സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും ചെയ്തു.
അതേസമയം, തിരക്കേറുന്ന സമയത്തും ഹജ്ജ് ദിവസങ്ങളിലും അടിയന്തര ചികിത്സ ആവശ്യമാകുന്ന തീര്‍ഥാടകരുടെ സഹായത്തിനായി ആറു ഹെലിപ്പാഡുകളും സജ്ജമാക്കിയിട്ടുണ്ട്. മക്കയിലെയും പുണ്യ സ്ഥലങ്ങളിലെയും ആശുപത്രികളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഹെലിപ്പാഡുകള്‍ ഒരുക്കിയിരിക്കുന്നത്.
മക്കയില്‍ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി, അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, ഹിറാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും പുണ്യസ്ഥലങ്ങളില്‍ ഈസ്റ്റ് അറഫ ആശുപത്രി, അറഫ ജനറല്‍ ആശുപത്രി, മിന അല്‍ത്വവാരി ആശുപത്രി എന്നിവിടങ്ങളിലുമാണ് ആറു ഹെലിപ്പാഡുകള്‍ സജ്ജീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."