കന്നുകാലികളുടെ കശാപ്പ് നിരോധനം: ജില്ലയില്‍ വ്യാപക പ്രതിഷേധം
അവസരം മുതലെടുത്ത് വ്യാപാരികള്‍ വിലയുയര്‍ത്തി
തൊടുപുഴ: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിതം കെട്ടിപ്പെടുത്തവര്‍ ആശങ്കയില്‍. മാട്ടിറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഏറ്റവുമധികം ബാധിക്കുന്നത് പരമ്പരാഗതമായി ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ്. നിരോധനം പ്രാബല്യത്തിലായാല്‍ ഇവരുടെ കുടുംബം പട്ടിണിയിലാവും. കന്നുകാലി കച്ചവടക്കാരുടെ ജീവിതവും വഴിമുട്ടും.
കേരളീയര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മാംസാഹാരം മാട്ടിറച്ചിയാണ്. ജാതിമതഭേദമെന്യേ വിവാഹസല്‍ക്കാരങ്ങളിലും മാട്ടിറച്ചി നിരോധനം തട്ടുകടകളെയും സാരമായി ബാധിക്കും. തട്ടുകടകളുടെ നിലനില്‍പു തന്നെ മാട്ടിറച്ചി പോലുള്ള വിഭവങ്ങളിലാണ്. ഹോട്ടല്‍ വ്യവസായവും സമാന പ്രതിസന്ധി നേരിടേണ്ടി വരും.
അതേസമയം മാട്ടിറച്ചിയില്‍ കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ഇറച്ചിക്കടകളില്‍ ഇന്നലെ വന്‍തിരക്ക് അനുഭവപ്പെട്ടു. കൂടുതലായും മാട്ടിറച്ചി വാങ്ങാനായിരുന്നു തിരക്ക്. അവസരം മുതലെടുത്ത് മാട്ടിറച്ചി വ്യാപാരികള്‍ ഇന്നലെ വിലയുയര്‍ത്തി. കിലോഗ്രാമിന് 280 ആയിരുന്നത് ഇന്നലെ 300 ആയി ഉയര്‍ത്തി.
വിജ്ഞാപനത്തിന്റെ നിയമസാധുതയെക്കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് നടപ്പായാല്‍ പരമ്പരാഗതമായി ചെയ്തു പോരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന സന്ദേഹമാണ് പലരും പങ്കുവെച്ചത്. അതേസമയം സിപിഎം അടക്കമുള്ള പ്രമുഖ രാഷ്ട്രീയപാര്‍ടികളും യുവജനസംഘടനകളും വിജഞാപനത്തിനെതിരെ സമരമുഖം തുറന്നത് ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരു തൊഴില്‍മേഖലയെ തന്നെ പാടേ തുടച്ചു നീക്കുന്ന തലതിരിഞ്ഞ വിജ്ഞാപനം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് പൊതുസമൂഹമാകെ ആവശ്യപ്പെടുന്നത്. പോത്തിന്റെ തലയുമേന്തി ഇന്നലെ കെ.എസ്.യു നേതൃത്വത്തില്‍ തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി.
കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ കോടികളുടെ സാമ്പത്തിക നഷ്ടമാണ് ജില്ലയില്‍ ഇറച്ചിവില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉണ്ടാകുക.
ജില്ലയിലെ പ്രധാന ചന്തയായ കൊടികുത്തിയില്‍നിന്നാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കു കന്നുകാലികള്‍ എത്തുന്നത്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണു ട്രെയിന്‍ മാര്‍ഗവും ലോറിമാര്‍ഗവുമായി ഇവ ഇവിടെ എത്തുന്നത്. തമിഴ്‌നാട്ടിലെ വന്‍കിട വ്യാപാരികളാണ് ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളിലെ കന്നുകാലിച്ചന്തകളില്‍നിന്ന് ഇവയെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. ഇടുക്കി ജില്ലയിലെ വിവിധ ചെക് പോസ്റ്റുകള്‍ വഴി പതിനായിരത്തിലധികം കന്നുകാലികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.
തേനി ജില്ലയിലെ കമ്പത്ത് എത്തിച്ച് അവിടെനിന്നാണ് ബുധനാഴ്ച ദിവസങ്ങളില്‍ ഇവയെ കൊടികുത്തി ചന്തയിലേക്കു കൊണ്ടുവരുന്നത്. കൊടികുത്തി ചന്തയില്‍ എത്തുന്നതുവരെ തമിഴ്‌നാട്ടില്‍നിന്നുള്ള വ്യാപാരികളുടെ മേല്‍ക്കോയ്മ ദൃശ്യമാണ്.
ഇവിടെനിന്നു വിവിധ പ്രദേശങ്ങളിലെ കശാപ്പുശാലകളിലേക്ക് അതിന്റെ നടത്തിപ്പുകാരും ഇടനിലക്കാരും ഇവയെ വാങ്ങും. അതിര്‍ത്തി മേഖലകളില്‍ ഉള്ളവര്‍ തമിഴ്‌നാട്ടില്‍ ഒട്ടംഛത്രം, കമ്പം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി വാങ്ങി വാഹനത്തില്‍ കൊണ്ടുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."