ഐ.എസ്.എല്‍ ബഹിഷ്കരണ ഭീഷണിയുമായി മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍. എട്ട് ടീമുകളില്‍ നിന്ന് പതിനൊന്ന് ടീമുകളാക്കി ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ച് ടൂര്‍ണമെന്റ് വിപുലീകരിക്കാനുള്ള ഐ.എസ്.എല്‍ അധികൃതര്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടീമുകളായ കൊല്‍ക്കത്തന്‍ കരുത്തര്‍ രംഗത്തെത്തിയത്. മൂന്ന് ടീമുകളില്‍ ഇരു ക്ലബുകളേയും ബംഗളൂരു എഫ്.സിയേയും ഉള്‍പ്പെടുത്താനാണ് നേരത്തെ ധാരണയുണ്ടായിരുന്നത്.
ഫ്രാഞ്ചൈസി ഫീസ് 15 കോടിയില്‍ ഇളവ് നല്‍കുന്നതടക്കം തങ്ങള്‍ മുന്നോട്ട് വച്ച മൂന്ന് നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ഐ.എസ്.എല്ലില്‍ പങ്കെടുക്കില്ലെന്നും കൊല്‍ക്കത്തയില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഇരു ക്ലബിന്റേയും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബുകള്‍ എന്ന പരിഗണന മുന്‍നിര്‍ത്തി ഫ്രാഞ്ചൈസി ഫീസ് ഈടാക്കാതിരിക്കുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നതാണ് തങ്ങളുടെ കാര്യമായ ആവശ്യമെന്ന് അധികൃതര്‍ പറയുന്നു. ഒപ്പം ഐ.എസ്.എല്ലിലെ ഹോം വേദി സംബന്ധിച്ചും ഉചിതമായ തീരുമാനം എടുക്കണം.
ഐ.എസ്.എല്‍ പ്രവേശത്തിന്റെ ഭാഗമായി ബംഗളൂരു എഫ്.സി രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഒരു രേഖയും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും ഐ.എസ്.എല്‍ പ്രവേശത്തിന് കൊല്‍ക്കത്തന്‍ ക്ലബുകള്‍ക്ക് തടസമായി നില്‍ക്കുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ തലവന്‍ പ്രഫുല്‍ പട്ടേലാണെന്നും ഈസ്റ്റ് ബംഗാള്‍ വക്താവ് ദേബബ്രത സര്‍കാര്‍ ആരോപിച്ചു.
ജൂണ്‍ ഏഴിന് ക്വാലാംലപൂരില് നടക്കുന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഇരു ക്ലബുകളും വ്യക്തമാക്കി. വിഷയത്തില്‍ കൊല്‍ക്കത്തന്‍ കരുത്തര്‍ യോജിച്ചാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."