കുറുപ്പന്തറയില്‍ പണമിടപാട് സ്ഥാപന ഉടമയെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാവാമെന്ന് പൊലിസ്
കടുത്തുരുത്തി: കുറുപ്പന്തറ ചിറയില്‍ സ്റ്റീഫന്‍ പത്രോസിനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാവാമെന്ന് പൊലിസ്. ബുധനാഴ്ചയാണ് സ്റ്റീഫന്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. കൂടാതെ ഡോഗ് സ്ക്വാഡ്,ഫിംഗര്‍പ്രിന്റ്്, സയന്റിഫിക് തുടങ്ങിയ ടീമുകളെല്ലാം സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. അതിക്രൂരമായ രീതിയിലാണ് സ്റ്റീഫനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.
ദേഹത്ത് പതിനഞ്ചിലധികം മുറിവുകളുണ്ട്. ദുരൂഹത നീക്കാനാവാതെ ഇപ്പോഴും പൊലിസ് കുഴങ്ങുന്ന സ്ഥിതിയാണ്. രാത്രിയില്‍ കോട്ടയം എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. കൊലപാതകം നടന്ന ബുധനാഴ്ച സ്റ്റീഫന്റെ ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ചും ബന്ധുക്കള്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം നടക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന രീതിയിലാണ് സ്റ്റീഫന്റെ ദേഹത്തുള്ള മുറിവുകള്‍. കാലില്‍ വെട്ടിവീഴ്ത്തിയ ശേഷം കഴുത്തിലും ഒന്നിലധികം തവണ വെട്ടുകയും ഇടുപ്പിലും പുറത്തും ആഴത്തില്‍ കുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ക്വട്ടേഷന്‍ സംഘത്തിന്റെ രീതിയിലുള്ളതാണെന്നാണ് പൊലിസ് അനുമാനിക്കുന്നത്. സ്റ്റീഫന്റെ അടുത്ത ബന്ധുക്കളുടെയും മറ്റും മൊഴി ഇന്നലെ പൊലിസ് സംഘം രേഖപ്പെടുത്തി. സ്റ്റീഫന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച 2.30ന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."