നജ്മല്‍ ബാബുവിനോട് ബന്ധുക്കള്‍ കാണിച്ചത് അനീതി
കൊടുങ്ങല്ലൂര്‍: നെറികേടുകളോട് കലഹിച്ച് നക്‌സലൈറ്റ് ആയി ജീവിക്കുകയും പിന്നീട് ഉന്മൂലന സിദ്ധാന്തം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന പ്രഖ്യാപനത്തോടെ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത ടി.എന്‍ ജോയി എന്ന നജ്മല്‍ ബാബുവിനോട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കാണിച്ചത് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് സുഹൃത്തുക്കള്‍. ഇസ്‌ലാം സ്വീകരിച്ച നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹം അഗ്‌നിക്കിരയാക്കിയതില്‍ അവര്‍ വേദനയോടെയാണ് പ്രതികരിച്ചത്.
തങ്ങളാരും വിശ്വാസികളല്ല, എന്നാല്‍ താന്‍ ഇസ്‌ലാം സ്വീകരിച്ചതായും മരണശേഷം ഇസ്‌ലാമിക രീതിയില്‍ ഖബറടക്കം നടത്തണമെന്നും നജ്മല്‍ബാബു രേഖാമൂലം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാം. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ബന്ധുക്കളും ചില രാഷ്ട്രീയ കേന്ദ്രങ്ങളും ചേര്‍ന്ന് മാനുഷിക പരിഗണനപോലും നല്‍കാതെ മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
നജ്മല്‍ബാബുവിന്റെ സുഹൃത്തുക്കളും ആക്ടിവിസ്റ്റുകളുമായ റിജോയ്, അനൂപ്, രാമന്‍ ബിനീഷ്, വാണി പ്രയാഗ്, സുധി ഷണ്‍മുഖന്‍, ബിജോയ് അരവിന്ദന്‍ എന്നിവരാണ് അന്ത്യാഭിലാഷം അനുവദിക്കാതെ മൃതദേഹം കത്തിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ പൊലിസ് മൈതാനിയില്‍ നിന്നു വീട്ടുകാര്‍ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഇവര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍ ഇവരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൃതദേഹം നജ്മല്‍ബാബുവിന്റെ വീട്ടിലേക്ക് എത്തിക്കാന്‍ പൊലിസ് തിടുക്കം കൂട്ടുകയും ചെയ്തു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ പ്രധാനിയായിരുന്ന നീലകണ്ഠദാസിന്റെ മകനാണ് മരിച്ച നജ്മല്‍ബാബു. മരണംവരെയും മതേതര ചിന്തകള്‍ക്കുടമയായിരുന്ന മികച്ച കമ്മ്യൂണിസ്റ്റായാണ് ആ പിതാവ് അറിയപ്പെടുന്നത്. എന്നാല്‍ ആ വലിയ മനുഷ്യന്റെ മൂല്യങ്ങള്‍ നീലകണ്ഠദാസിന്റെ മകന്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ കാറ്റില്‍ പറത്തിയെന്ന് നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തുന്നു. സി.പി.ഐ പ്രവര്‍ത്തകരായ നജ്മലിന്റെ ബന്ധുക്കള്‍ ആര്‍.എസ്.എസിനേക്കാള്‍ വലിയ വര്‍ഗീയ നിലപാടുകളാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളുടെ കാര്യത്തില്‍ സ്വീകരിച്ചതെന്നാണ് ആക്ഷേപം. കൊടുങ്ങല്ലൂരിലെ പൊലിസ് മൈതാനിയില്‍ നിന്നു വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളെയാണ് വീട്ടുകാര്‍ സഹായത്തിനായി സമീപിച്ചത്.
അതിലൊരാള്‍ കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റിലുള്ള വ്യക്തിയായിരുന്നിട്ടും സി.ഐ അയാളോട് സുഹൃത്തിനോടെന്നപോലെയാണ് പെരുമാറിയിരുന്നതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തോട് സി.പി.ഐക്കാരായ നജ്മലിന്റെ വീട്ടുകാര്‍ക്ക് എങ്ങിനെയാണ് സൗഹാര്‍ദമുണ്ടായതെന്നത് അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സൈമണ്‍ മാസ്റ്ററുടെ അന്ത്യകര്‍മങ്ങളില്‍ കൈകടത്തിയ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ അതേ നിലപാടുകള്‍ തന്നെയാണ് നജ്മല്‍ ബാബുവിന്റെ ബന്ധുക്കളും സ്വീകരിച്ചത്. സൈമണ്‍മാസ്റ്ററുടെ മൃതശരീരം അദ്ദേഹത്തിന്റെ ഒസ്യത്തിനു വിരുദ്ധമായി മെഡിക്കല്‍കോളജിനു വിട്ടുനല്‍കാന്‍ പ്രയത്‌നിച്ചത് ഇ.ടി ടൈസന്‍ എം.എല്‍.എയാണെങ്കില്‍ നജ്മല്‍ബാബുവിന്റെ മൃതദേഹത്തിനുവേണ്ടി കരുക്കള്‍ നീക്കിയത് വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയാണ്. രണ്ടുപേരും സി.പി.ഐക്കാരാണെന്നത് മറ്റൊരു വിധി വൈപരീത്യം.
അതേസമയം നജ്മല്‍ ബാബുവിന്റെ ഒസ്യത്ത് നടപ്പിലാക്കാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും ബന്ധുക്കളുടെ പിടിവാശിക്കുമുന്നില്‍ നിസഹായരായെന്നും ചേരമാന്‍ ജുമാമസ്ജിദ് കമ്മിറ്റിഭാരവാഹികള്‍ സുപ്രഭാതത്തോട് വ്യക്തമാക്കി.
സമൂഹത്തില്‍ കലുഷിതാന്തരീക്ഷം ഉണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയില്ലായിരുന്നു. മതേതര ചിന്താഗതിക്കാരായി അറിയപ്പെടുന്ന നജ്മല്‍ ബാബുവിന്റെ ബന്ധുക്കള്‍ ഇത്രപെട്ടെന്ന് ഇടുങ്ങിയ നിലപാട് സ്വീകരിച്ചതില്‍ ഖേദമുണ്ട്.
അതേ സമയം നജ്മല്‍ ബാബുവിനുവേണ്ടി പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടത്തിയെന്നും അവര്‍ വിശദീകരിച്ചു.
നജ്മല്‍ ബാബുവിനോട് കാണിച്ച മനുഷ്യത്വമില്ലായ്മയില്‍ പ്രതിഷേധിച്ച് സുഹൃത്തുക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ കൂട്ടായ്മയും മയ്യിത്ത് നിസ്‌കാരവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധ സൂചകമായി
കമല്‍ സി. ചവറ ഇസ്‌ലാമിലേക്ക്
തൃശൂര്‍: എഴുത്തുകാരന്‍ കമല്‍ സി. ചവറ ഇസ്‌ലാമിലേക്ക്. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നത്. ഫേസ്ബുക്കിലൂടെ കമല്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കമല്‍ സി. നജ്മല്‍ എന്നാണ് പുതിയ പേര്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്. ഇന്ത്യയില്‍ മുസ്‌ലിം ആവുകായെന്നത് വിപ്ലവ പ്രവര്‍ത്തനമാണ്. മുസ്‌ലിമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയാറെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു. ഇസ്‌ലാമിന്റെ മൂല്യങ്ങളും ആശയാദര്‍ശങ്ങളും പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് താന്‍ ഇസ്‌ലാം സ്വീകരിക്കുന്നതെന്ന് അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍വച്ച് ഇന്ന് ഔദ്യോഗികമായി ഷഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."