HOME
DETAILS

അന്ത്യനാളിന്റെ അടയാളങ്ങള്‍ പുലരുക ഇങ്ങനെയാണ്

  
backup
October 04 2018 | 23:10 PM

world-ends-symptoms-velliprabhaatham-spm-today-articles

ലോകാവസാനം സുനിശ്ചിതമാണ് എന്ന് ഇസ്‌ലാം തീര്‍ത്തുപറയുന്നു. ഭൗതികശാസ്ത്രമാവട്ടെ, നമ്മുടെ പ്രപഞ്ചത്തിന് ഉണ്ടാകുവാന്‍ പോകുന്ന വൃദ്ധിക്ഷയങ്ങള്‍ വിവരിക്കുമ്പോള്‍ ഒരുതരത്തില്‍ മതത്തിന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നുമുണ്ട്. എന്നാല്‍, ഇത് എന്നായിരിക്കും സംഭവിക്കുക എന്നതിനെ കുറിച്ച് ഒരു നിശ്ചിതമായ സമയവിവരം മനുഷ്യന് ലഭിച്ചിട്ടില്ല, അവനത് കണ്ടുപിടിക്കുവാനും കഴിഞ്ഞിട്ടില്ല. സ്രഷ്ടാവ് ആ രഹസ്യം മനുഷ്യന് അവന്റെ ദൂതന്‍മാരിലൂടെയോ ഗ്രന്ഥങ്ങള്‍ വഴിയോ കൈമാറിയിട്ടില്ല എന്നതാണ് ഇതിന്റെ മതപരമായ കാരണം.
പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കളുടെയും വസ്തുതകളുടെയും പ്രായം ഗണിക്കുവാന്‍ മനുഷ്യനു കഴിയാത്തതാണ് അതിന്റെ ഭൗതികമായ പ്രധാന കാരണം. എന്നാല്‍, തന്നില്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശ്വാസികളോടുള്ള ഒരു കാരുണ്യം എന്ന നിലക്ക് അന്ത്യനാളിന്റെ ചില ലക്ഷണങ്ങള്‍ നബി(സ)യിലൂടെ അല്ലാഹു വിശ്വാസി സമൂഹത്തിനു നല്‍കിയിട്ടുണ്ട്. ആ ലക്ഷണങ്ങള്‍ രണ്ടു തരത്തിലാണ്. ക്രമേണ ഉണ്ടായി വന്നുവന്ന് പുരോഗമിക്കുന്ന ചെറിയ അടയാളങ്ങളും അന്ത്യ കാഹളത്തിന്റെ തൊട്ടു മുമ്പായി സംഭവിക്കുന്ന വലിയ അടയാളങ്ങളും.
ഇവയില്‍ ചെറിയ അടയാളങ്ങള്‍ പല പ്രക്രിയകളും കാരണങ്ങളും വഴി ഉരുത്തിരിഞ്ഞുവരികയായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പാവങ്ങള്‍ സമ്പന്നരാവുക, അടിമ സ്വന്തം ഉടമയെ പ്രസവിക്കുക തുടങ്ങിയവയൊക്കെ ഇങ്ങനെ സംഭവിക്കുന്നതാണ്, ഒറ്റയടിക്ക് ഉണ്ടാവുന്നതല്ല. സാമൂഹ്യ സാഹചര്യങ്ങള്‍ മാറിവരികയും ക്രമേണ കാര്യങ്ങള്‍ ശീര്‍ഷാസനത്തിലാവുകയും ചെയ്യുകയായിരിക്കും. ഇത്തരം ചില സൂചനകള്‍ നമ്മുടെ സാമൂഹ്യ പരിസരത്ത് പ്രകടമായിക്കൊണ്ടിരിക്കുന്നുണ്ട്. അതാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം.
ഈ ചിന്ത നമുക്ക് ഇമാം ഹാകിം(റ), അബൂ യഅ്‌ലാ എന്നിവര്‍ അബൂ ഹുറൈറ(റ)യെ തൊട്ട് തങ്ങളുടെ മുസ്‌നദിലും ഇമാം ത്വബറാനീ, ബസ്സാര്‍ എന്നിവര്‍ അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ)വിനെ തൊട്ട് തങ്ങളുടെ സമാഹാരങ്ങളിലും ഉദ്ധരിക്കുന്ന ഹദീസുകളില്‍ നിന്നു തുടങ്ങാം. അന്ത്യനാളടുക്കുമ്പോള്‍ വ്യഭിചാരം വര്‍ധിക്കുകയും അത് പരസ്യമാകുന്നതില്‍ ഒരു പ്രയാസവുമില്ലാത്ത സാമൂഹ്യ സാഹചര്യം സംജാതമാവുകയും ചെയ്യും എന്നാണ് ഈ ഹദീസുകളില്‍ നബി(സ) പ്രവചിക്കുന്നത്. അതിന്റെ ഗൗരവം കാണിക്കുവാന്‍ പല സൂചനകളും നബി(സ)യുടെ വാക്കുകളിലുണ്ട്. പുരുഷനും സ്ത്രീയും ജനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ പരസ്യമായി വ്യഭിചരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അക്കാലത്ത് ഏറ്റവും ഉത്തമനായ വിശ്വാസി 'നിങ്ങള്‍ക്കൊന്നു വഴിയില്‍ നിന്നു മാറിക്കിടന്നുകൂടെ' എന്നു ചോദിക്കുവാന്‍ തയ്യാറാവുന്ന വ്യക്തിയായിരിക്കും എന്നും നബി(സ) പറയുമ്പോള്‍ അത് ആ ഗൗരവത്തിന്റെ സൂചനയാണ്. വഴിവക്കില്‍ പരസ്യമായി നിന്നുകൊണ്ട് കഴുതകള്‍ രമിക്കുന്നതുപോലെ മനുഷ്യന്‍മാര്‍ രമിക്കുന്ന കാലം എന്ന് ഒന്നുകൂടി തെളിച്ചുപറയുന്നുണ്ട് നബി(സ) ഈ ഹദീസുകളൊന്നില്‍.
അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി വ്യഭിചാരം വര്‍ധിക്കുന്നതിനെ ഇമാം ബുഖാരി, മുസ്‌ലിം എന്നിവര്‍ സംയുക്തമായി അനസ്(റ)വിനെ തൊട്ട് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഈ പറയുന്നതിന്റെ സാംഗത്യം തെളിയിക്കുന്ന ഒന്നാണ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ നികാഹിന്റെ അധ്യായത്തില്‍ അനസ്(റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്ന ഒരു കാര്യം. അന്ത്യനാളാവുമ്പോഴേക്കും സ്ത്രീകള്‍ വര്‍ധിക്കുമെന്നും ഒന്നിന് അന്‍പത് എന്നതായിരിക്കും സ്ത്രീ-പുരുഷ അനുപാതമെന്നും ആണത്.
ഒരു ഭാഗത്ത് സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയും അവര്‍ക്കെല്ലാം വേണ്ടവിധമുള്ള ലൈംഗികശമനത്തിന് വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ തികയാതെ വരികയും ചെയ്യുമ്പോഴായിരിക്കും ഇതൊക്കെ സംഭവിക്കുക എന്നു കരുതാം. എന്നാല്‍, സ്ത്രീകളുടെ അംഗസംഖ്യ വര്‍ധിക്കുന്നതുകൊണ്ടു മാത്രം ഇതുണ്ടായിക്കൊള്ളണമെന്നില്ല. പുരുഷന്‍മാരുടേതിന് തുല്യമായ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുവാനും അവ നേടിയെടുക്കുവാനും എല്ലാം സ്ത്രീകള്‍ ധൈര്യം കാണിക്കുകയും അവര്‍ക്കതിനു കഴിയുന്ന സാഹചര്യം ഉണ്ടായിത്തീരുകയും ചെയ്യുമ്പോഴായിരിക്കും ഇതെല്ലാം ഉണ്ടാവുക.
അത്തരം ഒരു സാമൂഹ്യാവസ്ഥയിലേക്ക് ലോകം മുഴുവനും അതിവേഗം വളര്‍ന്നുവരികയാണ് എന്നാണ് വര്‍ത്തമാനകാലം സൂചിപ്പിക്കുന്നത്. എന്നാല്‍, ഇത് ഒരു ഞെട്ടലായി രൂപാന്തരപ്പെടുന്നത് ഇന്ത്യപോലെ മൂല്യങ്ങളില്‍ മുറുകെപ്പിടിച്ച പാരമ്പര്യമുള്ള ഒരു രാജ്യത്ത് ഈ പ്രവണതക്ക് കളമൊരുങ്ങുന്നത് നേരില്‍ കാണുമ്പോഴാണ്. വിവിധ സംസ്‌കാരങ്ങളുടെ സ്വാധീനം കൊണ്ടു നഞ്ഞ ഈ മണ്ണില്‍ ഇങ്ങനെയുണ്ടാകുമ്പോള്‍ ധര്‍മബോധങ്ങള്‍ക്കുമേല്‍ കേവല ഇച്ഛകള്‍ ആധിപത്യം പുലര്‍ത്തുന്നതു നാം നേരിട്ടനുഭവിക്കുകയാണ്.
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിക്കെണ്ടുള്ള വിധി കഴിഞ്ഞ ദിവസം ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിച്ചു. ഇതിനുവേണ്ടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് എടുത്തുകളഞ്ഞു. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്നതാണ് ഈ വകുപ്പ്. ഇത്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കേസെടുക്കാവുന്ന 198ലെ രണ്ടാം വകുപ്പും റദ്ദാക്കിയിട്ടുണ്ട്. മനുഷ്യ സംസ്‌കാരത്തിന്റെ നിറവും മണവും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ വകുപ്പുകള്‍ നീതിപീഠം തല്‍ക്കാലം മടക്കിവയ്ക്കുകയോ എടുത്തുവയ്ക്കുകയോ ആയിരുന്നില്ല എന്നതാണ് വസ്തുത. അതവര്‍ പറിച്ചുകീറി ആക്രോശത്തോടെ ചുരുട്ടി മനുഷ്യധാര്‍മികതയുടെ മുഖത്തേക്കെറിയുകയായിരുന്നു. കാരണം അതിനവര്‍ നിരത്തിയ ന്യായവാദങ്ങള്‍ അത്തരത്തിലുള്ളവയാണ്. ഭരണഘടന ഓരോ പൗരനും നല്‍കുന്ന മൗലിക പരിരക്ഷകള്‍ക്കും അവകാശങ്ങള്‍ക്കും പ്രത്യേകിച്ചും മൗലികതത്വങ്ങളിലെ 14, 15, 21 വകുപ്പുകള്‍ക്ക് ഈ വകുപ്പുകള്‍ എതിരാണ് എന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഒരു വൈരുദ്ധ്യം എഴുതിവയ്ക്കുക വഴി ഭരണഘടനാ ശില്‍പ്പികള്‍ ഒന്നുകില്‍ അറിവില്ലാത്തവരായിരുന്നു എന്നോ അല്ലെങ്കില്‍ അവര്‍ സ്ത്രീവിരോധികളായിരുന്നുവെന്നോ ഒക്കെ പറയാതെ പറയുന്ന ഈ വിധിയുടെ വെളിച്ചത്തില്‍ നമ്മുടെ സംശയം മൗലികാവകാശങ്ങള്‍ എന്നത് എന്താണെന്ന് ബഹുമാന്യരായ ജഡ്ജികള്‍ക്ക് അറിയുമോ എന്നതാണ്. ഓരോ പൗരന്‍മാര്‍ക്കും അന്തസ്സുള്ള ജീവിതം വാഗ്ദാനം ചെയ്യുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഒരു മോഷ്ടാവ് താന്‍ മോഷ്ടിക്കുന്നത് അന്തസ്സായി ജീവിക്കുവാന്‍ വേണ്ടിയാണ് എന്നു വാദിച്ചാല്‍ അതും സ്വീകരിക്കേണ്ട ഗതി വരുമോ എന്നു നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഈ വിധിയുടെ നിരീക്ഷണങ്ങളില്‍ അതിലും രസകരമായി മറ്റു പലതുമുണ്ട്. അവയിലൊന്നാണ് വിവാഹേതര ലൈംഗിക ബന്ധം നിഷേധിക്കുന്നത് സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേല്‍പ്പിക്കുന്നു എന്നത്. കണ്ടതുപോലെ പരപുരുഷന്‍മാര്‍ കയറുകയും ഇറങ്ങുകയും ചെയ്ത സ്ത്രീ തന്റെ ശാരീരിക താരുണ്യം നഷ്ടപ്പെടുന്നതോടെ എടുക്കാച്ചരക്കായി പരിണമിക്കുമല്ലോ എന്നെങ്കിലും ആലോചിക്കുന്നവര്‍ക്ക് ഇങ്ങനെ പറയുവാന്‍ കഴിയില്ല. അത്തരമൊരു അനിവാര്യമായ അവസ്ഥ വരാനിരിക്കുന്ന സ്ത്രീകള്‍ക്ക് ഏറ്റവും ഗുണകരവും അഭികാമ്യവും എക്കാലവും തനിക്കു സംരക്ഷണത്തിന്റെ കുടപിടിക്കുന്ന ഭര്‍തൃത്വം തന്നെയാണ് എന്ന് ആലോചിച്ചാല്‍ തന്നെ ഇങ്ങനെ ഒരു നിരീക്ഷണം നടത്തുവാന്‍ കഴിയില്ല.
സത്യത്തില്‍ നബി(സ)യുടെ ഹദീസില്‍ പറഞ്ഞത് പുലരുകയാണിവിടെ എന്നതിന് വേറെയും തെളിവുകളുണ്ട് ഈ വിധിന്യായത്തില്‍. കോടതി പറഞ്ഞിരിക്കുന്നത് ഭര്‍ത്താവ് ഭാര്യയുടെ യജമാനല്ല എന്നുകൂടിയാണ്. യജമാനന്‍ എന്ന വാക്കിന്റെ നിര്‍വചനമൊന്നും സാധാരണക്കാര്‍ക്കറിയുമായിരിക്കില്ല. അതിനാല്‍ തന്നെ അതിന്റെ സൂക്ഷ്മാര്‍ഥമൊന്നും അവരുടെ മനസ്സുകളില്‍ വന്നുകൊള്ളണമെന്നില്ല. ഭര്‍ത്താവിനോട് ഒരു സ്ത്രീ ഒരുതരത്തിലുള്ള വിധേയത്വവും കാണിക്കേണ്ടതില്ല എന്നാണ് ഇതില്‍നിന്നു സാധാരണക്കാര്‍ മനസ്സിലാക്കുക. അതോടെ തങ്ങള്‍ സര്‍വത്ര സ്വതന്ത്രരാണ് എന്ന ചിന്ത അവര്‍ക്കു വരും എന്നു മാത്രമല്ല, ഈ നിരീക്ഷണം വളരെ ഗുരുതരമായ മറ്റൊരു തലത്തിലേക്ക് ഇതിന്റെ കൂട്ടിവായന കൊണ്ടുപോവുകയും ചെയ്യും. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ല എന്നതും ഭര്‍ത്താവ് സ്ത്രീയുടെ യജമാനല്ല എന്നതും രണ്ടും കൂടി കൂട്ടിവായിച്ചാല്‍ ഒരാളുടെ ഭാര്യയായി നില്‍ക്കേ തന്നെ തോന്നിയവരോടൊപ്പമെല്ലാം ലൈംഗിക കേളിയിലേര്‍പ്പെടാം, അതു തടയുവാനുള്ള അധികാരം ഭര്‍ത്താവിനില്ല എന്നാണ് വരിക. ഈ ധാര്‍ഷ്ട്യത്തിലേക്കൊക്കെ കാര്യങ്ങള്‍ വളര്‍ന്നാല്‍ പിതൃത്വം എന്ന ഒന്നിന് ഒരു പരിഗണനയുമില്ലാത്ത ഒരു ജാരലോകമായിരിക്കും നമ്മുടെ മുന്‍പിലുണ്ടാവുക.
മനുഷ്യന്റെ ഏറ്റവും വലിയ തൃഷ്ണയായ ലൈംഗികതയുടെ കെട്ടുകള്‍ പൊട്ടിച്ചിട്ടുകൊണ്ടുള്ള ഈ കളികള്‍ അരാചകത്വത്തിനു വഴിവയ്ക്കും എന്നു പറയേണ്ടതില്ല. കാര്യ ഗൗരവത്തോടെ ജീവിതത്തേയും രാജ്യവും സമൂഹവുമടക്കമുള്ള സംവിധാനങ്ങളെയും നോക്കിക്കണ്ട് ഉത്തമപൗരന്‍മാരായി ജീവിക്കുവാന്‍ സഹായിക്കുന്നതിനു പകരം പൗരന്‍മാരെ വെറും ഇച്ഛകളിലേക്ക് പിടിച്ചുതള്ളുന്ന ഇത്തരം സമീപനങ്ങള്‍ മനുഷ്യരെ നിഷ്‌ക്രിയരാക്കി മാറ്റിയേക്കും. അത്തരം ഉദാസീനത സംഭവിക്കാതിരിക്കുവാനാണ് ഇസ്‌ലാമടക്കമുള്ള മതങ്ങള്‍ കുത്തഴിഞ്ഞ എല്ലാവിധ ലൈംഗികതകളെയും കര്‍ശനമായി നിയന്ത്രിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റപ്പെടുന്നതോടെ അണപൊട്ടുന്ന ലൈംഗികതയടക്കമുള്ള വികാരങ്ങളെ വേണ്ടിവരുന്ന സമയത്ത് നിയന്ത്രിക്കുവാന്‍ കഴിയാതെ വരും എന്ന് വേണ്ടപ്പെട്ടവര്‍ ചിന്തിച്ചാല്‍ നന്ന്. ഇതേ മാസം തന്നെ ഇത്തരം ന്യായങ്ങള്‍ പറഞ്ഞ് ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കി സ്വവര്‍ഗരതി വൈകൃതത്തെ കോടതി അനുവദിച്ചതും ഇതേ അര്‍ഥത്തിലുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ ഈ വിധി കുടുംബ വ്യവസ്ഥിതിയെ അപകടപ്പെടുത്തും എന്നു ധാര്‍മികലോകം വിളിച്ചുപറയുന്നതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago
No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago