പാലു നഗരം സാധാരണ നിലയിലേക്ക്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച സുലവെസി ദ്വീപ് സാധാരണനിലയിലേക്ക് മടങ്ങുന്നു. ദുരന്തഭൂമിയായി മാറിയ പാലുവില്‍ വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. പലയിടത്തും കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നഗരത്തില്‍ ക്രമസമാധാന നില പുനസ്ഥാപിച്ചിട്ടുണ്ട്. ഭക്ഷ്യ-ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വന്‍കൊള്ളയാണു കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ അരങ്ങേറിയിരുന്നത്. ഇതു തടയാനാണ് പെട്രോള്‍ പമ്പുകളിലടക്കം പൊലിസ് സുരക്ഷ ശക്തമാക്കിയത്.
അതേസമയം, വിദൂര പ്രദേശങ്ങളിലെ ആയിരക്കണക്കിനുപേരെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകി ലഭിച്ച ഔദ്യോഗിക കണക്കുപ്രകാരം 1,424 പേരാണു ദുരന്തത്തില്‍ മരിച്ചത്.
ദുരന്തത്തെ തുടര്‍ന്ന് ഇരുപതോളം രാഷ്ട്രങ്ങളും വിവിധ രാജ്യാന്തര സന്നദ്ധ സംഘങ്ങളും ഇന്തോനേഷ്യക്കു സഹായവുമായി രംഗത്തെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. എന്നാല്‍, പാലുവിന്റെ വിദൂര പ്രദേശങ്ങളില്‍ പലയിടത്തും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ലെന്നാണു വിവരം.
മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നതും ആശയവിനിമയ മാര്‍ഗങ്ങള്‍ മുറിഞ്ഞതുമാണു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്.
ദിവസങ്ങളായി അടിസ്ഥാന ആവശ്യങ്ങളും ഭക്ഷണസാധനങ്ങളും മരുന്നുകളും ഈ പ്രദേശങ്ങളിലേക്ക് എത്തിക്കാനായിട്ടില്ല. ഇവിടത്തെ പൂര്‍ണമായ വിവരം കൂടി ലഭിച്ചാലേ മരണസംഖ്യ അടക്കം ദുരന്തത്തിന്റെ വ്യാപ്തി പൂര്‍ണമായും മനസിലാക്കാനാകൂ.
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് വടക്കുമാറി 1,500 കി.മീറ്റര്‍ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. 3,70,000 ആണ് സുലവെസി ദ്വീപിലെ ജനസംഖ്യ. ചരിത്രത്തിലാദ്യമായാണ് ഇവിടെ ഇത്രയും വലിയ പ്രകൃതി ദുരന്തമുണ്ടാകുന്നത്. ദുരന്തത്തില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ അനാഥരായതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."