ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: മഞ്ചേരി മെഡി.കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.
ആരോഗ്യ വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.മിനി മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇസ്മായീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജേക്കബ്, സംഭവ ദിവസം ജോലിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്സ് എന്നിവരുടെ വിശദ മൊഴി രേഖപ്പെടുത്തി.
രാവിലെ 10 മുതല്‍ തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെ നീണ്ടു. കഴിഞ്ഞ ഒന്‍പതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.മനുവാണ് അടിയന്തിര അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളായ എന്‍.സി മുഹമ്മദ് ഷെരീഫ്, സഹല തസ്നീം എന്നിവരില്‍ നിന്നും അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചിരുന്നു.
15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എന്‍.സി ഷെരീഫ് ഒക്ടോബര്‍ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സെപ്തംബര്‍ 27 നാണ് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."