HOME
DETAILS

അഭയക്കേസ് ഓര്‍മിപ്പിക്കുന്നത്

  
backup
December 24 2020 | 19:12 PM

abhaya-case-25-12-2020

 


ഒരു വൈദികനെയും കന്യാസ്ത്രീയേയും കുറ്റവാളികളെന്ന് കണ്ടെത്തി ജീവപര്യന്തത്തടവിനു ശിക്ഷിച്ച അഭയക്കേസ് വിധി കത്തോലിക്കാ സഭാ നേതൃത്വത്തിനു നേരെ മാത്രമാണോ ആക്ഷേപത്തിന്റെ വിരല്‍ ചൂണ്ടുന്നത്? തീര്‍ച്ചയായും അല്ല. ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും ചെയ്തുവെന്ന് പറയുന്ന കുറ്റം സഭയെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. അതിനോടുള്ള സഭയുടെയും സഭാ വിശ്വാസികളുടെയും പ്രതികരണം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നുമുണ്ട്. അതോടൊപ്പം നമ്മുടെ ജുഡീഷ്യറിയുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചു കൂടി അത് നമ്മെ ശക്തമായി ഓര്‍മിപ്പിക്കുന്നുണ്ട്. വളരെയധികം കോളിളക്കം സൃഷ്ടിച്ച കേസായിട്ടു കൂടി അതിന്റെ വിചാരണ പൂര്‍ത്തിയായി വിധി പറയാന്‍ ഇരുപത്തിയെട്ടു കൊല്ലമെടുത്തു. സ്വാഭാവികമായും പ്രതികള്‍ അപ്പീലിനു പോകും. സാമ്പത്തികശേഷിയും സ്വാധീനശക്തിയുമുള്ളവരാണ് പ്രതികള്‍ എന്നതിനാല്‍ സുപ്രിംകോടതി വരെ എത്തി അന്തിമവിധിത്തീര്‍പ്പുണ്ടാവുമ്പോഴേക്കും എത്ര കാലം കഴിയും. ഇത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ഏറ്റവും വലിയ പരാധീനതയാണ്. വര്‍ഗീസ് വധക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് 29 കൊല്ലം കഴിഞ്ഞാണ്. ശിക്ഷ വിധിച്ചപ്പോഴേക്കും 40 വര്‍ഷമായി. ശ്രദ്ധേയമായ പല കേസുകളും ഇങ്ങനെ നീണ്ടുപോവുന്നു. ഇത് പ്രതികള്‍ക്ക് ഗുണകരമായാണ് ഭവിക്കുന്നത് എന്ന വസ്തുത ശിക്ഷാവിധിയെക്കുറിച്ചോര്‍ത്തുള്ള ആഹ്ലാദ പുളകങ്ങള്‍ക്കിടയില്‍ മറന്നുപോകരുത്.

സ്വാധീനത്തിന്റെ ശക്തി


അഭയക്കേസ് കഴിഞ്ഞ ഇരുപത്തിയെട്ട് കൊല്ലക്കാലവും സഞ്ചരിച്ചത് പ്രയാസകരമായ വഴികളിലൂടെയാണ്. ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഇച്ഛാശക്തിയും ചില മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയും ന്യായാധിപരില്‍ ചിലരുടെ തികഞ്ഞ ഉത്തരവാദിത്വബോധവുമില്ലായിരുന്നുവെങ്കില്‍ ഈ കേസ് ആത്മഹത്യയായി തേഞ്ഞു മാഞ്ഞു പോകുമായിരുന്നു. സി.ബി.ഐ തന്നെ പലതവണ കേസ് എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിട്ടും ശ്രീ കെ.കെ ഉത്തരനെപ്പോലെയുള്ള ജഡ്ജിമാരുടെ കര്‍ശന നിലപാടുകളാണ് പുനരന്വേഷണത്തിലേക്ക് എത്താന്‍ കാരണമായത്. ഇത് വിരല്‍ ചൂണ്ടുന്നത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടി നടന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ കരുത്തിലേക്കാണ്. സി.ബി.ഐ പോലെയുള്ള ശക്തമായ അന്വേഷണ സംവിധാനങ്ങളെ പോലും വരുതിയിലാക്കാന്‍ ഈ സ്വാധീന കേന്ദ്രങ്ങള്‍ക്കു സാധിച്ചു. മൂന്നു തവണ സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ ചേംബറില്‍ വിളിച്ചുവരുത്തിയതിനുശേഷമാണ് അറസ്റ്റുണ്ടാവുന്നത്. നമ്മുടെ അന്വേഷണ സംവിധാനത്തെ മുഴുവനും സ്വാധീനിക്കാന്‍ ശേഷിയുള്ള ഈ പ്രബലശക്തി ഏതാണ്? ഒരു ഹൈക്കോടതി ജഡ്ജി ഇക്കാര്യത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും വഴങ്ങാത്തതിന്റെ പേരിലാവാം തന്നെ സ്ഥലം മാറ്റിയതെന്നും ഒരു ന്യായാധിപന്‍ പറഞ്ഞത് ഇതിനോട് കൂട്ടിച്ചേര്‍ക്കണം. അതായത് അഭയക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ നടന്ന ശ്രമങ്ങള്‍ നമ്മുടെ അന്വേഷണ സംവിധാനങ്ങളുടെയും നീതിന്യായവ്യവസ്ഥയുടെയും ആന്തരിക ദൗര്‍ബല്യങ്ങളാണ് വെളിപ്പെടുത്തുന്നത്. ഒരു എ.എസ്.ഐ മഹസ്സര്‍ മാറ്റിയെഴുതിയതോ ഡിവൈ.എസ്.പി തെളിവുകള്‍ കത്തിച്ചു കളഞ്ഞതോ മാത്രമായി അതിനെ ചുരുക്കിക്കളയരുത്. ഈ ഉദ്യോഗസ്ഥരുടെ പേരുകള്‍ അഗസ്റ്റിന്‍ എന്നും മൈക്കിള്‍ എന്നും സാമുവല്‍ എന്നും ആയിരുന്നുവെന്ന് പറഞ്ഞ് അതിനെ സാമാന്യവല്‍ക്കരിക്കുകയും അരുത്. കേസിലകപ്പെട്ട വൈദികനും കന്യാസ്ത്രീക്കും വേണ്ടി ഇടവകകളില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയെന്നും മറ്റും പറഞ്ഞ് കത്തോലിക്കാ സഭയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. നമ്മുടെ നാട്ടില്‍ ഭരണവ്യവസ്ഥ പണവും സ്വാധീനവുമുള്ളവര്‍ നിര്‍മിച്ച നീതിക്കുവേണ്ടി സ്വഭാവിക നീതിയെ അട്ടിമറിക്കുന്നു എന്നതിലേക്കാണ് അഭയക്കേസിന്റെയും ഊന്നല്‍.

നീതിയുടെ തുലാസ്


നീതിയുടെ തുലാസിന്റെ ചരിച്ചിലിനെപ്പറ്റി കാര്യമായി ആലോചിക്കേണ്ട സാഹചര്യമാണ് അഭയക്കേസ് സംജാതമാക്കിയിട്ടുള്ളത്. കത്തോലിക്കാ സഭയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി ഈ വിഷയം വിലയിരുത്താനാവുമെന്ന് തോന്നുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കേസുമായി ചേര്‍ത്തുവച്ച് കത്തോലിക്കാ സഭ വിമര്‍ശിക്കപ്പെടുന്നു എന്നത് നേരു തന്നെ. സഭയുടെ അപാരമായ സ്വാധീനമാണ് ഫ്രാങ്കോ മുളക്കലിന് സഹായമായി വര്‍ത്തിക്കുന്നത് എന്നത് മറ്റൊരു നേരുമാണ്. മത, സമുദായ നേതൃത്വങ്ങള്‍ക്ക് ഭരണ നേതൃത്വങ്ങളെ വളരെയധികം സ്വാധീനിക്കാന്‍ സാധിക്കുന്നു എന്നു കൂടി ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ നാം കാണണം. അമൃതാനന്ദമയി ആശ്രമത്തില്‍ നടന്ന ഒരു മരണത്തെക്കുറിച്ച് നടന്ന അന്വേഷണങ്ങള്‍ അക്കാലത്ത് ഇത്തരം ചില സംശയങ്ങളുയര്‍ത്തിയിരുന്നു. ആത്മീയ നേതൃത്വങ്ങള്‍ക്ക് ചുറ്റുമുള്ള പരിവേഷങ്ങള്‍ കുറ്റമറ്റ കേസന്വേഷണങ്ങളുടെ വഴിയടച്ചുകളയുന്നുണ്ടോ എന്നാണ് നാം ആലോചിക്കേണ്ടത്.


അഭയക്കേസ് പോലെ തന്നെ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച കേസുകള്‍ വേറെയുമുണ്ട്. നിരന്തരമായ അന്വേഷണങ്ങള്‍ക്കുശേഷവും യാതൊരു തുമ്പും കിട്ടാത്ത കേസുകള്‍, ചേകനൂര്‍ മൗലവിയുടെ തിരോധാനവും ചെമ്പിരിക്ക ഖാസിയുടെ ദുരൂഹ മരണവും സംബന്ധിച്ചുള്ള കേസുകള്‍ ഓര്‍ക്കുക. ചേകനൂര്‍ കേസില്‍ ചിലരെയൊക്കെ പിടികൂടിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അവര്‍ വിട്ടയക്കപ്പെട്ടു. മൗലവിയുടെ ദുര്‍വിധിക്കു പിന്നില്‍ പ്രബലമായ ചില സ്വാധീന കേന്ദ്രങ്ങളുണ്ടെന്ന ധാരണ ശക്തമാണ്. പക്ഷേ ഈ കേന്ദ്രങ്ങള്‍ക്കൊന്നും യാതൊരപകടവും സംഭവിച്ചിട്ടില്ല. അതിനു പിന്നില്‍ വര്‍ത്തിക്കുന്നത് സ്വാധീന ബലം തന്നെ. ചെമ്പിരിക്ക ഖാസിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ആവേശത്തിന് സമാനമായിരുന്നു അഭയയുടേത് ആത്മഹത്യയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. മനോവിഭ്രാന്തിയെന്നൊക്കെ രണ്ടിടത്തും പറഞ്ഞുകേട്ടു .അതായത് അഭയക്കേസിന് സമാനമായി തെളിയാത്തതോ തെളിയിക്കാത്തതോ തെളിയിക്കാന്‍ മെനക്കെടാത്തതോ ആയ കേസുകള്‍ നമുക്കിടയില്‍ വേറെയുമുണ്ട്. അവിഹിത സ്വാധീനങ്ങള്‍ തന്നെയാവില്ലേ അവ വെളിച്ചത്ത് വരുന്നതിന് തടസമായി ഭവിക്കുന്നത്. അങ്ങനെ ആലോചിക്കുമ്പോള്‍ അഭയക്കേസ് വിധി ഉണര്‍ത്തുന്ന ആശ്വാസത്തോടൊപ്പം നമ്മുടെ നിയമപാലന നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങളും നമ്മോടൊപ്പമുണ്ടാവണം.

വീണ്ടുവിചാരം വേണം


അഭയക്കേസില്‍ പ്രതികളായവര്‍ സഭയുടെ ഉന്നത ശ്രേണിയുടെ ഭാഗമായതിനാല്‍ അവര്‍ക്കൊപ്പം സഭ നില്‍ക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഈ ആക്ഷേപത്തെ അഭിമുഖീകരിക്കുമ്പോള്‍ സഭ കുറച്ചുകൂടി വീണ്ടുവിചാരം പുലര്‍ത്തേണ്ടതുണ്ട്. വൈദികരോ കന്യാസ്ത്രീകളോ ചെയ്യുന്ന പാപങ്ങള്‍ സഭയുടെ കണക്കിലെഴുതുന്നത് ഉചിതമാവുകയില്ല. എന്നാല്‍ അത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനവും ഉചിതമല്ല. ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാന്‍ സഭ കാണിക്കുന്ന വ്യഗ്രത സഭക്ക് സല്‍പ്പേരല്ലയുണ്ടാക്കുന്നത്. ഇത് കത്തോലിക്കാ സഭയുടെ മാത്രം പ്രശ്‌നമല്ല. മറ്റു മതങ്ങളിലും കാണാം. അവയെ ബന്ധപ്പെട്ട വ്യക്തികളുടെ വഴിപിഴച്ചുപോവലായി കാണുന്നതിനു പകരം അതിന്റെ ഉത്തരവാദിത്വം മൊത്തം മതത്തിനുമേല്‍ കെട്ടിവയ്‌ക്കേണ്ടതില്ല. അതേസമയം അവയെ ന്യായീകരിക്കേണ്ട ബാധ്യത മത നേതൃത്വങ്ങള്‍ക്കുമില്ല. ഇവിടെയാണ് കത്തോലിക്കാ സഭയുടെ വിശുദ്ധി സംശയിക്കപ്പെടുന്നത്. കത്തോലിക്കാ സഭ ഇതര മത നേതൃത്വങ്ങളെക്കാള്‍ വ്യവസ്ഥാപിതവും കേന്ദ്രീകൃതവുമായതിനാലാവണം ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരുടെ കൂടെയാണ് സഭയെന്ന ധാരണ സൃഷ്ടിക്കപ്പെടുന്ന രീതിയിലാവുന്നു കാര്യങ്ങളുടെ പോക്ക്. തീര്‍ച്ചയായും സഭകള്‍ക്കും മതനേതൃത്വങ്ങള്‍ക്കും വീണ്ടുവിചാരം വേണം.

ബ്രഹ്മചര്യത്തിന്റെ പ്രശ്‌നങ്ങള്‍


അഭയക്കേസ് മാത്രമല്ല വൈദികരും കന്യാസ്ത്രീകളും കക്ഷികളാവുന്ന സദാചാരക്കേസുകളെല്ലാം തന്നെ സെലിബസി (ബ്രഹ്മചര്യം)യെക്കുറിച്ചുള്ള കത്തോലിക്കാ സങ്കല്‍പങ്ങളില്‍ പുനര്‍വിചാരം ആവശ്യപ്പെടുന്നുണ്ട്. ലൈംഗികാകര്‍ഷണം ഒരു പ്രകൃതി നിയമമാണ്. ഏത് ആശയത്തിന്റെ പേരിലായാലും അതിനെ നിര്‍ബന്ധപൂര്‍വം അടിച്ചമര്‍ത്തുന്നത് പ്രശ്‌നങ്ങളുളവാക്കും. കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രീകളും സദാചാര ദൂഷ്യങ്ങളില്‍ അകപ്പെടുന്നതിനെ ഈ അര്‍ഥത്തിലാണ് കാണേണ്ടത്. പല ക്രിസ്തീയ സഭകളും പുരോഹിതര്‍ക്ക് വിവാഹവും കുടുംബ ജീവിതവും നിയമവിധേയമാക്കുന്നുമുണ്ട്. എന്നിട്ടും തികച്ചും അസംസ്‌കൃതമായ രീതിയില്‍ ബ്രഹ്മചര്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് കത്തോലിക്കാ സഭ ആലോചിക്കാറില്ല. ഒരു 'ശരീഅത്ത് പരിഷ്‌കരണം' കത്തോലിക്കാ സഭയില്‍ ആവശ്യമാണ്. അതായിരിക്കും കാലമേറെ ചെന്നതിനുശേഷം പുരോഹിതന്മാരുടെ ലൈംഗികാപചയത്തിന്റെ പേരില്‍ മാര്‍പ്പാപ്പക്ക് മാപ്പ് പറയുന്നതിനേക്കാള്‍ ഭേദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  7 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  17 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  25 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  42 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago