HOME
DETAILS
MAL
മക്കയില്‍ കുടുങ്ങിയവര്‍ക്ക് മികച്ച സൗകര്യമേര്‍പ്പെടുത്തി
backup
December 25 2020 | 03:12 AM
മക്ക: അന്താരാഷ്ട്ര വിമാന, കപ്പല്‍ സര്‍വിസുകള്‍ താത്കാലികമായി സഊദി അറേബ്യ നിര്‍ത്തിവച്ചതോടെ മക്കയില്‍ കുടുങ്ങിയ 300 വിദേശ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
ഇവരുടെ യാത്രക്കായി ഹജ്ജ് മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുമായി സഹകരിച്ച് പുറപ്പെടാനുള്ള യാത്ര ഷെഡ്യൂള്‍ ഉണ്ടാക്കുന്നതുവരെ ഇവര്‍ക്ക് വേണ്ട എല്ലാ പരിചരണവും നല്കാന് കമ്പനികളോട് ആവശ്യപ്പെട്ടതായും ദേശീയ ഹജ്ജ്, ഉംറ കമ്മിറ്റി പ്രസിഡന്റ് മാസിന് ദറാര്‍ അറിയിച്ചു.
നിലവിലെ അവസ്ഥയില്‍ ഈയാഴ്ച വിദേശങ്ങളില്‍നിന്ന് പുണ്യ ഭൂമിയില്‍ എത്തേണ്ടിയിരുന്ന തീര്‍ഥാടകരുടെ യാത്രകള്‍ക്ക് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് എടുത്തുകളഞ്ഞ ശേഷം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വിമാന സര്‍വിസ് പുനഃരാരംഭിച്ച ശേഷം ഇവര്‍ക്ക് വരാനാകുമെന്നും അതിനുള്ള നടപടികള്‍ ഉംറ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിശുദ്ധ ഹറമിലെത്തിയ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ ഇതുവരെ കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ മന്‍സൂരി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സംഭവവികാസങ്ങളും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹറംകാര്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിശുദ്ധ ഹറമിലെത്തുന്ന മുഴുവന്‍ ആളുകളും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് മുന്‍കരുതലായി ഏകദേശം എട്ടു മാസമായി നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം ഒക്ടോബര്‍ നാലിനാണ് പുനരാരംഭിച്ചത്.
ഇതിന് ശേഷം രണ്ടര മാസത്തിനിടെ 12 ലക്ഷത്തിലേറെ പേര് ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ നാലു മുതല്‍ ഡിസംബര്‍ 19 വരെയുള്ള ദിവസങ്ങളില്‍ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകരും അടക്കം ആകെ 12,34,000 പേരാണ് ഉംറ നിര്‍വഹിച്ചത്. ഇക്കാലയളവില്‍ ആകെ 33,80,000 പേര് വിശുദ്ധ ഹറമില്‍ നിസ്കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."