ഔഫിനെ സി.പി.എം രക്തസാക്ഷിയാക്കിയതില്‍ പ്രതിഷേധവുമായി കാന്തപുരം വിഭാഗം
കോഴിക്കോട്: കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് കൊല്ലപ്പെട്ട എസ്.എസ്.എഫ് പ്രവര്‍ത്തകനായ ഔഫ് അബ്ദുറഹ്മാനെ സി.പി.എം പാര്‍ട്ടി രക്തസാക്ഷിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് ആരോപണവുമായി കാന്തപുരം വിഭാഗം. കാഞ്ഞങ്ങാട് പട്ടാക്കല്‍ വാര്‍ഡില്‍ ഇടതുപക്ഷത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഔഫ് കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഫൗസിയ ശാഫി എന്ന ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിക്കു വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഔഫ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഔഫ് കൊല്ലപ്പെട്ടപ്പോള്‍ സി.പി.എം രാഷട്രീയ മുതലെടുപ്പിനായി കൊലപാതകത്തെ ഉപയോഗപ്പെടുത്തിയെന്നതാണ് കാന്തപുരം വിഭാഗത്തിലെ ചിലരുടെ പരാതി. മയ്യിത്തിനെ ചുവപ്പ് പതാക പുതപ്പിച്ചതും ഡി.വൈ.എഫ്.ഐയുടെ പേര് പതിച്ച ആംബുലന്‍സില്‍ കൊണ്ടുവന്നു രക്തസാക്ഷിയെപോലെ മുദ്രാവാക്യം വിളിച്ച് അന്ത്യോപചാരം അര്‍പിച്ചതും ഒരു മത സംഘടനയ്ക്ക് അംഗീകരിക്കാനാവില്ലെന്നും സജീവപാര്‍ട്ടി പ്രവര്‍ത്തകനല്ലാത്തെ ഔഫിന്റെ മരണം സി.പി.എം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയെന്നുമാണ് പ്രധാനമായ വിമര്‍ശനം.
എസ്.വൈ.എസ് (കാന്തപുരം വിഭാഗം) നേതാവായ മുഹമ്മദലി കിനാലൂര്‍ തന്നെ ഈ വിഷയത്തില്‍ സി.പി.എമിനെതിരേ ശക്തമായ വിമര്‍ശനവുമായി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു. കൊല്ലപ്പെട്ടത് സുന്നി പ്രവര്‍ത്തകന്‍ മാത്രമാണെന്നും ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെട്ടുവെന്നും നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി നെഞ്ചിലേറ്റി വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫെന്നും മുഹമ്മദലി കുറിപ്പില്‍ പറഞ്ഞു. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു, ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, അവനെ മരണാനന്തരം സി.പി.എം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല, മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന 'ബഹുമതി' ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനുമിരിക്കട്ടെ. കൊല്ലപ്പെട്ട ഔഫിനോട് നിങ്ങള്‍ കാണിച്ച നെറികേടിനെ ശക്തമായി അപലപിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
കൊലപാതകത്തെ തുടര്‍ന്ന് എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രതിഷേധത്തിലും സി.പി.എമ്മിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."