മന്ത്രി മണിക്കൊപ്പം പനക്കല്‍ വീട്ടിലേക്ക് വെളിച്ചവുമെത്തി
മേപ്പാടി: ആദ്യമായി ഒരു മന്ത്രി തങ്ങളുടെ വീട്ടിലെത്തുന്നതറിഞ്ഞ് പനയ്ക്കല്‍ കോലോത്തുമുറിയിലെ സുരേഷും ഭാര്യയും കുഞ്ഞുമക്കളായ കാവ്യയും കീര്‍ത്തിയും ആകെ ആവേശത്തിലായിരുന്നു.
കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന്റെ വൈദ്യുതി മന്ത്രി എം.എം മണി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കുടിലിലേക്ക് കടന്നുവന്നു.
ഒപ്പം വെളിച്ചവും ആ കുടിലിലെത്തി. താഴെ അരപ്പറ്റ മിച്ചഭൂമിയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 72 കുടുംബങ്ങള്‍ക്ക് അനുവദിച്ച വൈദ്യുതി കണക്ഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി മണി. കുടിയേറ്റ മേഖലയിലെ വീടുകള്‍ക്ക് സര്‍ക്കാരിന്റെ പുതിയ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിപ്രകാരം താല്‍ക്കാലിക നമ്പര്‍ നല്‍കിയാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്.
മേപ്പാടി പഞ്ചായത്തില്‍ വൈദ്യുതി കണക്ഷനായി പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയ 1210 പേര്‍ക്ക് വൈദ്യതികണക്ഷന്‍ നല്‍കി.
ഇതിനായി ഇവിടെ മാത്രം 7,34, 400 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 1800 മീറ്റര്‍ ലൈന്‍ വലിച്ചു.
കൃഷി ചെയ്യാത്ത ഭൂമി എസ്റ്റേറ്റുകള്‍ കൈവശം വച്ച് ഉപയോഗിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എസ്റ്റേറ്റുകള്‍ക്ക് ഭൂമി നല്‍കിയത് തേയിലകൃഷി നടത്താനാണ്. അല്ലാത്ത സര്‍ക്കാര്‍ വക ഭൂമി കൈവശം വയ്‌ക്കേണ്ട കാര്യം അവര്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സിഹരിദാസന്‍, ജോളി സ്‌ക്കറിയ, ദാമോദരന്‍, സംഗീത രാമകൃഷ്ണന്‍, സതീദേവി, സബ് എന്‍ജിനിയര്‍ ഇന്‍ ചാര്‍ജ് അഖിലേഷ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. മന്ത്രി മരവും നട്ട ശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."