'ജയ് ശ്രീറാം, രാമസേതുവിലൂടെ ആളുകള്‍ നടക്കുന്നതു കണ്ടോ'; പൊന്നാനി കടലിലെ മണല്‍ത്തിട്ടയെ കേരളത്തിനു പുറത്ത് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
കോഴിക്കോട്: പ്രളയകേരളത്തിന്റെ ബാക്കിപത്രമായ പൊന്നാനി കടപ്പുറത്തെ മണല്‍ത്തിട്ടയെ കേരളത്തിനു പുറത്ത് അവതരിപ്പിക്കുന്നത് രാമസേതുവെന്ന വ്യാജേന. രാമസേതുവിലൂടെ ആളുകള്‍ നടക്കുന്നതു നോക്കൂയെന്ന തരത്തിലാണ് പൊന്നാനിയിലെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി കടലില്‍ നിര്‍മിച്ച വഴിയാണ് രാമസേതുവെന്നാണ് രാമായണത്തില്‍ പറയുന്നത്. രാമായണത്തില്‍ പറയുന്നത് വെറുമൊരു ഐതിഹ്യമല്ലെന്നും ഇപ്പോള്‍ തെളിഞ്ഞില്ലേയെന്നും പ്രചരിപ്പിക്കുന്നവര്‍ ചോദിക്കുന്നു. കൂടെ ജയ് ശ്രീറാം വിളികളും.
ഇതൊരു ദേശീയ പൈതൃകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച സുബ്രഹ്മണ്യന്‍ സ്വാമിക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ് രവി രഞ്ജന്‍ എന്നൊരാള്‍ ചെയ്ത ട്വീറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്.
ഈ സന്ദേശത്തിന്റെ താഴെ തന്നെ ഇതു വ്യാജമാണെന്ന് പറഞ്ഞ് പലരും കമന്റ് ചെയ്തിട്ടുണ്ട്. എന്നാലും നൂറുകണക്കിനാളുകളാണ് ഇതു ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുന്നത്. വ്യാജവാര്‍ത്തയാണെന്ന് ശ്രദ്ധയില്‍പ്പെടുത്തിയ ആളോട്, ഞാന്‍ ഉറപ്പിച്ച കാര്യമാണെന്ന് രവി രഞ്ജന്‍ തട്ടിവിടുന്നുണ്ട്.
ട്വിറ്ററില്‍ മാത്രമല്ല, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങി എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമിലും വ്യാജസന്ദേശങ്ങളുമായി പൊന്നാനി ബീച്ചിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ആന്ധ്രപ്രദേശ് ചിറ്റൂരിലെ മാധ്യമപ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തുന്ന വെങ്കടേഷ് എന്നയാള്‍ ഫെയ്‌സ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒന്‍പതിനായിരത്തോളം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."