കര്‍ണാടക സഖ്യസര്‍ക്കാരിന്റെ നാള്‍വഴി
ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ഉണ്ടായതായിരുന്നു. 2018 മെയിലായിരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. 105 സീറ്റില്‍ വിജയിച്ച ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള സാധ്യത ഇല്ലാതാക്കിയാണ് ജെ.ഡി.എസിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയത്.
കര്‍ണാടകക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ബി.ജെ.പി പ്രയോഗിച്ച തന്ത്രം ഇവിടെ പ്രയോഗിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍:
ജെ.ഡി.എസിനെ കൂട്ടുപിടിച്ച് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കുതിരകച്ചവടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.
ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ഇവിടെയും ബി.ജെ.പിയുടെ ദൂതന്മാരെത്തി. രക്ഷതേടി എം.എല്‍.എമാര്‍ കേരളത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. വിമാന യാത്രക്ക് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ബസ് മാര്‍ഗം കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് യാത്ര ഹൈദരാബാദിലേക്ക് മാറ്റി
എം.എല്‍.എമാരെ ബി.ജെ.പി നേതാക്കള്‍ വിളിക്കുന്നത് റിക്കോര്‍ഡ് ചെയ്തു. കൂറുമാറ്റ പ്രേരണക്ക് തെളിവായി നാല് ഓഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് സാവകാശം വേണമെന്ന ബി.ജെ.പിയുടെ ഹരജി സുപ്രിം കോടതി തള്ളി. 15 ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന ഗവര്‍ണറുടെ തീരുമാനം സുപ്രിം കോടതി തിരുത്തി.
ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു. അധികാരമേറ്റ് 56 മണിക്കൂറില്‍ യദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് എം.എല്‍.എമാരായ പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നിവരെ കാണാതായി. പിന്നീട് വൈകീട്ടോടെ ഇരുവരും തിരിച്ചെത്തി.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് സഖ്യസര്‍ക്കാര്‍ അധികാരമേറ്റു.
ഓപ്പറേഷന്‍ താമര ശക്തമാക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ബി.ജെ.പി തുടങ്ങി. അധികാരമേറ്റ ഉടന്‍ തന്നെ സഖ്യസര്‍ക്കാരില്‍ അസ്വാരസ്യം ഉടലെടുത്തു.
മന്ത്രിസ്ഥാനം കിട്ടാത്ത എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറുമെന്ന് ഭീഷണി മുഴക്കി. മന്ത്രിസഭ വികസിപ്പിച്ചതോടെ വിമത നീക്കത്തിന് പരിഹാരമായി
ഇതിനിടയില്‍ സര്‍ക്കാരിനെതിരേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി രംഗത്തെത്തി.
കോണ്‍ഗ്രസുമായുള്ള സഖ്യം ബി.എസ്.പി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഏക എം.എല്‍.എ മഹേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്തായി
സ്വതന്ത്രരായ ശങ്കറും നാഗേഷും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബി.ജെ.പി പക്ഷത്തേക്ക് മാറി
2019 ഫെബ്രുവരിയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ജെ.ഡി.എസ് അംഗവും സഭാ നടപടികളില്‍ വിന്ന് വിട്ടുനിന്നതോടെ സര്‍ക്കാരില്‍ പ്രതിസന്ധി തുടങ്ങി
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വീണ്ടും വിമത നീക്കം ശക്തമായി. ഉമേഷ് ജാദവ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു.
രമേഷ് ജാര്‍ക്കിഹോളിയും കലാപവുമായി രംഗത്തെത്തി
മെയില്‍ 20 വിമതര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് യദ്യൂരപ്പ അറിയിച്ചു. ഇതിനിടയില്‍ ചില വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി.
ജൂലൈ ഒന്നിനും 10നും ഇടയില്‍ ആനന്ദ് സിങ്, രമേഷ് ജാര്‍ക്കി ഹോളി എന്നിവര്‍ രാജിവച്ചു. ജെ.ഡി.എസ് നേതാവുകൂടിയായ എ.എച്ച് വിശ്വനാഥിന്റെ നേതൃത്വത്തില്‍ 13 എം.എല്‍.എമാര്‍ രാജിവച്ചു. ഇവരില്‍ 11 പേര്‍ മുംബൈയിലേക്ക് മാറി. രാജിവച്ചവരില്‍ എട്ടുപേരുടെ രാജിക്കത്ത് ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ അറിയിച്ചു
ജൂലൈ 11 മുതല്‍ 23 വരെയുള്ള ദിവസങ്ങള്‍ നിര്‍ണായകമായി. വിമതരെ കാണാനെത്തിയ ഡി.കെ ശിവകുമാറിനെ പൊലിസ് തടഞ്ഞു. രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ സുപ്രിം കോടതിയില്‍. ഇതിനിടയില്‍ വീണ്ടും രാജിയുണ്ടായി. 16 എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിയതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
ഇതിനിടയില്‍ വിശ്വാസവോട്ടിന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത് സ്പീക്കര്‍ തള്ളി. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പിനുമേല്‍ ചര്‍ച്ച തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."