മാനസിക വെല്ലുവിളികളുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി
തിരുവനന്തപുരം: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാനാരുമില്ലാതെ വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും മാനസിക വെല്ലുവിളികള്‍ നേരിടുന്ന തടവുകാര്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ മോചനം സാധ്യമാക്കി പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പദ്ധതി ആവിഷ്‌കരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചു. അത്തരം തടവുകാരുടെ വ്യക്തിപരവും മാനസികാരോഗ്യപരവുമായ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയ ശേഷമായിരിക്കും പട്ടിക തയാറാക്കുക. പുനരധിവാസത്തിന് താല്‍പര്യമുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാര സമിതി രൂപീകരിക്കും. ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ്, ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടെയും കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജയില്‍ ആസ്ഥാനം, മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്. ജയിലുകളും മാനസികാരോഗ്യ കേന്ദ്രങ്ങളുമാണ് പുനരധിവസിപ്പിക്കാന്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കി ഈ സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നത്. പൂര്‍ണമായും രോഗം ഭേദമായവര്‍, മരുന്ന് കഴിച്ചാല്‍ നിയന്ത്രണത്തില്‍ വരുന്നവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചായിരിക്കും പട്ടിക തയാറാക്കുക. ഈ പട്ടിക വിദഗ്ധ സമിതി വിലയിരുത്തി അന്തിമ രൂപംനല്‍കും. ഇക്കാര്യം ഹൈക്കോടതി മുന്‍പാകെ കൊണ്ടുവന്ന ശേഷമായിരിക്കും പുനരധിവാസം സാധ്യമാക്കുക. 80 ഓളം പേരാണ് പ്രാഥമിക ലിസ്റ്റില്‍ വന്നിട്ടുള്ളത്.
2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേരളം ഇത്തരമൊരു നിലപാടെടുത്തത്. ഇന്ത്യയില്‍ ആദ്യമായി മാനസികാരോഗ്യ നിയമം നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. മാനസിക രോഗം കാരണം അറിഞ്ഞോ, അറിയാതെയോ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരാണ് ഇവരില്‍ അധികവും. മാനസിക രോഗമാണെന്നറിഞ്ഞ് ശിക്ഷയില്‍നിന്നു ഒഴിവാക്കിയവര്‍, റിമാന്റ് പ്രതികള്‍, വിചാരണ തടവുകാര്‍, ശിക്ഷിക്കപ്പെട്ടവര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഓര്‍ഡര്‍ പ്രകാരം ചികിത്സക്കായി അയച്ചവര്‍ എന്നിങ്ങനെയുള്ളവരാണ് വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ചെയ്ത കുറ്റങ്ങള്‍ക്ക് പരമാവധി ശിക്ഷ അനുഭവിച്ച് കഴിഞ്ഞവരാണ് ഇവരില്‍ ഏറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."