വീട്ടുമതില്‍ പൊളിച്ചത് ചോദ്യംചെയ്ത റിട്ട.അധ്യാപകനെ തല്ലിച്ചതച്ചു
എളവള്ളി(തൃശൂര്‍) : വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം ചെയ്തതിന് റിട്ട. അധ്യാപകനെ പത്തോളം പേര്‍ ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. എളവള്ളി സ്വദേശികളായ വടാശ്ശേരി വീട്ടില്‍ പ്രകാശന്‍(56), പ്രമോദ്(53), പ്രണവ്(23), അടിയാറ വീട്ടില്‍ രാജു(49), ഷാരൂണ്‍(19), അഭിജിത്ത്(23) എന്നിവരെ പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തത്.
എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണന്‍ (78) മാസ്റ്റര്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. അബോധാവസ്ഥയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞതിന് പുറമെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഓര്‍മ്മ പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ല. സംസാരിച്ചുകൊണ്ടിരിക്കെ വീണ്ടും ഓര്‍മ നഷ്ടപ്പെടുകയാണ്. സ്‌കാനിങ് കഴിഞ്ഞ് ഡോക്ടര്‍മാരുടെ പൂര്‍ണനിരീക്ഷണത്തിലാണുള്ളത്. ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ മതിലിന്റെ ഒരുഭാഗം ആരോ രാത്രിയില്‍ പൊളിച്ചിരുന്നു. അയല്‍വാസികളില്‍പെട്ട ചിലരാണ് പൊളിച്ചതെന്ന സംശയത്തില്‍ മതിലിനോടു ചേര്‍ന്ന് റോഡരികില്‍ നിന്നിരുന്ന ഒരു കൂട്ടം ആളുകളോട് ഇക്കാര്യം സുഗുണന്‍ ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്നു. ഇദ്ദേഹത്തെ പത്തോളം പേരടങ്ങുന്ന സംഘം മര്‍ദിക്കുന്നതും അടിച്ചു നിലത്തു വീഴ്ത്തുന്നതും സംഭവം കണ്ടുനിന്നവരിലൊരാള്‍ വീഡിയോ പകര്‍ത്തിയതോടെയാണ് പുറംലോകമറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."