വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍: സുരക്ഷാ പരിശോധന അന്തിമഘട്ടത്തില്‍
കൊച്ചി: ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമേ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനു തുറന്നുകൊടുക്കാനാകൂ എന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
നിലവിലെ ചട്ടപ്രകാരം നിഷ്‌കര്‍ഷിക്കുന്ന സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകള്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ ഉടന്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കും. ഇതിനായി അതിവേഗ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.
കിഫ്ബി ഫണ്ടുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കൊവിഡ് വ്യാപനത്തിനു നടുവിലും അതിവേഗം പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനു തുറന്നുകൊടുക്കാനാണ് ശ്രമിക്കുന്നത്.
ഇതു മനസ്സിലാക്കാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്.
പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിനു സാക്ഷ്യപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് മേല്‍പ്പാലങ്ങള്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."