സി.പി.എം ദേശാഭിമാനി പിടിച്ചെടുത്ത കഥ
സഹകരണസംഘം പിടിച്ചെടുക്കുന്നതിനെക്കുറിച്ചൊക്കെയേ നമ്മുടെ തലമുറ കേട്ടുകാണൂ. വോട്ടുകൂടുതലുള്ളവര്‍ക്ക് സഹകരണസംഘവും പാര്‍ട്ടിയുമൊക്കെ പിടിച്ചെടുക്കാം. പത്രം പിടിച്ചെടുക്കേണ്ട ആവശ്യം പൊതുവെ ഉണ്ടാകാറില്ല. ഉണ്ടായാല്‍ത്തന്നെ അതത്ര എളുപ്പവുമല്ല. കാരണം, പത്രത്തിന്റെ ഉടമസ്ഥതയ്‌ക്കൊക്കെ കൃത്യമായ രേഖകള്‍ കാണും. പിടിച്ചെടുത്താലും കോടതിയില്‍ പിടിച്ചുനില്‍ക്കാനാവില്ല. ഇങ്ങനെയൊക്കെയാണു സംഗതിയെങ്കിലും കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഒരു പത്രം പിടിച്ചെടുക്കലുണ്ടായിട്ടുണ്ട്. പത്രം 'ദേശാഭിമാനി'യാണ്.
ഇന്നത്തെ പ്രമുഖ പത്രങ്ങളിലൊന്നായ 'ദേശാഭിമാനി' അങ്ങനെയൊരു നടപടിയിലൂടെയാണ് സി.പി.എമ്മിന്റെ ഉടമസ്ഥതയിലെത്തുന്നത്. തമ്മില്‍ത്തല്ലോ അക്രമമോ ഒന്നും ഇല്ലാതെ തികച്ചും സമാധാനപരമായ പിടിച്ചടക്കല്‍ എന്നുകൂടി പറയണം.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് ഇറങ്ങിപ്പോന്നവരാണല്ലോ സി.പി.ഐ(മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ചത്. പാര്‍ട്ടിയുടേതായ സ്വത്തുക്കളൊന്നും വേറെ പാര്‍ട്ടി ഉണ്ടാക്കിയവര്‍ക്ക് കിട്ടില്ല. 'ദേശാഭിമാനി' കോഴിക്കോട്ടും 'നവജീവന്‍' തൃശ്ശൂരിലും 'ജനയുഗം' കൊല്ലത്തും ആണ് അന്നു പാര്‍ട്ടി ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവയ്ക്കു പുറമെ താത്വികപ്രസിദ്ധീകരണമായ 'നവയുഗ'വും ഉണ്ട്. അതും ഔദ്യോഗികപക്ഷത്താണു നിലയുറപ്പിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് സി.പി.എം പക്ഷം വളരെ ബുദ്ധിപൂര്‍വവും നാടകീയവുമായ നീക്കങ്ങളിലൂടെ 'ദേശാഭിമാനി' പിടിച്ചെടുത്തത്്. 1942 മുതല്‍ സി.പി.ഐയുടെ മുഖപത്രമാണ് 'ദേശാഭിമാനി'. പാര്‍ട്ടിയിലെ ബുദ്ധിജീവികളും ബുദ്ധിമാന്മാരും ഏറെ ഔദ്യോഗികപക്ഷത്തായിരുന്നു എന്നാണ് പൊതുധാരണ. പക്ഷേ, ഇടതുനീക്കത്തെ അവര്‍ക്ക്് മുന്‍കൂട്ടിക്കാണാനോ നേരിടാനോ കഴിഞ്ഞില്ല.
അന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസും 'ദേശാഭിമാനി' പത്രവും കോഴിക്കോട്ട് ഒരേ കെട്ടിടത്തിലായിരുന്നു. പാര്‍ട്ടി ഓഫിസുകള്‍ പിടിച്ചെടുക്കാന്‍ ഇരുപക്ഷവും ആഞ്ഞുശ്രമിച്ചിരുന്നെങ്കിലും പലേടത്തും ഇരുപക്ഷത്തെയും സംസ്ഥാനനേതാക്കള്‍ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കിയിരുന്നു. കോഴിക്കോട്ട് അവിഭക്തപാര്‍ട്ടി ജില്ലാകൗണ്‍സില്‍ യോഗം വിളിച്ച് ഭൂരിപക്ഷം നോക്കിയപ്പോള്‍ ഇടതുപക്ഷമാണ് മുന്നിലെത്തിയത്. അതോടെ ഒരേ കെട്ടിടത്തിലെ പാര്‍ട്ടി ഓഫിസ് ഒരു പക്ഷത്തും 'ദേശാഭിമാനി' മറുപക്ഷത്തുമായി. തുടര്‍ന്നാണ് പത്രം പിടിച്ചെടുക്കാനുള്ള രഹസ്യനീക്കങ്ങള്‍ ആരംഭിച്ചത്. പത്രപ്രവര്‍ത്തകര്‍ക്കൊന്നും അതില്‍ വലിയ പങ്കുണ്ടായിരുന്നില്ലെന്നത് സ്വാഭാവികം മാത്രം. പില്‍ക്കാലത്ത് സി.പി.എമ്മില്‍നിന്ന് അകന്നുപോയ രണ്ടു നേതാക്കളാണ് അന്നു പിടിച്ചെടുക്കലിനു നേതൃത്വം നല്‍കിയത്-ചാത്തുണ്ണി മാസ്റ്ററും കെ.പി.ആര്‍ ഗോപാലനും.
പത്രാധിപസമിതിയില്‍ മിക്കവാറുമാളുകള്‍ ഔദ്യോഗികപക്ഷക്കാരായിരുന്നു. പത്രം ഉടമസ്ഥത ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്സിന്റെ പേരിലായിരുന്നു. പത്രം സംസ്ഥാനസെക്രട്ടറി എം.എന്‍ ഗോവിന്ദന്‍നായരുടെ പേരിലേക്കു മാറ്റണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പിളര്‍പ്പ് മുന്നില്‍ കണ്ടു മറുപക്ഷം നടപടിയൊന്നുമെടുത്തിരുന്നില്ല. ഇടതുപക്ഷത്തുള്ള കെ.പി.ആര്‍ ഗോപാലനെ പത്രത്തിന്റെ മാനേജിങ് ഡയരക്ടറായി ഇ.എം.എസ് നിയോഗിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ യാഥാര്‍ഥ്യമാണെങ്കിലും 'ദേശാഭിമാനി' ഇടതുപക്ഷം പിടിച്ചെടുക്കുമെന്ന പേടിയേ തങ്ങള്‍ക്കില്ല എന്ന മട്ടിലായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ പെരുമാറ്റം. അവര്‍ സാധാരണ പോലെ ഡെസ്‌കില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. താനാണ് മാനേജിങ് ഡയരക്ടരെന്ന് അവകാശപ്പെട്ട് കെ.പി.ആര്‍ ഗോപാലന്‍ വന്നപ്പോള്‍ ഡെസ്‌കില്‍ ഉണ്ടായിരുന്നവര്‍ അദ്ദേഹത്തെ തമാശയാക്കി തിരിച്ചയക്കുകയും ചെയ്തിരുന്നു. അതും കഴിഞ്ഞ് ഏതാനും ദിവസത്തിനകമാണ് സി.പി.എം പക്ഷം പത്രം കൈവശപ്പെടുത്തിയത്.
1963 മെയ് 23നാണ് സംഭവം. വലിയ ബഹളമോ ഉന്തുംതള്ളോ കൂടാതെ, സി.പി.എം പക്ഷത്തിന് ആസൂത്രണം ചെയ്ത പദ്ധതി വിജയിപ്പിക്കാനായി. മാനേജര്‍ എം. ഗോവിന്ദന്‍കുട്ടി പറയുന്നതാണു തൊഴിലാളികള്‍ അനുസരിച്ചത്. സി.പി.എം പക്ഷക്കാരായ പത്രപ്രവര്‍ത്തകര്‍ പ്രസ്സിലെ മറ്റൊരു മുറിയിലിരുന്ന് പത്രത്തിനുള്ള മാറ്റര്‍ തയാറാക്കിക്കൊടുത്തു. പ്രിന്റിങ്, കമ്പോസിങ് വിഭാഗക്കാരുടെ യോഗം ചാത്തുണ്ണി മാസ്റ്റര്‍ വിളിച്ചുകൂട്ടി എല്ലാവരെയും വേണ്ടതുചെയ്യാന്‍ ചട്ടം കെട്ടിയിരുന്നു. രാത്രി ഔദ്യോഗികപക്ഷക്കാര്‍ വരികയും പരാതിപ്പെടുകയും ചെയ്‌തെങ്കിലും ഒന്നും ഫലവത്തായില്ല. പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ വന്നുനോക്കുമ്പോള്‍ അവിടെ കുഴപ്പമൊന്നുമില്ല. പിന്നെ പൊലിസ് പത്രം കെട്ടാനും അയക്കാനുമെല്ലാം സംരക്ഷണം നല്‍കുകയാണ് ചെയ്തത്.
വിചിത്രമായ ഒരു പത്രമാണ് പിറ്റേന്നു പുറത്തിറങ്ങിയത്. നേരത്തെ തയാറാക്കിയ അകംപേജുകളില്‍ സി.പി.എമ്മുകാരെ പിളര്‍പ്പന്മാരെന്നാണു വിശേഷിപ്പിച്ചിരുന്നത്. പിന്നീടു തയാറാക്കിയ പുറംപേജുകളിലാവട്ടെ ഔദ്യോഗികപക്ഷക്കാരെയാണു പിളര്‍പ്പന്മാരെന്നും ഡാങ്കേയിസ്റ്റുകള്‍ എന്നും വിശേഷിപ്പിച്ചിരുന്നത്. സ്വാഭാവികമായും പിറ്റേന്നത്തെ പത്രത്തിനു നാടെങ്ങും പിടിയും വലിയുമായിരുന്നു.
പത്രം പുതിയ ഉടമസ്ഥരിലേക്കു കൈമാറ്റം ചെയ്തതിനെക്കുറിച്ച്് അക്കാലത്ത് ജീവിച്ച പല നേതാക്കളും ആത്മകഥകളിലും മറ്റും ധാരാളമായി എഴുതിയിട്ടുണ്ട്. പക്ഷേ, അന്നു സംഭവങ്ങള്‍ക്കെല്ലാം സാക്ഷ്യംവഹിച്ച പത്രപ്രവര്‍ത്തകര്‍ അധികമൊന്നും എഴുതിയിട്ടില്ല. എഴുതിയവരില്‍ ഒരാള്‍ അന്ന് അവിടെ സബ് എഡിറ്ററും പില്‍ക്കാലത്ത് പത്രപ്രവര്‍ത്തകയൂനിയന്‍ നേതാവുമായിരുന്ന മലപ്പുറം പി. മൂസയാണ്. 'സുഖം തേടിയുള്ള യാത്ര' എന്ന ആത്മകഥയില്‍ ഈ സംഭവങ്ങള്‍ അദ്ദേഹം വിസ്തരിച്ചിട്ടുണ്ട്. 'യഥാര്‍ഥ നായകന്‍' എന്ന തലക്കെട്ടില്‍ എഴുതിയ ഒരധ്യായത്തില്‍ അദ്ദേഹം പറയുന്നത് ഈ കൈമാറ്റം വിജയകരമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചത് അഴീക്കോടന്‍ രാഘവനാണെന്നാണ്. അദ്ദേഹം സംസ്ഥാനകമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. മറുപക്ഷത്താണ് താനെന്നു പ്രഖ്യാപിച്ച ശേഷവും അദ്ദേഹം കുറെ ദിവസം ഓഫിസില്‍ വന്നത് എന്തിനെന്നുപലരും സംശയിച്ചിരുന്നു. രാഘവന്‍ വന്നതു സുപ്രധാനമായ ഒരു രേഖ കൈവശപ്പെടുത്താനായിരുന്നു. അത് അദ്ദേഹം സാധിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍ ഏറ്റവും നിര്‍ണായകമായത് ഈ രേഖയാണ്.
എന്തായിരുന്നു ആ രേഖ?
പത്രത്തിന്റെ ഉടമസ്ഥത ഇ.എം.എസിന്റെ പേരിലായിരുന്നുവെന്നു പറഞ്ഞല്ലോ. അന്നത്തെ ചീഫ് എഡിറ്റര്‍ വി.ടി ഇന്ദുചൂഡന്‍ പത്രം ചീഫ് എഡിറ്ററുടെ പേരിലാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഇ.എം.എസിനു കത്തയച്ചിരുന്നു, ഇ.എം.എസ് അതു സംസ്ഥാനക്കമ്മിറ്റിക്ക് അയച്ചുകൊടുത്തു. ഉടമസ്ഥത ഇ.എം.എസിനാണ് എന്ന് ഔദ്യോഗികപക്ഷക്കാരനായ ചീഫ് എഡിറ്റര്‍ തന്നെ സമ്മതിക്കുന്ന രേഖ എന്ന നിലയിലാണ് ഇതിനു നിയമപരമായ പ്രാധാന്യം ലഭിച്ചത്. കത്തു പൊക്കിയത് അഴീക്കോടന്‍ രാഘവനാണെന്ന് പിന്നീട് എല്ലാവര്‍ക്കും മനസിലായി. ഈ രേഖ ഇല്ലായിരുന്നുവെങ്കില്‍ പിടിച്ചെടുക്കല്‍ പരാജയപ്പെടുമായിരുന്നു എന്നാണ് മലപ്പുറം പി. മൂസ കരുതുന്നത്. ഉടമസ്ഥത ഇ.എം.എസില്‍നിന്ന് അന്ന് സംസ്ഥാനസെക്രട്ടറിയായ എം.എന്‍ ഗോവിന്ദന്‍ നായരിലേക്ക് മാറ്റാന്‍ കത്തിടപാടുകളും ചര്‍ച്ചയും നടന്നിരുന്നെങ്കിലും അത് നീണ്ടുപോകുകയായിരുന്നു. എന്തായാലും കോടതിയില്‍ സി.പി.ഐ പക്ഷം ഒരു കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും തള്ളിപ്പോയി.
ദൂരെ തിരുവനന്തപുരത്താണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഔദ്യോഗികപക്ഷത്തെ പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന പവനനും ആ ദിവസത്തെ സംഭവങ്ങള്‍ മുഴുവന്‍സമയം വീക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ പവനന്‍ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. സി.പി.എമ്മുകാര്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിന് അവസാനം വരെ ഉണ്ടായിരുന്നത്. ധാര്‍മികരോഷം മൂത്ത്, പത്രം എന്തുവില കൊടുത്തും തിരിച്ചുപിടിക്കണമെന്ന് അന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ഒരു കാര്യം അദ്ദേഹം പില്‍ക്കാലത്ത് സമ്മതിച്ചു. അര്‍ഹിക്കുന്ന കൈകളില്‍ തന്നെയാണ് പത്രം എത്തിച്ചേര്‍ന്നത്. സകല സൗകര്യങ്ങളുമുള്ള ഒരു ആധുനിക പത്രമായി 'ദേശാഭിമാനി' മാറിയത് സി.പി.എം അതിന്റെ സംഘടനാപരമായ കഴിവ് ഉപയോഗപ്പെടുത്തിയതുകൊണ്ടാണ്. സി.പി.ഐ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ.
അതു സത്യം തന്നെ എന്നു സി.പി.ഐക്കാരും സമ്മതിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."