ഗവര്‍ണര്‍ വഴങ്ങി സഭ 31ന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഒടുവില്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം നടത്താനുള്ള സര്‍ക്കാരിന്റെ ആവശ്യത്തിന് അനുമതി നല്‍കി. ഈ മാസം 31ന് ഒരു മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
നേരത്തെ 23ന് പ്രത്യേക സമ്മേളനം നടത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളിയിരുന്നു. കഴിഞ്ഞ 21ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി തേടിയത്. അടിയന്തിര സാഹചര്യം എന്താണെന്നു ചോദിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഫയല്‍ തിരിച്ചയച്ചു. അടിയന്തിര സാഹചര്യമുണ്ടെന്നും അതിനാല്‍ സഭാസമ്മേളനം നടത്താന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഫയലയച്ചു. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തനാകാതെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
അടിയന്തരമായി സഭ ചേരുന്നതിന്റെ കാരണം ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിച്ചില്ലെന്നു പറഞ്ഞായിരുന്നു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്ക് വിഷയമെത്തി. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തു നല്‍കുകയും ബജറ്റ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതിനു പിന്നാലെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു മറുപടി നല്‍കി. എന്തുകൊണ്ട് അനുമതി നിഷേധിച്ചെന്ന് അക്കമിട്ടു വിശദീകരിച്ചായിരുന്നു ഗവര്‍ണറുടെ മറുപടി.
ഇതില്‍ പ്രകോപിതമായ മന്ത്രിസഭ പ്രത്യേക സമ്മേളനം നടത്തണമെന്ന തീരുമാനത്തിലെത്തുകയും ഈ മാസം 31ന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ ബാലനും കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യം അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്നു കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും കത്തു നല്‍കി. ഇതോടെയാണ് ഗവര്‍ണര്‍ അയഞ്ഞത്.
അടിയന്തിരമായി സഭ ചേരുന്നതിന്റെ പ്രാധാന്യം ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു എന്നാണ് വിവരം. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കാര്‍ഷിക നിയമങ്ങള്‍ കേരളത്തെ എങ്ങനെ ബാധിക്കുമെന്നതടക്കമുളള കാര്യങ്ങള്‍ ഗവര്‍ണറെ സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തി. മന്ത്രിമാര്‍ ക്രിസ്മസ് കേക്കുമായി ചെന്നാണ് ഗവര്‍ണറെ സമവായത്തിന്റെ പാതയിലേക്കെത്തിച്ചത്. 31ന് രാവിലെ ഒന്‍പതു മുതല്‍ 10 വരെ ചേരുന്ന സഭ കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷം തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ എതിര്‍ക്കാനാണ് സാധ്യത. അതിനാല്‍ ഏകണ്ഠമായി പ്രമേയം പാസാക്കാനാവില്ല. അതിനിടെ കേന്ദ്ര നിയമത്തിനു ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിന്റെ കരട് തയാറാക്കാന്‍ ഇന്നലെ കൃഷി, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ബദല്‍ നിയമം ജനുവരിയില്‍ ചേരുന്ന സഭയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."