സി.പി.എം - സി.പി.ഐ ബന്ധം പ്രതിസന്ധിയിലേക്ക്; വര്‍ഗശത്രുക്കളെ പാര്‍ട്ടിക്ക് അറിയില്ലെന്ന് വിമതര്‍
കൊച്ചി: ഭരണത്തിലെത്തി രണ്ടുമാസം തികയുമ്പോള്‍ ഇടതുചേരിയില്‍ സി.പി.എം - സി.പി.ഐ ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്നലെ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എറണാകുളത്ത് പാര്‍ട്ടിയില്‍നിന്നു നീക്കം ചെയ്തവര്‍ കഴിഞ്ഞദിവസം സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാകാന്‍ ഇടയാക്കിയത്. വര്‍ഗശത്രുക്കളെ പാര്‍ട്ടിയിലെടുത്തെന്ന ആക്ഷേപമാണ് സി.പി.ഐക്കെതിരേ സി.പി.എം ആരോപിച്ചത്. പ്രാദേശികമായി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സംസ്ഥാനതലത്തിലേക്കും നീങ്ങുകയാണ്. നേരത്തെ സി.പി.എം മന്ത്രിമാര്‍ ഓരോരുത്തരായി വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ സി.പി.ഐ തങ്ങളുടെ മന്ത്രിമാരെ കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.
ഭരണം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നതിനെതിരേ സി.പി.ഐ മന്ത്രിമാര്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയതും നില വഷളാക്കിയിരുന്നു. ഇപ്പോള്‍ സി.പി.എം വിട്ടുവരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടുകൂടി സി.പി.ഐ എടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്ക് വര്‍ഗശത്രുക്കളെ തിരിച്ചറിയാനുളള കഴിവ് കാലങ്ങളായി നഷ്ടപ്പെട്ടതായി കൂടുവിട്ടവരും തിരിച്ചടിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം എല്ലാം ശരിയാക്കാമെന്നു പിണറായി നേരിട്ട് എത്തിയാണ് എറണാകുളത്തെ വിമതനേതാക്കള്‍ക്ക് ഉറപ്പു നല്‍കിയത്.
ഉറപ്പിന്‍മേല്‍ എം.സ്വരാജിനുവേണ്ടി വിമതര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അതുവരെ കൃഷ്ണപിള്ള സ്മാരക സമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന വിമതര്‍ പിണറായിയുടെ ഉറപ്പില്‍ പാര്‍ട്ടി ഫോറത്തിന്റെ കീഴില്‍തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഭരണം കിട്ടി രണ്ടു മാസമായിട്ടും പ്രശ്‌നപരിഹാരമാകാതിരുന്നതാണ് വിമതര്‍ക്ക് ഒന്നടങ്കം പാര്‍ട്ടി വിടേണ്ടിവന്നത്.
ഒരു പതിറ്റാണ്ടായി പാര്‍ട്ടിയുടെ നിലപാടുകളില്‍ അസംതൃപ്തരായി കഴിഞ്ഞിരുന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇന്നലെ ഇറക്കിയ വാര്‍ത്താക്കുറിപ്പാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. സി.പി.ഐ സംസ്ഥാന നേതൃത്വത്തെ ശക്തമായ ഭാഷയിലാണ് സി.പി.എം ജില്ലാ കമ്മിറ്റി ആക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍നിന്നു മാത്രമായി ആയിരത്തോളം സി.പി.എം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ ഇടതുചേരിയില്‍ തുടരുകയെന്ന തീരുമാനത്തിലുറച്ച് സി.പി.ഐയില്‍ അംഗത്വം എടുക്കുകയും ചെയ്തു. വ്യവസായ ജില്ലയില്‍ ഇത്രയധികം പ്രവര്‍ത്തകരെ ലഭിച്ച ആവേശത്തില്‍ സി.പി.ഐ ആകട്ടെ അംഗത്വ വിതരണം ആഘോഷമാക്കുകയും ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടെത്തിയാണ് കൂടുവിട്ടുവന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഇതില്‍ ക്ഷുഭിതരായ സി.പി.എം ജില്ലാ നേതൃത്വമാണ് ഇന്നലെ ശക്തമായി പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നും അസംതൃപ്തരുടെ അടിയൊഴുക്ക് ശക്തമാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പാര്‍ട്ടി പ്രതിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. ആലപ്പുഴയിലും കൊല്ലത്തും പോര് രൂക്ഷമായി കഴിഞ്ഞു. വരും ദിനങ്ങളില്‍ ഇത് ശക്തിപ്രാപിക്കുമെന്നാണ് അറിയുന്നത്. ആലപ്പുഴയില്‍ സിറ്റിങ് എം.എല്‍.എ പ്രതിഭാഹരിയെ തരംതാഴ്ത്തി സി.കെ.സദാശിവനും സി.എസ്.സുജാതയും അടങ്ങിയ വി.എസ് ടീം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നേരത്തെ സി.പി.എം വിട്ട ടി.ജെ.ആഞ്ചലോസ് അടക്കമുള്ളനേതാക്കള്‍ ഇപ്പോള്‍ സി.പി.ഐയുടെ സംസ്ഥാനതല നേതാക്കളായി മാറിയ സാഹചര്യമാണ് വിമതര്‍ക്ക് നിരുപാധികം സി.പി.ഐയില്‍ ചേരാന്‍ പ്രചോദനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."