വിടപറഞ്ഞത് കായിക രംഗത്തെ നിറസാന്നിധ്യം
കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന കക്കാട്ടെ പന്ന്യന്‍ ഭരതന് അന്ത്യാഞ്ജലി. കോര്‍ജാന്‍ എലിമെന്ററി സ്‌കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി പാസായ ശേഷം ബീഡി തെറുപ്പിലൂടെ ജീവിതം തുടങ്ങി. 1949 മുതല്‍ കണ്ണൂരില്‍ പി.വി.എസ് കമ്പനിയില്‍ തൊഴിലാളിയായി.
ഇതിനിടയില്‍ തന്നെ തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി. 1961ല്‍ കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗമായി. പിന്നീട് സി.പി.ഐ താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1965ല്‍ ബാങ്ക് ദേശസാല്‍കരണം ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ സമരത്തില്‍ പങ്കെടുത്ത് 40 ദിവസം ജയില്‍വാസം അനുഭവിച്ചു.
പഠനകാലം മുതല്‍ ഫുട്‌ബോളിനോടായിരുന്ന താല്‍പര്യം. പിന്നീട് ഇന്ത്യയിലെ തന്നെ വിഖ്യാതമായ യുനൈറ്റഡ് ബ്രദേഴ്‌സ് ക്ലബിന്റെ മുന്‍നിരക്കാരിലൊരാളായും സെക്രട്ടറിയായും മാറിയ ഭരതേട്ടന്റെ നേതൃത്വത്തിലാണ് കുറേവര്‍ഷം കമ്പേത്ത് കുഞ്ഞിരാമന്‍ സ്മാരക അഖില മലബാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടത്. ദേശീയതലത്തിലേക്ക് നിരവധി കളിക്കാരെ സംഭാവന ചെയ്ത കണ്ണൂര്‍ ലക്കിസ്റ്റാര്‍ ക്ലബിന്റെ വൈസ് പ്രസിഡന്റുമായി. നല്ലൊരു കളിയെഴുത്തുകാരന്‍ കൂടിയായിരുന്നു പന്ന്യന്‍ ഭരതന്‍. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് 1967 ഫെബ്രുവരി 20ന് നവജീവന്‍ പത്രത്തിന്റെ കണ്ണൂര്‍ പ്രതിനിധിയായി പ്രവര്‍ത്തനം തുടങ്ങിയത്.
കെ.കെ വാര്യര്‍, ഇ.പി ഗോപാലന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം. 1970ല്‍ ജനയുഗം കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ കണ്ണൂര്‍ ലേഖകനായി. 27 വര്‍ഷക്കാലം പത്രപ്രവര്‍ത്തന മേഖലയിലും തന്റെ സാന്നിധ്യമറിയിച്ച ഭരതേട്ടന്‍ 1994 ജനുവരി 31 വരെ ജനയുഗത്തിന്റെ കണ്ണൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അവരുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."