പ്രകൃതി ചികിത്സയുടെ പേരില്‍ വഞ്ചിച്ചതായി പരാതി
കണ്ണൂര്‍: പ്രകൃതി ചികിത്സ നടത്താമെന്ന് വാഗ്ദാനം ചെയ്ത് ആശുപത്രി വഞ്ചിച്ചതായി വനിതാകമ്മിഷന് പരാതി. വയക്കര എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആശുപത്രിക്കും ഡോക്ടര്ക്കുമെതിരേയാണ് അരവഞ്ചാല്‍ സ്വദേശിനി പരാതി നല്‍കിയത്. ചികിത്സയെ തുടര്‍ന്ന് കാഴ്ച പോയതായും ഡോക്ടര്‍ വിദേശത്ത് പോയതിനാല്‍ തുടര്‍ ചികിത്സകള്‍ ഒന്നും നടന്നില്ലെന്നും പരാതിയില്‍ പറയുന്നു. കണ്‍സ്യൂമര്‍ കോടതിയിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് അടുത്ത സിറ്റിങില്‍ ഹാജരാകാന്‍ കമ്മിഷന് നിര്‍ദേശം നല്കി.
കലക്ടറേറ്റില്‍ നടന്ന വനിതാകമ്മിഷന് സിറ്റിങില്‍ 52 കേസുകള്‍ പരിഗണിച്ചതില്‍ 27 എണ്ണത്തില്‍ തീര്‍പ്പായി. രണ്ടു കേസുകളില്‍ പൊലിസിനോട് റിപ്പോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളും അയല്പക്ക പ്രശ്നങ്ങളുമാണ് പരാതികളില്‍ ഏറെയും. ആവശ്യത്തിന് ഭക്ഷണം നല്‍കാതെ മരുമകള്‍ അവഗണിക്കുകയാണെന്നും മകന് സംരക്ഷിക്കുന്നില്ലെന്നുമുള്ള 73കാരിയുടെ പരാതി തുടര്‍നടപടിക്കായി ആര്.ഡി.ഒയ്ക്ക് കൈമാറി. എച്ച്.ഐ.വി ബാധിതനായ അധ്യാപകന് വിവാഹം ചെയ്ത് വഞ്ചിച്ചുവെന്ന് കാണിച്ച് കമ്മിഷനെ സമീപിച്ച യുവതിയുടെ പരാതി പൊലിസിന് കൈമാറി. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് വഞ്ചിച്ചയാള്ക്കെതിരേ ഗര്‍ഭിണിയായ യുവതി നല്കിയ പരാതി നിയമനടപടികള്‍ക്കായി കൈമാറി. സിറ്റിങില്‍ കമ്മിഷന് അംഗം ഷിജി ശിവജി, അഭിഭാഷകരായ വിമലകുമാരി, പ്രജിത്ത്, ശ്രീജ, സിവില്‍ പൊലിസുകാരായ സ്മിത, അനിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."