ചുഴലിക്കാറ്റ്: ബോട്ടുകള്‍ തിരിച്ചെത്തി
കൊടുങ്ങല്ലൂര്‍: ചുഴലിക്കാറ്റിന്റെ ഭീതിയില്‍ കടലൊഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് കടല്‍ക്ഷോഭം ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുനമ്പം ഹാര്‍ബറില്‍ നിന്നും പോയ നാനൂറ്റി അന്‍പത് ബോട്ടുകളില്‍ അഞ്ചെണ്ണം ഒഴികെ മറ്റുള്ളവയെല്ലാം കരകയറി.
അഞ്ച് ബോട്ടുകള്‍ കന്യാകുമാരിക്ക് സമീപം കുളച്ചില്‍ ഭാഗത്ത് കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമയി അഴീക്കോട് കോസ്റ്റല്‍ പൊലിസും ഫിഷറീസ് വകുപ്പും കടലോര ജാഗ്രതാ സമിതിയും മത്സ്യതൊഴിലാളികള്‍ക്ക് ഫോണ്‍ മുഖേനയും വയര്‍ലെസ് വഴിയും മുന്നറിയിപ്പ് നല്‍കി. ചെറു വഞ്ചികള്‍ പോലും കടലില്‍ ഇറക്കാതെ തീരദേശം മുഴുവന്‍ ജാഗ്രതയിലായിരുന്നു. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇ.ടി ടൈസണ്‍ എം.എല്‍.എ അഴീക്കോടും മറ്റു തീര പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഓഖിയുടെയും, പ്രളയത്തിന്റെയും പേടിപ്പെടുത്തുന്ന ഓര്‍മയില്‍ കടലോരത്തിനും കായലോരത്തിനും രണ്ടു നാളായി ഉറക്കം നഷ്ടപ്പെട്ടിട്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പല കുടുംബങ്ങളും അടിയന്തര സാഹചര്യങ്ങളില്‍ വീടൊഴിയാനുള്ള തയാറെടുപ്പിലാണ്. ആവശ്യസാധനങ്ങള്‍ തയാറാക്കി സുരക്ഷിത സ്ഥാനം തേടാനുള്ള ഒരുക്കത്തിലാണ് തീരദേശവാസികള്‍.
പ്രളയത്തിലും, ഓഖിയിലും സര്‍വവും നഷ്ടപ്പെട്ടവര്‍ ഇനിയൊരു ദുരന്തത്തെ കൂടി നേരിടേണ്ടി വരുമെന്ന ഭീതിയില്‍ കഴിച്ചുകൂട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."